സ്റ്റാൻസ് ന്യൂട്രലിലേക്ക് മാറ്റി ആർബിഐ; ചുവപ്പണിഞ്ഞ് വിപണി

Update: 2024-10-09 12:00 GMT

ജിയോപോളിറ്റികൾ, പണപ്പെരുപ്പ ആശങ്കകൾക്കിടയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രധാന പോളിസി നിരക്കുകളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. പത്താം തവണയും റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്തി. കൂടാതെ എംഎസ്എഫ്, എസ്ഡിഎഫ് നിരക്കുകൾ യഥാക്രമം 6.75 ശതമാനവും 6.25 ശതമാനവും നിലനിർത്തി. അതേസമയം സ്റ്റാൻസ് 'വിഡ്രോവല്‍ ഓഫ് അക്കൊമഡേഷന്‍' നിന്ന് 'ന്യൂട്രലി'ലേക്ക് മാറ്റി.

പണ നയ അവലോകനത്തിൽ പലിശ നിരക്ക് കുറയ്ക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പ് നടത്തിയെങ്കിലും അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേരിയ ഇടിവോടെയാണ്. റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികളുടെ വില്പന സൂചികകളെ നഷ്ടത്തിലോട്ട് നയിച്ചു.

നേട്ടത്തോടെയായിരുന്നു വിപണി ഇന്ന് വ്യാപാരം ആരംഭിച്ചതെങ്കിലും ഉച്ച കഴിഞ്ഞുള്ള വ്യാപാരത്തിൽ വിപണി ഇടിവിലേക്ക് നീങ്ങുകയായിരുന്നു. സെൻസെക്സ് 167.71 പോയിൻ്റ് അഥവാ 0.21 ശതമാനം ഇടിഞ്ഞ് 81,467.1 ൽ ക്ലോസ് ചെയ്തു.  നിഫ്റ്റി 31.20 പോയിൻ്റ് അഥവാ 0.12 ശതമാനം ഇടിഞ്ഞ് 24,981.95 ൽ അവസാനിച്ചു.

സെൻസെക്സിൽ ഐടിസി, നെസ്‌ലെ ഇന്ത്യ, ഹിന്ദുസ്ഥാൻ യുണിലിവർ, റിലയൻസ് ഇൻഡസ്‌ട്രീസ്, ലാർസൻ ആൻഡ് ടൂബ്രോ, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികൾ ഇടിവിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, മാരുതി സുസുക്കി ഇന്ത്യ, ബജാജ് ഫിനാൻസ്, ആക്‌സിസ് ബാങ്ക്, ബജാജ് ഫിൻസെർവ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

ഏഷ്യൻ വിപണികളിൽ, ഷാങ്ഹായ്, ഹോങ്കോംഗ്, സിയോൾ എന്നിവ ഇടിവിലാണ് ക്ലോസ് ചെയ്തതെ. ടോക്കിയോ നേട്ടത്തിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. യുഎസ് വിപണികൾ ചൊവ്വാഴ്ച നേട്ടത്തോടെയാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 5,729.60 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 7,000.68 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് ബാരലിന് 0.87 ശതമാനം ഉയർന്ന് 77.85 ഡോളറിലെത്തി.


Tags:    

Similar News