സെന്‍സെക്സിനും നിഫ്റ്റിക്കും പൊസിറ്റിവ് തുടക്കം
- ആര്‍ഐഎല്‍ ഉള്‍പ്പടെയുള്ള ലാര്‍ജ് ക്യാപുകളില്‍ മികച്ച വാങ്ങല്‍
- യുഎസ് ബോണ്ട് ആദായം 4 ശതമാനത്തിനടുത്ത് തുടരുന്നു
ആഭ്യന്തര ഓഹരി വിപണി സൂചികകൾ ബുധനാഴ്ച ആദ്യ വ്യാപാരത്തിൽ മുകളിലേക്ക് കയറി. എന്നിരുന്നാലും, വിദേശ ഫണ്ടുകളുടെ പുറത്തേക്കൊഴുക്ക് തുടരുന്നതിന്‍റെയും ആഗോള വിപണികളിലെ സമ്മിശ്ര പ്രവണതകളുടെയും പശ്ചാത്തലത്തില്‍ നേട്ടങ്ങൾ പരിമിതപ്പെട്ടിരിക്കുന്നു. റിലയൻസ് ഇൻഡസ്ട്രീസ് ഉള്‍പ്പടെയുള്ള പ്രമുഖ ഓഹരികളിലെ വാങ്ങല്‍ നിക്ഷേപക വികാരത്തെ പിന്തുണച്ചു.
തുടക്ക വ്യാപാരത്തില്‍ സെൻസെക്‌സ് 74.43 പോയിന്റ് ഉയർന്ന് 66,005.20 ലെത്തി. നിഫ്റ്റി 26.15 പോയിന്റ് ഉയർന്ന് 19,809.55 ലെത്തി.
സെൻസെക്‌സില്‍ പവർ ഗ്രിഡ്, ടൈറ്റൻ, സൺ ഫാർമ, റിലയൻസ് ഇൻഡസ്ട്രീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ്, ടെക് മഹീന്ദ്ര, നെസ്‌ലെ, ഐടിസി എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ്ഇൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നിവയാണ് ഇടിവ് നേരിടുന്ന പ്രധാന ഓഹരികള്‍.
ഏഷ്യൻ വിപണികളിൽ ടോക്കിയോ പച്ച നിറത്തിലാണ് വ്യാപാരം നടത്തിയത്, സിയോൾ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ താഴ്ന്ന നിലയിലാണ്. ചൊവ്വാഴ്ച യുഎസ് വിപണികൾ നെഗറ്റീവ് ടെറിട്ടറിയിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.16 ശതമാനം ഇടിഞ്ഞ് ബാരലിന് 82.32 ഡോളറിലെത്തി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചൊവ്വാഴ്ച 455.59 കോടി രൂപയുടെ ഇക്വിറ്റി ഓഫ്‌ലോഡ് ചെയ്തതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.
"യുഎസ് ബോണ്ട് ആദായങ്ങൾ ലഘൂകരിക്കുന്നതിൽ നിന്നുള്ള ആഗോള പിന്തുണയോടെ വിപണിയിലെ മുന്നേറ്റം മാറ്റമില്ലാതെ തുടരുന്നു. 10 വർഷ യുഎസ് ബോണ്ട് യീൽഡ് 4 ശതമാനത്തിന് അടുത്ത് തുടരുന്നത് ഇക്വിറ്റി വിപണികള്‍ക്ക് ശക്തമായ പിന്തുണയാണ്. ആർഐഎൽ, ഭാരതി എയര്‍ടെല്‍ , എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയിലെ ശക്തമായ വാങ്ങലിന് മുന്നേറ്റത്തെ തുടർന്നും പിന്തുണയ്‌ക്കാൻ കഴിയും," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു.
ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 275.62 പോയിന്റ് അഥവാ 0.42 ശതമാനം ഉയർന്ന് 65,930.77 എന്ന നിലയിലെത്തി. നിഫ്റ്റി 89.40 പോയിന്റ് അഥവാ 0.45 ശതമാനം ഉയർന്ന് 19,783.40 ലെത്തി.