ചരിത്രമെഴുതി ആഭ്യന്തര വിപണി; സൂചികകൾ തൊട്ടത് പുതിയ ഉയരങ്ങൾ

  • 1.81% ഉയർന്ന സെൻസെക്സ് 73,819.21 എന്ന റെക്കോർഡ് ഉയരം തൊട്ടു
  • സെക്ടറൽ സൂചികയിൽ നിഫ്റ്റി മെറ്റൽ 3.62 ശതമാനം ഉയർന്നു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ കുറഞ്ഞ് 82.90 ലെത്തി

Update: 2024-03-01 11:11 GMT

ഇന്നലെ പുറത്തു വന്ന മൂന്നാം പാദ ജിഡിപി കണക്കുകൾ തുടർന്ന് ആദ്യ വ്യാപാരം മുതൽ ആഭ്യന്തര വിപണി ഇന്ന് നേട്ടത്തിലായിരുന്നു. തുടർന്നുള്ള വ്യാപാരത്തിൽ ഒന്നര ശതമാനത്തോളം ഉയർന്ന സൂചികകൾ ചരിത്ര നേട്ടം കൈവരിച്ചു.  ആഗോള വിപണികളിലെ മുന്നേറ്റവും ആഭ്യന്തര വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടി. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വാങ്ങൽ വർധിച്ചതും മുന്നേറ്റത്തിന് കാരണമായി. വ്യാപാരമധ്യേ 1,318.91 പോയിൻ്റ് അല്ലെങ്കിൽ 1.81 ശതമാനം ഉയർന്ന സെൻസെക്സ് 73,819.21 എന്ന റെക്കോർഡ് ഉയരവും തൊട്ടു. ഇടവ്യാപാരത്തിൽ 370.5 പോയിൻ്റ് അല്ലെങ്കിൽ 1.68 ശതമാനം ഉയർന്ന നിഫ്റ്റി 22,353.30 എന്ന ഇൻട്രാ-ഡേ റെക്കോർഡിലെത്തി.

സെൻസെക്‌സ് 1,245.05 പോയിൻ്റ് അഥവാ 1.72 ശതമാനം ഉയർന്ന് 73,745.35 ലും നിഫ്റ്റി 355.95 പോയിൻ്റ് അഥവാ 1.62 ശതമാനം ഉയർന്ന് 22,338.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ ടാറ്റ സ്റ്റീൽ 6 ശതമാനത്തിലധികം ഉയർന്നപ്പോൾ ജെഎസ്ഡബ്ല്യു സ്റ്റീൽ 4 ശതമാനത്തിലധികം ഉയർന്നു. ലാർസൻ ആൻഡ് ടൂബ്രോ (4.48%), ടൈറ്റൻ (3.77%), ഇൻഡസ്ഇൻഡ് ബാങ്ക് (3.33%), ഐസിഐസിഐ ബാങ്ക് (3.12%) തുടങ്ങിയ ഓഹരികൾ നേട്ടത്തോടെ ക്ലസ് ചെയ്തു.

ബ്രിട്ടാനിയ ഇൻഡസ്ട്രീസ് (-0.95%),  ഇൻഫോസിസ് (-1.15%), എച്ച്സിഎൽ ടെക് (-1.19%) സൺ ഫാർമ (-1.19%) ഡോ റെഡ്ഡീസ് ലബോറട്ടറീസ് (-3.59%) എന്നിവ ഇടിവിലാണ് വ്യപാരം അവസാനിപ്പിച്ചത്.

സെക്ടറൽ സൂചികയിൽ നിഫ്റ്റി മെറ്റൽ 3.62 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക് 2.53 ശതമാനവും ഓട്ടോ 2.25 ശതമാനവും എനർജി 2.24 ശതമാനവും നേട്ടമുണ്ടാക്കി.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2023-ലെ അവസാന മൂന്ന് മാസങ്ങളിൽ പ്രതീക്ഷിച്ചതിലും മികച്ച രീതിയിലാണ് വളർന്നത്. ഈ കാലയളവിൽ 8.4 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ചയാണ് ഇത്.

ഒക്‌ടോബർ-ഡിസംബർ മാസങ്ങളിലെ വളർച്ചാ നിരക്ക് മുൻ മൂന്ന് വർഷങ്ങളിലെ 7.6 ശതമാനത്തേക്കാൾ കൂടുതലായിരുന്നു. ഇത് നടപ്പു സാമ്പത്തിക വർഷത്തെ (ഏപ്രിൽ 2023 മുതൽ മാർച്ച് 2024 വരെ) എസ്റ്റിമേറ്റ് 7.6 ശതമാനമായി ഉയർത്താൻ സഹായിച്ചതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് (NSO) പുറത്ത വിട്ട കണക്ക് വ്യക്തമാക്കുന്നു.  

ഫാക്‌ടറി ഉൽപ്പാദനത്തിലും വിൽപ്പനയിലും കുത്തനെയുള്ള കുതിച്ചുചാട്ടത്തിനിടയിൽ, ആഭ്യന്തരവും ബാഹ്യവുമായ ഡിമാൻഡിൻ്റെ പിന്തുണയോടെ ഫെബ്രുവരിയിൽ ഇന്ത്യയുടെ ഉൽപ്പാദന മേഖലയുടെ വളർച്ച അഞ്ച് മാസത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് ഉയർന്നു.

കാലാനുസൃതമായി ക്രമീകരിച്ച എച്ച്എസ്ബിസി ഇന്ത്യ മാനുഫാക്ചറിംഗ് പർച്ചേസിംഗ് മാനേജർമാരുടെ സൂചിക (പിഎംഐ) ജനുവരിയിലെ 56.5 ൽ നിന്ന് ഫെബ്രുവരിയിൽ 56.9 ആയി ഉയർന്നു, ഇത് സെപ്തംബർ 2023 ന് ശേഷമുള്ള ഈ മേഖലയുടെ ഏറ്റവും ശക്തമായ റിപ്പോർട്ടാണ്.

ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.

യൂറോപ്യൻ വിപണികൾ പച്ചയിൽ വ്യാപാരം തുടരുന്നു. വ്യാഴാഴ്ച യുഎസ് വിപണികൾ ക്ലോസ് ചെയ്തത് നേട്ടത്തോടെയാണ്.

ബ്രെൻ്റ് ക്രൂഡ് 0.94 ശതമാനം ഉയർന്ന് ബാരലിന് 82.84 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.42 ശതമാനം ഉയർന്ന് 2063.45 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ കുറഞ്ഞ് 82.90 എന്ന നിലയിലെത്തി.

എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 3,568.11 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതിനാൽ വിദേശ നിക്ഷേപ സ്ഥാപനങൾ (എഫ്ഐഐകൾ) വ്യാഴാഴ്ച അറ്റ വാങ്ങൽ രേഖപ്പെടുത്തി.

എന്‍എസ്ഇയിലും ബിഎസ്ഇയിലും മാര്‍ച്ച് 2 ന് സ്പെഷ്യൽ ട്രേഡിംഗ് സെന്‍ഷന്‍ നടത്തും.

Tags:    

Similar News