വിപണിക്ക് ചുവപ്പിൽ അവസാനം: സെന്‍സെക്‌സ് താഴ്ന്നത് 230.05 പോയിൻ്റ്, നിഫ്റ്റി 25,000ന് താഴെ
ബാങ്കിംഗ്, ഓട്ടോ ഓഹരികളിലെ ഇടിവ് നഷ്ടത്തിലെത്തിച്ചു
ആഭ്യന്തര വിപണി ഇന്നും വ്യാപാരം അവസാനിപ്പിച്ചത് ഇടിവിലാണ്. പ്രധാന മാക്രോ ഡാറ്റയ്ക്ക് മുന്നോടിയായി നിക്ഷേപകർ ജാഗ്രത പുലർത്തിയതാണ് വിപണിക്ക് വിനയായത്. ബാങ്കിംഗ്, യൂട്ടിലിറ്റി, ഫിനാൻഷ്യൽ ഓഹരികളിലെ ഇടിവും സൂചികകൾ നഷ്ടത്തിലെത്തിച്ചു. ആഗോള വിപണികളിലെ സമ്മിശ്ര വ്യാപാരവും വിദേശ നിക്ഷേപകരുടെ വില്പനയും വിപണിയെ ബാധിച്ചു.
സെൻസെക്‌സ് 230.05 പോയിൻ്റ് അഥവാ 0.28 ശതമാനം ഇടിഞ്ഞ് 81,381.36ലും നിഫ്റ്റി 34.20 പോയിൻ്റ് അഥവാ 0.14 ശതമാനം ഇടിഞ്ഞ് 24,964.25ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്. ആഴ്ചയിൽ സെൻസെക്സും നിഫ്റ്റിയും നേരിയ നഷ്ടമാണ് രേഖപ്പെടുത്തിയത്.
സെൻസെക്സിൽ ടാറ്റ കൺസൾട്ടൻസി സർവീസസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐസിഐസിഐ ബാങ്ക്, മാരുതി സുസുക്കി ഇന്ത്യ, പവർ ഗ്രിഡ്, ആക്‌സിസ് ബാങ്ക്, അദാനി പോർട്‌സ് ഓഹരികൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു.
എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര, ജെഎസ്ഡബ്ല്യു സ്റ്റീൽ, ഹിന്ദുസ്ഥാൻ യുണിലിവർ, ഇൻഫോസിസ്, ടൈറ്റൻ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സെക്ടറിൽ സൂചികയിൽ നിഫ്റ്റി ഓട്ടോ, ബാങ്ക്, പവർ, റിയൽറ്റി സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞപ്പോൾ ഐടി, മെറ്റൽ, ഓയിൽ ആൻഡ് ഗ്യാസ്, ഫാർമ, മീഡിയ എന്നിവ 0.5-1 ശതമാനം ഉയർന്നു.
ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.4 ശതമാനം വീതം ഉയർന്നു.
ഏഷ്യൻ വിപണികളിൽ, ടോക്കിയോയും ഹോങ്കോങ്ങും നേട്ടത്തോടെയും ഷാങ്ഹായ്, സിയോൾ എന്നിവ ഇടിവിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ സമ്മിശ്ര നോട്ടിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ താഴ്ന്ന നിലയിലാണ് അവസാനിച്ചത്.
ബ്രെൻ്റ് ക്രൂഡ് 0.77 ശതമാനം ഇടിഞ്ഞ് ബാരലിന് 78.79 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 4,926.61 കോടി രൂപയുടെഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ (ഡിഐഐ) 3,878.33 കോടി രൂപയുടെ ഓഹരികൾ വാങ്ങി.