ആടിയുലഞ്ഞ് വിപണി; സൂചികകൾ ഇടിഞ്ഞത് 1%
- ഡോളറിനെതിരെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിൽ
- ഇന്ത്യ വിക്സ് 2.24 ശതമാനം ഉയർന്ന് 14.59-ൽ എത്തി
- നിഫ്റ്റി ഓട്ടോ സൂചിക 2 ശതമാനം താഴ്ന്നു
ഏറെ ചാഞ്ചാട്ടം നിറഞ്ഞ വ്യാപാരത്തിനൊടുവില്‍ ആഭ്യന്തര വിപണി ഒരു ശതമാനം ഇടിവ് രേഖപ്പെടുത്തി. നേട്ടത്തോടെ വ്യാപാരം ആരംഭിച്ച വിപണി ഉച്ചകഴിഞ്ഞാണ് ഇടിവിലേക്ക് നീങ്ങിയത്. ഓട്ടോ, എഫ്എംസിജി ഓഹരികളിലെ കുത്തനെയുള്ള ഇടിവ് വിപണിയെ തളർത്തി. നിരന്തരമായി തുടരുന്ന വിദേശ നിക്ഷേപകരുടെ വില്പനയും സൂചികകളെ നഷ്ടത്തിലേക്ക് നയിച്ചു.
സെൻസെക്‌സ് 820.97 പോയിൻ്റ് അഥവാ 1.03 ശതമാനം ഇടിഞ്ഞ് 78,675.18 ൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേയിൽ സൂചിക 948.31 പോയിൻ്റ് അഥവാ 1.19 ശതമാനം ഇടിഞ്ഞ് 78,547.84 വരെ താഴ്ന്നിരുന്നു. തുടർച്ചയായി മൂന്നാം ദിനവും ഇടിവ് രേഖപ്പെടുത്തിയ നിഫ്റ്റി 257.85 പോയിൻ്റ് അഥവാ 1.07 ശതമാനം ഇടിഞ്ഞ് 23,883.45ൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ എൻടിപിസി, ഏഷ്യൻ പെയിൻ്റ്‌സ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, മാരുതി, പവർ ഗ്രിഡ് എന്നീ ഓഹരികൾ ഇടിഞ്ഞു. സൺ ഫാർമ, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക് ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
മിഡ്, സ്‌മോൾ ക്യാപ് സൂചികകൾ യഥാക്രമം 1 ശതമാനവും 1.3 ശതമാനവും ഇടിഞ്ഞു. വിപണിയിലെ ചാഞ്ചാട്ടം അളക്കുന്ന സൂചികയായ ഇന്ത്യ വിക്സ് 2.24 ശതമാനം ഉയർന്ന് 14.59-ൽ എത്തി.
ടാറ്റ മോട്ടോഴ്‌സ്, എം ആൻഡ് എം, മാരുതി സുസുക്കി, ബജാജ് ഓട്ടോ എന്നിവ ഇടിഞ്ഞതിനാൽ നിഫ്റ്റി ഓട്ടോ ഏകദേശം 2 ശതമാനം താഴ്ന്നു. ബ്രിട്ടാനിയ ഇൻഡസ്‌ട്രീസ്, നെസ്‌ലെ, എച്ച്‌യുഎൽ എന്നിവ സൂചികയിൽ നഷ്ടം നൽകിയതോടെ എഫ്എംസിജി സൂചികയും ഇടിഞ്ഞു. നിഫ്റ്റി ബാങ്ക്, എനർജി, ഇൻഫ്രാ, മെറ്റൽ, പിഎസ്‌യു ബാങ്ക് സൂചികകളും ഒരു ശതമാനത്തിലധികം ഇടിഞ്ഞു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 2,306.88 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐകൾ) 2,026.63 കോടി രൂപയുടെ ഓഹരികൾ നിക്ഷേപിച്ചതായി എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഇടിവ് തുടരുന്നു. തിങ്കളാഴ്ച യുഎസ് വിപണികൾ അവസാനിച്ചത് നേട്ടത്തിലാണ്.
ബ്രെൻ്റ് ക്രൂഡ് 0.56 ശതമാനം ഉയർന്ന് ബാരലിന് 72.23 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.57 ശതമാനം താഴ്ന്ന് 2602 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 84.39 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.