സേവന മേഖലയുടെ വളര്‍ച്ച 3 മാസത്തെ ഉയര്‍ന്ന നിലയില്‍
- തൊഴിലവസരങ്ങൾ തുടർച്ചയായ 19-ാം മാസവും വര്‍ധന പ്രകടമാക്കി
- ചെലവ് സമ്മര്‍ദം മൂന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍
- കോംപോസിറ്റ് പിഎംഐ സെപ്റ്റംബറിന് ശേഷമുള്ള ഉയര്‍ന്ന നിലയില്‍
;

ഇന്ത്യയിലെ സേവന മേഖലയുടെ വളർച്ച ഡിസംബറിൽ മൂന്ന് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് എത്തിയതായി പ്രതിമാസ സർവേ റിപ്പോര്‍ട്ട്. എച്ച്എസ്ബിസി ഇന്ത്യ സർവീസസ് പിഎംഐ ബിസിനസ് ആക്ടിവിറ്റി സൂചിക നവംബറിൽ 56.9ൽ നിന്ന് ഡിസംബറിൽ 59 ആയി ഉയർന്നു. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുത്തനെയുള്ള വർധനയാണ് സേവന മേഖലയുടെ ഉല്‍പ്പാദനത്തില്‍ ഉണ്ടായത്.
പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) 50-ന് മുകളിലാണെങ്കില്‍ അത് വളര്‍ച്ചയെയും 50-നു താഴെയാണെങ്കില്‍ അത് താഴ്ചയെയും സൂചിപ്പിക്കുന്നു. 400ഓളം സേവനമേഖലാ കമ്പനികളുടെ പാനലിന് അയച്ച ചോദ്യാവലിയുടെ പ്രതികരണങ്ങളിൽ നിന്നാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.
" മൂന്ന് മാസത്തെ ഉയർന്ന നിലയിലായിരുന്ന പുതിയ ഓർഡറുകൾ മൊത്തം ബിസിനസ് ആക്റ്റിവിറ്റിയിലെ വളര്‍ച്ചയെ നയിച്ചു," എച്ച്എസ്ബിസിയിലെ ചീഫ് ഇന്ത്യ ഇക്കണോമിസ്റ്റ് പ്രഞ്ജുൽ ഭണ്ഡാരി പറഞ്ഞു. അന്താരാഷ്ട്ര വിൽപ്പനയില്‍ തുടർച്ചയായ വളർച്ച പ്രകടമായി. ഡിസംബറിൽ ഓസ്‌ട്രേലിയ, കാനഡ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള ക്ലയന്റുകളിൽ നിന്ന് ഉയർന്ന ആവശ്യകത പ്രകടമായി.
തൊഴിലവസരങ്ങൾ തുടർച്ചയായ 19-ാം മാസവും വര്‍ധന പ്രകടമാക്കി.ബിസിനസ് ശുഭാപ്തിവിശ്വാസം ശക്തിപ്പെട്ടുവെന്നും സര്‍വെ വ്യക്തമാക്കുന്നുണ്ട്. മുന്നോട്ട് പോകുമ്പോൾ, പരസ്യങ്ങളുടെയും മികച്ച ഉപഭോക്തൃ ബന്ധങ്ങളുടെയും ഫലമായി 2024 അവസാനം വരെ ശക്തമായ ആവശ്യകത ഉണ്ടാകുമെന്ന് ഇന്ത്യയിലെ സേവന സ്ഥാപനങ്ങൾ പ്രതീക്ഷിക്കുന്നു.
സേവന കമ്പനികളുടെ ചെലവ് സമ്മര്‍ദം കുടുതല്‍ കുറഞ്ഞ്, ഏകദേശം മൂന്നര വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തി. എന്നിട്ടും, വിൽപ്പന നിരക്കുകളിൽ വേഗത്തിലുള്ളതും കടുത്തതുമായ ഉയർച്ചയുണ്ടായി.
മാനുഫാക്ചറിംഗ് മേഖലയുടെയും സേവന മേഖലയുടെയും പ്രവര്‍ത്തനങ്ങളെ ഒരുമിച്ച് വിലയിരുത്തുന്ന, എച്ച്എസ്ബിസി ഇന്ത്യ കോമ്പോസിറ്റ് പിഎംഐ ഔട്ട്പുട്ട് സൂചിക 57.4ൽ നിന്ന് 58.5 ആയി ഉയർന്നു, ഇത് സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും ശക്തമായ വിപുലീകരണ നിരക്കാണ്. മാനുഫാക്ചറിംഗ് വളര്‍ച്ച 18 മാസത്തെ താഴ്ന്ന നിലയില്‍ ആയിരുന്നതിനാല്‍ സേവന സമ്പദ്‌വ്യവസ്ഥയിലെ വേഗത്തിലുള്ള വളർച്ചയാണ് ഡിസംബറിലെ കോമ്പോസിറ്റ് പിഎംഐ ഉയരാന്‍ ഇടയാക്കിയത്.