വർഷാവസാനം നഷ്ടം രുചിച്ച് ഓഹരി വിപണി

Update: 2024-12-31 11:15 GMT

വർഷാവസാനം നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് ഓഹരി വിപണി. വിദേശ നിക്ഷേപകരുടെ വില്പനയും ആഗോള വിപണികളിൽ നിന്നുള്ള ദുർബലമായ വ്യാപാരവും വിപണിയുടെ ഇടിവിന്‌ കാരണമായി.

നിഫ്റ്റി 0.10 പോയിന്‍റ് നഷ്ടത്തില്‍ 23,644.80 ലും സെന്‍സെക്സ് 109.12 പോയന്‍റ് നഷ്ടത്തില്‍ 78,139.01 പോയന്‍റിലും ക്ലോസ് ചെയ്തു. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐടിസി, അൾട്രാടെക് സിമൻ്റ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ ടെക് മഹീന്ദ്ര, സൊമാറ്റോ, ടാറ്റ കൺസൾട്ടൻസി സർവീസസ്, ഇൻഫോസിസ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാൻസ്, ഹിന്ദുസ്ഥാൻ യുണിലിവർ, എച്ച്സിഎൽ ടെക്നോളജീസ് എന്നിവ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം ഇന്നലെ  വിദേശ സ്ഥാപന നിക്ഷേപകർ (എഫ്ഐഐ) 1,893.16 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. 

ഏഷ്യൻ വിപണികളും ഷാങ്ഹായിയും താഴ്ന്ന നിലയിലായപ്പോൾ ഹോങ്കോംഗ് പോസിറ്റീവായി അവസാനിച്ചു. പുതുവത്സര അവധിക്ക് ടോക്കിയോയിലും സോളിലും മാർക്കറ്റുകൾ അടച്ചിരുന്നു.യൂറോപ്യൻ വിപണികൾ കൂടുതലും ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.46 ശതമാനം ഉയർന്ന് ബാരലിന് 74.34 ഡോളറിലെത്തി.

2024ൽ സെൻസെക്‌സ് 5,898.75 പോയിൻ്റ് അഥവാ 8.16 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി 1,913.4 പോയിൻ്റ് അഥവാ 8.80 ശതമാനം ഉയർന്നു. ഈ വർഷം സെപ്തംബർ 27 ന് സെൻസെക്സ് 85,978.25 എന്ന റെക്കോർഡ് കൊടുമുടിയിലെത്തി,  നിഫ്റ്റിയും അതേ ദിവസം തന്നെ 26,277.35 എന്ന ആജീവനാന്ത ഉയരത്തിലും എത്തി. 

Tags:    

Similar News