ഇരട്ടി നേട്ടം: ടാറ്റ ടെക് ലിസ്റ്റിംഗ് 140 ശതമാനം പ്രീമിയത്തിൽ
ഇഷ്യൂ വില 500 രൂപ, ലിസ്റ്റിംഗ് വില 1200 രൂപ
പ്രതീക്ഷിച്ചതുപോലെ ഇരട്ടിയിലധികം നേട്ടം നൽകി ടാറ്റ ടേക് ഓഹരികൾ ലിസ്റ്റ് ചെയ്തു. എന്‍ജിനീയറിങ്, ഉല്‍പന്ന വികസന ഡിജിറ്റല്‍ സേവന ദാതാക്കളായ ടാറ്റ ടെക്‌നോളജീസ് ഓഹരികൾ ഇഷ്യൂ വിലയായി 500 രൂപയിൽ നിന്നും 140 ശതമാനം പ്രീമിയത്തോടെ 1200 രൂപക്കായിരുന്നു ലിസ്റ്റ് ചെയ്തത്.
നിലവിൽ 11:45 ന് കമ്പനിയുടെ ഓഹരികൾ ഐപിഒ വിലയിൽ നിന്ന് 169 ശതമാനം ഉയർന്ന് 1,352.95 രൂപയിൽ കൈമാറ്റം തുടരുന്നു.
ഇഷ്യൂവിന് 69.43 ഇരട്ടി അപേക്ഷകളായിരുന്നു ലഭിച്ചത്, ഇത് ഏകദേശം 73.38 ലക്ഷം അപേക്ഷകളായിരുന്നു . പ്രാഥമിക ഓഹരി വില്‍പന(ഐപിഒ)യ്ക്ക് മുന്നോടിയായി ആങ്കര്‍ നിക്ഷേപകരില്‍ നിന്ന് കമ്പനി 791 കോടി രൂപ സമാഹരിച്ചിരുന്നു. 67 ഫണ്ടുകള്‍ 500 രൂപ നിരക്കിലാണ് 1.58 കോടി ഓഹരികൾ വാങ്ങിയത്. ആങ്കര്‍ നിക്ഷേപകരില്‍ ഗോള്‍ഡ്മാന്‍ സാച്ച്‌സ് (സിംഗപ്പൂര്‍) പി.ടി.ഇ., കോപ്താല്‍ മൗറീഷ്യസ് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, ഗവണ്‍മെന്റ് പെന്‍ഷന്‍ ഫണ്ട് ഗ്ലോബല്‍ എന്നിവരും ഉള്‍പ്പെടുന്നു.
നവംബര്‍ 22 ന് ആരംഭിച്ച ഇഷ്യൂ 24 നാണ് അവസാനിച്ചത്. ഇഷ്യൂ വഴി കമ്പനി 6.08 കോടി ഓഹരികൾ നൽകി 3042.52 കോടി രൂപ സ്വരൂപിച്ചു. മുഴുവൻ ഓഹരികളും ഓഫര്‍ ഫോര്‍ സെയിലായിരുന്നു.
ഏകദേശം രണ്ട് പതിറ്റാണ്ടുകള്‍ക്കിടയില്‍ ടാറ്റ ഗ്രൂപ്പില്‍ നിന്ന് ഐപിഒയ്ക്ക് എത്തിയ ആദ്യ കമ്പനിയാണ് ടാറ്റ ടെക്‌നോളജീസ്. 2004 ല്‍ വിപണിയിലെത്തിയ ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസാണ് ആദ്യ കമ്പനി.
Also Read ; മെഗാ ഐപിഒ കഴിഞ്ഞു