വിപണി തുറക്കും മുമ്പ് നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ

Update: 2024-10-04 02:06 GMT

ആഗോള രാഷ്ട്രീയ സംഭവ വികാസങ്ങളാണ് ഇന്നു വിപണി നീക്കത്തെ സ്വാധീനിക്കുക. ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നത്ും അതു ക്രൂഡോയയിലിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും ആഗോള വിപണികളെ സ്വാധീനിക്കുന്നു. എണ്ണവില ഉയരുന്നത് ആഗോള തലത്തില്‍ പണപ്പെരുപ്പമുയര്‍ത്തും. വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള്‍ തുടങ്ങി വച്ചിട്ടുള്ള പലിശ നിരക്കു വെട്ടിക്കുറയ്ക്കല്‍ സൈക്കിളിനെ അതു ബാധിക്കും. കേന്ദ്രബാങ്കുകളെ അതു പുനരാലോചനയ്ക്കും പ്രേരിപ്പിക്കും. ഉയര്‍ന്ന പലിശ നിരക്കു മൂലം എല്ലാ സമ്പദ്ഘടനകളുടേയും വളര്‍ച്ച കുറയുകയാണ്. ഇന്ത്യ ഏറ്റവും വേഗം വളരുന്ന സമ്പദ്ഘടനയാണെങ്കില്‍പോലും പതിനഞ്ചു മാസത്തെ ഏറ്റവും താഴ്ന്ന വളര്‍ച്ചയിലൂടെയാണ് നീങ്ങുന്നത്. അടുത്ത കാലത്തു സമ്പദ് ഘടനയില്‍നിന്നു വന്നിട്ടുള്ള വാര്‍ത്തകളും അത്ര ആശാവഹമല്ല. കാതല്‍ മേഖല, വ്യാവസായികോത്പാദന മേഖല തുടങ്ങിയവയെല്ലാം താഴ്ചയിലാണ്.

ചൈന പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജകങ്ങള്‍ അവിടുത്തെ വിപണിയിലേക്കു വിദേശനിക്ഷേപകരെ ആകര്‍ഷിക്കുകയാണ്. പതിനേഴു വര്‍ഷത്തെ താഴ്ചയില്‍നിന്നാണ് ചൈനീസ് വിപണി ഉയര്‍ന്നിട്ടുള്ളത്. ഏറ്റവും താഴ്ന്ന വിപണി മൂല്യം വിദേശനിക്ഷേപകരെ ചൈനയിലേക്ക് ആകര്‍ഷിക്കുകയാണ്. അവര്‍ ഇന്ത്യയില്‍ വന്‍ വില്‍പ്പനക്കാരാവുകയാണ്.

സെപ്റ്റംബറിലെ യു എസ് ജോബ് ഡേറ്റ് ഇന്നെത്തുകയാണ്. ഫെഡറല്‍ റിസര്‍വിന്റെ പണനയത്തെ സ്വാധീനിക്കുന്ന പ്രധാന ഡേറ്റകളിലൊന്നാണിത്.

ഇന്ത്യന്‍ വിപണി ഇന്നലെ

ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്നലെ ശക്തമായ തിരിച്ചടിയാണ് അനുഭവപ്പെട്ടത്. ശക്തമായ തിരുത്തല്‍ സംഭവിച്ചിരിക്കുന്നു. ആഗോള, ആഭ്യനത്ര സംഭവവികാസങ്ങള്‍ ഇതിനു കാരണമായി. പശ്ചിമേഷയില്‍ ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷം രൂക്ഷമാകുന്നതും എണ്ണ വില ഉയരുന്നതും വിപണി മനോഭാവത്തെ ആശങ്കപ്പെടുത്തുകയാണ്. ഗ്യാപ് ഡൗണ്‍ ഓപ്പണിംഗ് ആണ് ഇന്നലെ വിപണിയില്‍ കണ്ടത്.

ഇതോടൊപ്പമാണ് വിപണി റെഗുലേറ്ററായ സെബി എഫ് ആന്‍ഡ് ഒയ്ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ഏര്‍പ്പെടുത്തിയതും എക്‌സ്‌ചേഞ്ചുകള്‍ ചാര്‍ജുകള്‍ വര്‍ധിപ്പിച്ചതും. ഈ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ വിപണിയുടെ ലിക്വിഡിറ്റി ബാധിക്കുമെന്നും അനലിസ്റ്റുകളള്‍ ഭയപ്പെടുന്നു.

ഇന്ത്യന്‍ ഓഹരി വിപണിയുടെ മുഖ്യ ബഞ്ച്മാര്‍ക്ക് സൂചികയായി കണക്കാക്കുന്ന നിഫ്റ്റി ഇന്നലെ 546.8 പോയിന്റ് (2.12 ശതമാനം) ഇടിഞ്ഞ് 25250.10 പോയിന്റില്‍ ക്ലോസ് ചെയ്തു. തിങ്കാളാഴ്ച 368.10 പോയിന്റ് ഇടിഞ്ഞിരുന്നു. സെപ്റ്റംബര്‍ 27-ലെ 26277.35 പോയിന്റാണ് നിഫ്റ്റിയുടെ റിക്കാര്‍ഡ് ഉയരം.

ഇന്ത്യന്‍ ഓഹരി വിപണിയുടെ ബാരോമീറ്ററായി കണക്കാക്കുന്ന സെന്‍സെക്‌സ് സൂചിക ഇന്നലെ 1769.19 പോയിന്റ് (2.10 ശതമാനം) താഴ്ന്ന് 82497.10 പോയിന്റില്‍ ക്ലോസ് ചെയ്തു. സെപ്റ്റംബര്‍ 30-ന് 1227.07 പോയിന്റ് (1.49 ശതമാനം) ഇടിവു കാണിച്ചിരുന്നു. 86000 പോയിന്റിന് കൈപ്പാടരികില്‍നിന്നാണ് സെന്‍സെക്സ് തിരിച്ചു പോന്നിട്ടുള്ളത്. (സെപ്റ്റംബര്‍ 27-ന് 85978.25 പോയിന്റു വരെ എത്തിയിരുന്നു. സെന്‍സെക്സിന്റെ സര്‍വകാല ഉയര്‍ച്ചയാണിത്.)

നിഫ്റ്റി റെസിസ്റ്റന്‍സും സപ്പോര്‍ട്ടും

വ്യാപാരദിനങ്ങള്‍ നാലു ദിവസമായി ചുരുങ്ങിയ ഈ വാരത്തില്‍ നിഫ്റ്റിയില്‍ നല്ലൊരു തിരുത്തല്‍ സംഭവിച്ചിരിക്കുകയാണ് വളരെ അനിവാര്യമായിരുന്നു ഇതെന്നതില്‍ സംശയമില്ല. റിക്കാര്‍ഡ് ഉയര്‍ച്ചയില്‍നിന്നു ആയിരത്തിലധികം പോയിന്റ് നിഫ്റ്റിക്ക് നഷ്ടം വന്നിരിക്കുന്നു. നിഫ്റ്റി ഇന്നലെ ഗ്യാപ് ഡൗണ്‍ ഓപ്പണിംഗിലായിരുന്നു.

നിഫ്റ്റി ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 25600 പോയിന്റിലും തുടര്‍ന്ന് 25740 പോയിന്റിലും റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. നിഫ്റ്റിയുടെ അടുത്ത ലക്ഷ്യം 26050 പോയിന്റും 26320 പോയിന്റുമാണ്.

നിഫ്റ്റിയില്‍ തിരുത്തലുണ്ടായാല്‍ 25130 പോയിന്റില്‍ പിന്തുണ പ്രതീക്ഷിക്കാം. അതിനു താഴേയ്ക്കു പോയാല്‍ 24820 പോയിന്റിലും തുടര്‍ന്ന് 24750 പോയിന്റിലും പിന്തുണയുണ്ട്.

നിഫ്റ്റിയുടെ പ്രതിദിന ആര്‍ എസ് ഐ ഇന്നലെ 45.4 ആണ്. ന്യൂട്രല്‍ സോണിലെത്തിയിരിക്കുകയാണ് നിഫ്റ്റി. ആര്‍ എസ് ഐ 50-ന് മുകളില്‍ ബുള്ളീഷ് ആയും 70-ന് മുകളില്‍ ഓവര്‍ ബോട്ട് ആയും 30-ന് താഴെ ഓവര്‍ സോള്‍ഡ് ആയുമാണ് കണക്കാക്കുന്നത്.

ബാങ്ക് നിഫ്റ്റി: ബാങ്ക് നിഫ്റ്റിയിലും ഇന്നലെ ഗ്യാപ് ഡൗണ്‍ ഓപ്പണിംഗ് ആണ് കണ്ടത്. തുടര്‍ച്ചയായ നാലാം ദിവസമാണ് ബാങ്ക് നിഫ്റ്റിയില്‍ ഇടിവുണ്ടാകുന്നത്. ഇന്നലെ 1077.4 പോയിന്റ് (2.04) ഇടിവോടെ 51845.2 പോയിന്റില്‍ ക്ലോസ് ചെയ്തു. നാലു ദിവസംകൊണ്ട് ബാങ്ക് നിഫ്റ്റിയില്‍ ഏതാണ്ട് 2600- ഓളം പോയിന്റിന്റെ ഇടിവാണുണ്ടായത്. നല്ലൊരു തിരുത്തല്‍ ഉണ്ടായിരിക്കുന്നു എന്നു പറയാം. സെപ്റ്റംബര്‍ 26-ലെ 54467.35 പോയിന്റാണ് ബാങ്ക് നിഫ്റ്റിയുടെ റിക്കാര്‍ഡ് ഉയരം. റിക്കാര്‍ഡ് ക്ലോസിംഗ് 54375.35 പോയിന്റും.

ബാങ്ക് നിഫ്റ്റിക്ക് ഇന്നു മെച്ചപ്പെടുകയാണെങ്കില്‍ 52600 പോയിന്റില്‍ റെസിസ്റ്റന്‍സ് പ്രതീക്ഷിക്കാം. തുടര്‍ന്ന് 52820 പോയിന്റിലും 53255 പോയിന്റിലും റെസിസ്റ്റന്‍സ് ഉണ്ട്. അടുത്ത തടസങ്ങള്‍ 54025 പോയിന്റിലും 54405 പോയിന്റിലുമാണ്.

മറിച്ച് ബാങ്ക് നിഫ്റ്റി താഴേയ്ക്കു നീങ്ങുകയാണെങ്കില്‍ 51640 പോയിന്റിലും തുടര്‍ന്ന് 50948 പോയിന്റിലും 50450 പോയിന്റിലും പിന്തുണയുണ്ട്.

ബാങ്ക് നിഫ്റ്റി ആര്‍എസ്‌ഐ 43.94 ആണ്. ഓവര്‍ബോട്ട് സോണില്‍നിന്ന് ബാങ്ക് നിഫ്റ്റി. പതിയെ പിന്‍വാങ്ങിയിരിക്കുകയാണ്. ഇപ്പോഴും ബാങ്ക് നിഫ്റ്റിയുടെ മനോഭാവം പോസീറ്റീവാണ്.

ഗിഫ്റ്റ് നിഫ്റ്റി

ഇന്ത്യന്‍ നിഫ്റ്റി 50 സൂചികയെ അധികരിച്ചുള്ള ഡെറിവേറ്റീവായ ഗിഫ്റ്റ് നിഫ്റ്റി ഇന്ത്യന്‍ വിപണി തുറക്കുന്നതിനു മുമ്പുള്ള സ്ഥിതിയെക്കുറിച്ചുള്ള സൂചന നല്‍കുന്നു. ഗിഫ്റ്റ് നിഫ്റ്റി 22 പോയിന്റ് താഴ്ന്നാണ് ഇന്നു രാവിലെ ഓപ്പണ്‍ ചെയ്തിട്ടുള്ളത്. ആഗോള വപണി ഫ്യൂച്ചേഴ്സ് സമ്മിശ്രമാണ്. പൊതുമനോഭാവം നെഗറ്റീവാണ്.

ഇന്ത്യ വിക്‌സ്

ഇന്ത്യ വിക്‌സ് ഇന്നലെ കുതിച്ചുയര്‍ന്നു. വിപണിയിലെ അനിശ്ചിതത്വത്തിന്റെ പ്രതിഫലനമെന്നോണം ഇന്നലെ ഇന്ത്യ വിക്‌സ് പത്തു ശതമാനത്തോളം ഉയര്‍ന്ന്13.17-ലെത്തി. ചൊവ്വാഴ്ചയിത് 12.79 ആയിരുന്നു. വിക്‌സ് ഉയരുന്നതിനനുസരിച്ച് വിപണിയിലെ അനിശ്ചിതത്വവും റിസ്‌കും ഉയരും. അടുത്ത 30 ദിവസത്തെ വിപിണി വ്യതിയാനത്തെ സൂചിപ്പിക്കുന്നതാണ് ഇന്ത്യ വിക്‌സ്.

നിഫ്റ്റി പുട്ട്-കോള്‍ റേഷ്യോ: വിപണി മൂഡ് പ്രതിഫലിപ്പിക്കുന്ന സൂചനകളിലൊന്നായ നിഫ്റ്റി പുട്ട്-കോള്‍ ഓപ്ഷന്‍ റേഷ്യോ ( പിസിആര്‍) വ്യാഴാഴ്ച 0.88 ആയി. ചൊവ്വാഴ്ാഴ്ച ഇത് 0.83 ആയിരുന്നു. ഇപ്പോഴും ബുള്ളീഷ് ട്രെന്‍ഡിലാണെങ്കിലും കരടികള്‍ എപ്പോള്‍ വേണമെങ്കിലും തിരിച്ചെത്താമെന്ന സൂചനയാണ് ഇതു നല്‍കുന്നത്.

പിസിആര്‍ 0.7-നു മുകളിലേക്കു നീങ്ങിയാല്‍ വിപണിയില്‍ കൂടുതല്‍ പുട്ട് ഓപ്ഷന്‍ വില്‍ക്കപ്പെടുന്നു എന്നാണ് അര്‍ത്ഥം. ഇതു ബുള്ളീഷ് ട്രെന്‍ഡിനെ സൂചിപ്പിക്കുന്നു. മറിച്ച് 0.7-നു താഴേയ്ക്കു നീങ്ങിയാല്‍ കോള്‍ ഓപ്ഷന്‍ സെല്ലിംഗ് വര്‍ധിച്ചിരിക്കുന്നു എന്നാണ് അര്‍ത്ഥം. ഇത് ബെയറീഷ് മൂഡിനെ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ എഡിആറുകള്‍

ഇന്ത്യന്‍ എഡിആറുകളില്‍ നല്ലൊരു പങ്കും ഇന്നലെ താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഐടി ഓഹരികളായ ഇന്‍ഫോസിസ് 0.4 ശതമാനം ഉയര്‍ന്നപ്പോള്‍ വിപ്രോ 1.69 ശതമാനം താഴ്ന്നു. ഐസിഐസിഐ ബാങ്ക് 1.08 ശതമാനവും എച്ച് ഡിഎഫ്‌സി ബാങ്ക് 3.26 ശതമാനവും ഇടിവു കാണിച്ചു. ഡോ. റെഡ്ഡീസ് 0.28 ശതമാനവും യാത്ര ഓഹരകളായ മേക്ക് മൈ ട്രിപ് 4.09 ശതമാനവും യാത്രാ ഓണ്‍ലൈന്‍ 1.2 ശതമാനവും ഉയര്‍ച്ച കാണിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3.5 ശതമാനം താഴ്ന്നാണ് ക്ലോസ് ചെയ്തത്.

യുഎസ് വിപണികള്‍

പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ധിക്കുന്നതും എണ്ണവില ഉയരുന്നതും ഇന്നലെ യുഎസ്, യൂറോപ്യന്‍ വിപണികളെ ഉലച്ചു. വെള്ളിയാഴ്ച വരാനിരിക്കുന്ന സെപ്റ്റംബറിലെ ജോബ് റിപ്പോര്‍ട്ടും യുഎസ് വിപണിയെ തിരുത്തലിലേക്കു നയിക്കുകയാണ് ചെയ്തത്. ജോബ് റിപ്പോര്‍ട്ട് യുഎസ് സമ്പദ്ഘടനയുടെ ആരോഗ്യത്തെക്കുറിച്ചു പുതിയ ഉള്‍ക്കാഴ്ച നല്‍കും. ഇന്നലെ ഡൗ ജോണ്‍സ് ഇന്‍ഡസട്രിയല്‍സ് 184.93 പോയിന്റ് ( 0.44 ശതമാനം) മെച്ചത്തോടെ 42011.6 പോയിന്റിലെത്തി. സെപ്റ്റംബര്‍ 27-ന് സൃഷ്ടിച്ച റിക്കാര്‍ഡ് ഉയരമായ 42628.32 പോയിന്റില്‍നിന്നുള്ള ഡൗവിന്റെ ഇറക്കമാണാ കാണുന്നത്.

ടെക് സൂചികയായ നാസ്ഡാക് ഇന്നലെ 6.65 പോയിന്റും (0.04 ശതമാനം) എസ് ആന്‍ഡ് പി 500 സൂചിക 9.6 പോയിന്റും (0.17 ശതമാനം) ഇന്നലെ താഴ്ന്നാണ് ക്ലോസ് ചെയ്തത്.

യൂറോപ്യന്‍ വിപണികള്‍ എല്ലാം ഇന്നലെ ചവുപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്ടിഎസ്ഇ യുകെ 8.34 പോയിന്റും (0.1 ശതമാനം) സിഎസി ഫ്രാന്‍സ് 99.82 പോയിന്റും (1.32 ശതമാനം) ജര്‍മന്‍ ഡാക്‌സ് 149.34 പോയിന്റ്ും (0.78 ശതമാനം) ഇറ്റാലിയന്‍ എഫ്ടിഎസ്ഇ എംഐബി 505.23 പോയിന്റും (1.5 ശതമാനം) താഴ്ന്നാണ് ക്ലോസ് ചെയ്തത്. ഇന്നു രാവിലെ യൂറോപ്യന്‍ ഫ്യൂച്ചേഴ്‌സ് എല്ലാം പോസീറ്റീവായാണ് നീങ്ങുന്നത്.

ഏഷ്യന്‍ വിപണികള്‍

ഒക്‌ടോബര്‍ മൂന്നിന് 743 പോയിന്റ് മെച്ചപ്പെട്ടു ക്ലോസ് ചെയ്ത ജാപ്പനീസ് നിക്കി ഇന്നു രാവിലെ അമ്പതോളം പോയിന്റ് മെച്ചപ്പെട്ടാണ് വ്യാപാരം തുടങ്ങിയത്. ഒന്നര മണിക്കൂര്‍ വ്യാപാരം പൂര്‍ത്തിയാകുമ്പോള്‍ നിക്കി 4.75 പോയിന്റ് താഴെയാണ്. കൊറിയന്‍ കോസ്പി 17.2 പോയിന്റ് മെച്ചത്തിലാണ്. സിംഗപ്പൂര്‍ ഹാംഗ്സെഗ് സൂചിക 98.2 പോയിന്റു താഴ്ന്നു നില്‍ക്കുകയാണ്. ചൈനീസ് വിപണിക്ക് അവധിയാണ്.

വിദേശനിക്ഷേപക സ്ഥാപനങ്ങള്‍

ഒക്ടോബര്‍ വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വലിയ വില്‍പ്പനയോടാണ് തുടങ്ങിയിട്ടുള്ളത്. തുടര്‍ച്ചയായ രണ്ടാം ദിവസവും അവര്‍ വന്‍ വില്‍പ്പനക്കാരായിരുന്നു. ഇന്നലെ അവരുടെ നെറ്റ് വില്‍പ്പന 15243.27 കോടി രൂപയാണ്. ഇന്നലെ 17311.91 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 32555.18 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകകയും ചെയ്തു. ഇതോടെ ഒക്‌ടോബറിലെ അവരുടെ നെറ്റ് വില്‍ക്കല്‍ 20822.62 കോടിരൂപയായി. സെപ്റ്റംബറില്‍ അവര്‍ 15106.01 കോടി രൂപയുടെ നെറ്റ് വാങ്ങല്‍ നടത്തിയിരുന്നു. അതേസമയം ഇന്ത്യന്‍ നിക്ഷേപകസ്ഥാപനങ്ങള്‍ ഒക്ടോബര്‍ ഇന്നലെ 25294.47 കോടി രൂപയുടെ ഓഹരികള്‍ വാങ്ങുകയും 12380.51 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കുകയും ചെയ്തു. നെറ്റ് വാങ്ങല്‍ 12913.96 കോടി രൂപ. ഒക്ടോബറിലെ നെറ്റ് വാങ്ങല്‍ ഇതോടെ 17523.51 കോടി രൂപയിലെത്തി. കഴിഞ്ഞ മാസത്തില്‍ അവരുടെ നെറ്റ് വാങ്ങല്‍ 31780.33 കോടി രൂപയുടെ ഓഹരികളായിരുന്നു.

കമ്പനി വാര്‍ത്തകള്‍

ടിസിഎസ് : ടിസിഎസിന്റെ രണ്ടാം ക്വാര്‍ട്ടര്‍ ഫലം ഒക്ടോബര്‍ 10-ന് പ്രസിദ്ധീ കരിക്കും. ബോര്‍ഡ് യോഗത്തില്‍ ഇടക്കാല ലാഭവീതവും പ്രഖ്യാപിക്കും. ഇതോടെ ഐടി മേഖലയില്‍നിന്നുള്ള രണ്ടാം ക്വാര്‍ട്ടര്‍ ഫലങ്ങള്‍ക്കു തുടക്കം കുറിക്കും. ഇന്‍ഫോസിസിന്റെ പളം പതിനേഴിനും എംഫസിസി 16-നും കൊഫൊര്‍ജ്, സെന്‍സാര്‍ ടെക്, പെര്‍സിസ്റ്റന്റ് എന്നീ കമ്പനികള്‍ 22-നും ഫലം പുറത്തുവിടും.രണ്ടാം ക്വാര്‍ട്ടറില്‍ ഐടി കമ്പനികള്‍ പൊതുവേ നല്ല ഫലമാണ് കാഴ്ച വയ്ക്കാറ്.

ഹ്യുണ്ടായ് ഐപിഒ: ഹ്യൂണ്ടായ് മോട്ടോറിന്റെ കന്നി പബ്‌ളിക് ഇഷ്യു ഒക്ടോബര്‍ 14-ന ആരംഭിക്കുമെന്നു കരുതുന്നു. അടുത്ത വാരത്തില്‍ പ്രൈസ് ബാന്‍ഡ് പ്രഖ്യാപിക്കുമെന്നു കരുതുന്നു. സെപ്റ്റംബര്ര# 24-നാണ് കമ്പനിക്ക് സെബിയുടെ അനുമതി ലഭിച്ചത്.

ക്രൂഡോയില്‍ വില

ചൊവ്വാഴ്ച ഇസ്രയേലിനെതിരേ മിസൈല്‍ വര്‍ഷം നടത്തിയ ഇറാന് ഇസ്രയേല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന വിലയിരുത്തല്‍ ക്രൂഡോയില്‍ വില ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന ഏകദിന ഉയര്‍ച്ച നേടിയിരിക്കുകയാണ്. ബ്രെന്റ് ക്രൂഡോയില്‍ വില ബാരലിന് 78 ഡോളറിനടുത്തേക്ക് എത്തിച്ചു. എണ്ണ സ്പളൈ താറുമാറാക്കുമെന്ന ഭയമാണ് ക്രൂഡോയില്‍ വിലയില്‍ കുതിപ്പുണ്ടാക്കിയത്. വെട്ടിക്കുറച്ച ഉത്പാദനം പുനസ്ഥാപിക്കേണ്ടെന്ന്, ബുധനാഴ്ച യോഗം ചേര്‍ന്ന ഒപ്പെക് പ്ലസ് രാജ്യങ്ങള്‍ തീരുമാനിച്ചതും എണ്ണയ്ക്കു പിന്തുണയായി.

ഇന്നു രാവിലെ ബ്രെന്റ് ക്രൂഡോയില്‍ ബാരലിന് 77.7 ഡോളറാണ്. ബുധനാഴ്ചയിത് 74.61 ഡോളറായിരുന്നു. ഇന്നു രാവിലെ ഡബ്‌ള്യുടിഐ ബാരലിന് 73.72 ഡോളറുമാണ്. തിങ്കളാഴ്ചയിത് 70.92 ഡോളറായിരുന്നു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം വര്‍ധിച്ച് ഹോര്‍മോസ കടലിടുക്ക് അടച്ചിട്ടാല്‍ ക്രൂഡോയില്‍ വില കുത്തനെ ഉയരുമെന്ന് ആഗോള നിക്ഷേപകസ്ഥാപനമായ ഗോള്‍ഡ്മാന്‍ സാച്സ് മുന്നറിയിപ്പു നല്‍കുന്നു. ഇറാന്‍ പ്രതിദിനം മൂന്നു ദശലക്ഷം ക്രൂഡോയില്‍ വിപണിയിലേക്ക് എത്തിക്കുന്നുണ്ട്. ഇസ്രായേല്‍ ആക്രമണം ഇറാന്റെ എണ്ണ കയറ്റുമതി 1.5 ദശലക്ഷം ബാരലിലേക്കു താഴ്ത്തുമെന്ന് സിറ്റി ഗ്രൂപ്പ് വിലയിരുത്തുന്നു. എണ്ണയുടെ കുതിപ്പ് നിലനിന്നാല്‍ ആഗോളതലത്തില്‍തന്നെ പണപ്പെരുപ്പവും ഉയരുമെന്നാണ് വിലയിരുത്തുന്നത്. യുഎസ് ഉള്‍പ്പെടെയുള്ള കേന്ദ്രബാങ്കുകള്‍ പലിശ വെട്ടിക്കുറച്ചു തുടങ്ങിയതേയുള്ളു. അതു അവതാളത്തിലാകുകയും ആഗോള സമ്പദ്ഘടനയുടെ വളര്‍ച്ച കുത്തനെ ഇടിയുകയും ചെയ്യും.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം എണ്ണവില കുറയുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണ്. ഇറക്കുമതിച്ചെലവു കുറയ്ക്കുമെന്നു മാത്രമല്ല, ഇന്ധനവിലക്കയറ്റം കുറയ്ക്കുകയും രാജ്യത്തിന്റെ അടവുശിഷ്ടനിലയിലെ സമ്മര്‍ദ്ദം കുറയ്ക്കുകയും ചെയ്യും. രൂപയുടെ ഇടിവു തടയുന്നതിനും ഇതു സഹായകരമാകും. ബാരലിന് 10 ഡോളര്‍ കൂടിയാല്‍ പണപ്പെരുപ്പത്തില്‍ 0.3 ശതമാനം വര്‍ധനയുണ്ടാകും. കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 0.43 ശതമാനം കണ്ടു വര്‍ധിക്കുകയും ചെയ്യും.

ഇന്ത്യന്‍ രൂപ ഇന്നലെ

ആഗോളരാഷ്ട്രീയ പ്രശ്‌നങ്ങള്‍ ഇന്നലെ രൂപയില്‍ കുത്തനെ ഇടിവുണ്ടുക്കി. രൂപയ്ക്ക് ഡോളറിനെതിരേ ഇന്നലെ 14 പൈസ നഷ്ടമായി. രണ്ടു മാസത്തിനുള്ളിലെ ഏറ്റവും വലിയ ഏകദിന ഇടിവാണിത്. ഡോളറിന് ഇന്നലെ 83.96 രൂപയായിരുന്നു വില. ഓഹരി വിപണിയിലെ ഇടിവും ഡോളര്‍ ഇന്‍ഡെക്സ് ശക്തമായതും വിദേശ ഫണ്ടുകള്‍ പുറത്തേക്കു നീങ്ങുന്നതും രൂപയെ ദുര്‍ബലമാക്കുകയാണ്. ഇതോടൊപ്പമാണ് ക്രൂഡോയില്‍ വിലയ 70 ഡോളറില്‍നിന്നു 80 ഡോളറിനടുത്തേക്കു നീങ്ങുന്നത്. തിങ്കളാഴ്ച രൂപ 11 പൈസ ഇടിഞ്ഞിരുന്നു. ചൈനീസ് വിപണിയുടെ ബുള്ളീഷ് ഭാവം വിദേശ നിക്ഷേപകരെ ഇന്ത്യയില്‍നിന്നു പണം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുകയാണ്. യു എസ് ഡോളര്‍ ശക്തമായതും രൂപയ്ക്ക് എതിരായി.

രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിച്ചെലവ് കൂട്ടുകയും പണപ്പെരുപ്പ ഇറക്കുമതിക്കു കാരണവുമാകുകയും ചെയ്യും. പ്രത്യേകിച്ചും രാജ്യത്തിന്റെ എണ്ണ ആവശ്യത്തിന്റെ 80 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തില്‍.

ബാധ്യതാ നിരാകരണം: അക്കാദമിക് താല്‍പ്പര്യത്തോടെ, ഇന്‍ഫോമേഷന്‍ ആവശ്യത്തിനായി വിപണിയെ നിരീക്ഷിച്ച് പൊതുവായി തയാറാക്കിയിട്ടുള്ളതാണ് ഈ ലേഖനം. നിക്ഷേപ താല്‍പര്യം ഇതിന്റെ ലക്ഷ്യത്തിലുള്‍പ്പെടുന്നില്ല. ഇതിന്റെ ഉപഭോക്താക്കള്‍ നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് അംഗീകൃത വിദഗ്ധരുമായി ബന്ധപ്പെടുക.

Tags:    

Similar News