ചാഞ്ചാട്ടത്തിനൊടുവിൽ ചുവപ്പണിഞ്ഞ് വിപണി

  • വ്യാപാരത്തിൽ ഉടനീളം വിപണിയിൽ ചാഞ്ചാട്ടം ദൃശ്യമായിരുന്നു
  • നിഫ്റ്റി എഫ്എംസിജി, എനർജി സൂചികകൾ 0.6 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി
  • ഓഗസ്റ്റിലെ റീട്ടെയിൽ പണപ്പെരുപ്പം 3.65 ശതമാനമായി തുടർന്നു

Update: 2024-09-13 12:15 GMT

ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. വ്യാപാരത്തിൽ ഉടനീളം വിപണിയിൽ ചാഞ്ചാട്ടം ദൃശ്യമായിരുന്നു. ഉയർന്നു വന്ന ലാഭമെടുപ്പായിരുന്നു  വിപണിയെ വലച്ചത്. സെൻസെക്സ് 71.77 പോയിൻ്റ് ഇടിഞ്ഞ് 82,890.94 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി 32.40 പോയിൻ്റ് ഇടിഞ്ഞ് 25,356.50 ലെത്തി. ഈ ആഴ്‌ചയിൽ നിഫ്റ്റി 2 ശതമാനം ഉയർന്നു.

സെൻസെക്സിൽ അദാനി പോർട്‌സ്, ഐടിസി, ഭാരതി എയർടെൽ, എൻടിപിസി, മാരുതി, ഏഷ്യൻ പെയിൻ്റ്‌സ്, സൺ ഫാർമ, പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ലാർസൺ ആൻഡ് ടൂബ്രോ ഓഹരികൾ ഇടിഞ്ഞു.

ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ സ്റ്റീൽ, ആക്സിസ് ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി എഫ്എംസിജി, എനർജി സൂചികകൾ 0.6 ശതമാനം വീതം ഇടിവ് രേഖപ്പെടുത്തി. നിഫ്റ്റി ഐടി, മീഡിയ, മെറ്റൽ, റിയാലിറ്റി, പിഎസ്‌യു ബാങ്ക് എന്നിവ അര ശതമാനം മുതൽ ഒന്നര ശതമാനം വരെ ഉയർന്നു.

നിഫ്റ്റി മിഡ്‌ക്യാപ് സൂചിക 60,000 കടന്നപ്പോൾ നിഫ്റ്റി സ്‌മോൾക്യാപ് സൂചിക ഒരു ശതമാനം ഉയർന്ന 52 ആഴ്‌ചയിലെ ഉയർന്ന നിലയിലെത്തി.

പച്ചക്കറികളുടെയും പയറുവർഗങ്ങളുടെ വില ഇരട്ട അക്കത്തിൽ വർധിച്ചെങ്കിലും ഓഗസ്റ്റിലെ റീട്ടെയിൽ പണപ്പെരുപ്പം 3.65 ശതമാനമായി തുടർന്നു.

തുടർച്ചയായ രണ്ടാം മാസവും സിപിഐ അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം റിസർവ് ബാങ്കിൻ്റെ ശരാശരി ലക്ഷ്യമായ 4 ശതമാനത്തിന് താഴെയാണ്. ജൂലൈയിൽ അഞ്ച് വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.6 ശതമാനത്തിലായിരുന്നു. 

ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഷാങ്ഹായും താഴ്ന്നപ്പോൾ സിയോളും ഹോങ്കോങ്ങും നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ വ്യാഴാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്.

Tags:    

Similar News