ടാറ്റ ടെക് ഇഷ്യൂ വില 500 രൂപ
69.43 ഇരട്ടി അപേക്ഷകളാണ് മൂന്ന് ദിവസത്തെ ഇഷ്യൂവിന് ലഭിച്ചത്
ടാറ്റ ടെക്‌നോളജീസിന്റെ ഓഹരി വില അന്തിമമാക്കിയാതായി മാതൃസ്ഥാപനമായ ടാറ്റ മോട്ടോഴ്‌സ് സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളെ അറിയിച്ചു. രണ്ട് രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 500 രൂപയാണ് കമ്പനി നിശ്ചയിച്ച തുക. ഇത് പ്രൈസ് ബാൻഡിന്റെ ഉയർന്ന വിലയുമാണ്. ഇഷ്യൂവിന്റെ പ്രൈസ് ബാൻഡ് 475-500 രൂപയായിരുന്നു.
നിക്ഷേപകരിൽ നിന്നും മികച്ച പ്രതികരണമാണ് ഇഷ്യൂവിന് ലഭിച്ചത്. മൊത്തം 69.43 ഇരട്ടി അപേക്ഷകളാണ് മൂന്ന് ദിവസത്തെ ഇഷ്യൂവിന് ലഭിച്ചത്. ഇഷ്യൂവിന്റെ വലുപ്പം 3,042 കോടി രൂപയായിരുന്നു.
യോഗ്യതയുള്ള സ്ഥാപന നിക്ഷേപകരുടെ ഭാഗത്തിന് 203.41 മടങ്ങ് അപേക്ഷകൾ ലഭിച്ചു. സ്ഥാപന നിക്ഷേപകരുടെ ഭാഗത്തിന് 62.11 മടങ്ങ് സബ്‌സ്‌ക്രിപ്‌ഷൻ ലഭിച്ചു. റീട്ടെയിൽ നിക്ഷേപകരും ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് ഓഹരി ഉടമകളും യഥാക്രമം 16.5 മടങ്ങും 29.19 മടങ്ങും വരിക്കാരായി.
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യയെ മറികടന്ന് 73.58 ലക്ഷം അപേക്ഷകൾ വന്നതോടെ ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച ഇന്ത്യൻ ഐപിഒ ആയി ടാറ്റ ടെക്നോളോജിസ് ഇഷ്യൂ മാറി.