തുടക്ക വ്യാപാരത്തില്‍ വിപണികളില്‍ വീണ്ടെടുപ്പ്
- ബ്രെന്റ് ക്രൂഡ് 0.07 ശതമാനം ഉയർന്ന് ബാരലിന് 88.13 ഡോളറിലെത്തി
- പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം വെല്ലുവിളിയായി തുടരുന്നു
ആഗോള വിപണികളിലെ പോസിറ്റീവ് പ്രവണതകളുടെയും വിദേശ ഫണ്ടുകളുടെ വരവിന്‍റെയും പശ്ചാത്തലത്തില്‍ ബുധനാഴ്ച ആദ്യ വ്യാപാരത്തിൽ ബെഞ്ച്മാർക്ക് ഇക്വിറ്റി സൂചികകൾ ഉയർന്നു. അസംസ്‌കൃത എണ്ണവില കുറഞ്ഞതും വിപണിയുടെ തിരിച്ചുവരവിന് സഹായകമായി. സെൻസെക്‌സ് 193.64 പോയിന്റ് ഉയർന്ന് 64,765.52 ലെത്തി. നിഫ്റ്റി 54.55 പോയിന്റ് ഉയർന്ന് 19,336.30 ൽ എത്തി.
സെൻസെക്‌സിൽ ജെഎസ്ഡബ്ല്യു സ്റ്റീൽ, ടാറ്റ സ്റ്റീൽ, എച്ച്‌സിഎൽ ടെക്‌നോളജീസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ഇൻഫോസിസ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റൻ എന്നിവ ഇടിവ് നേരിട്ടു. ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ പോസിറ്റീവ് ടെറിട്ടറിയിൽ വ്യാപാരം നടത്തി, സിയോൾ താഴ്ന്ന നിലയിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തില്‍ വ്യാപാരം അവസാനിച്ചു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.07 ശതമാനം ഉയർന്ന് ബാരലിന് 88.13 ഡോളറിലെത്തി. വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) തിങ്കളാഴ്ച 252.25 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
"യു.എസ്. ബോണ്ട് യീൽഡിലെ ഇടിവ്, ക്രൂഡ് ഓയിൽ വില ദുർബലമാകൽ തുടങ്ങിയ പോസിറ്റീവ് വാർത്തകൾ വിപണിയെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുമെങ്കിലും പശ്ചിമേഷ്യൻ സംഘർഷത്തെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കണക്കിലെടുക്കുമ്പോൾ ഇത് നിലനിൽക്കാന്‍ സാധ്യതയില്ല," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ദസറ പ്രമാണിച്ച് ചൊവ്വാഴ്ച ഓഹരി വിപണികൾക്ക് അവധിയായിരുന്നു. തിങ്കളാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 825.74 പോയിന്റ് അഥവാ 1.26 ശതമാനം ഇടിഞ്ഞ് 64,571.88 എന്ന നിലയിലെത്തി. നിഫ്റ്റി 260.90 പോയിന്റ് അഥവാ 1.34 ശതമാനം ഇടിഞ്ഞ് 19,281.75 ലെത്തി.