പിസിബിഎൽ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ: കേരള കമ്പനികളുടെ പ്രകടനം
- വണ്ടർല ഹോളിഡേയ്‌സ് ഓഹരികൾ 4.19 ശതമാനം ഉയർന്നു
- നഷ്ട വ്യാപാരം അവസാനിപ്പിച്ച് ബാങ്കിങ് മേഖലയിലെ ഓഹരികൾ
- കല്യാൺ ജ്വലേഴ്‌സ് നഷ്ടത്തിൽ
നവംബർ 23-ലെ വ്യാപാരം അവസാനിച്ചപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ കാർബൺ ബ്ലാക്ക് നിർമ്മാതാക്കളായ ഫിലിപ്സ് കാർബൺ 52 ആഴ്ച്ചയിലെ ഉയർന്ന വിലയിൽ. വ്യാപാരമധ്യേ ഓഹരികൾ ഉയർന്ന വിലയായ 268.40 രൂപ തൊട്ടു. മുൻ ദിവസത്തെ ക്ലോസിങ് വിലയിൽ നിന്നും 7.90 ശതമാനം ഉയർന്ന് ഓഹരികൾ 262.1 രൂപയിൽ ക്ലോസ് ചെയ്തു. ഓഹരിയുടെ ഇന്നത്തെ താഴ്ന്ന വില 243.75 രൂപ. 52 ആഴ്ച്ചയിലെ താഴ്ന്ന വില 108.70 രൂപ. ഇതോടെ കമ്പനിയുടെ വിപണി മൂല്യം 9908.39 കോടി രൂപയിലെത്തി. ഇന്നത്തെ വ്യപാരത്തിൽ 2.47 ലക്ഷം ഓഹരികളുടെ കൈമാറ്റം നടന്നു.
മുൻ ദിവസം നഷ്ട വ്യാപാരത്തിൽ ക്ലോസ് ചെയ്ത വണ്ടർല ഹോളിഡേയ്‌സ് ഓഹരികൾ 4.19 ശതമാനം ഉയർന്ന് 969.55 രൂപയിലെത്തി. കൊച്ചിൻ ഷിപ്യാർഡ് ഓഹരികൾ ഉയർന്നു. ഓഹരികൾ 2.69 ശതമാനം ഉയർന്ന് 1107.2 രൂപയിൽ ക്ലോസ് ചെയ്തു. കിറ്റെക്സ് ഓഹരികൾ 1.78 ശതമാനം നേട്ടം നൽകി. ഫാക്ട് ഓഹരികൾ 0.57 ശതമാനം ഉയർന്ന് 705.6 രൂപയിൽ വ്യാപാരം അവസാനിപ്പിച്ചു.
നഷ്ട വ്യാപാരം അവസാനിപ്പിച്ച് ബാങ്കിങ് മേഖലയിലെ ഓഹരികൾ. സിഎസ്ബി ബാങ്ക് ഓഹരികൾ 1.69 ശതമാനം നേട്ടം നൽകി. വ്യാപാരവസാനം ഓഹരികൾ 377 രൂപയിൽ ക്ലോസ് ചെയ്തു. ഇന്നത്തെ ഉയർന്ന വില 379 രൂപ. 52 ആഴ്ച്ചയിലെ ഉയർന്ന വില 380 രൂപ. ഫെഡറൽ ബാങ്ക് 1.17 ശതമാനം ഉയർന്ന് 147.15 രൂപയിൽ വ്യാപാരം നിർത്തി. ഇസാഫ് സ്മാൾ ഫൈനാൻസ് ബാങ്ക് 0.15 ഉയർന്നു.ധനലക്ഷ്മി ബാങ്ക് നേട്ടങ്ങളൊന്നുമില്ലാതെ ഇന്നലത്തെ ക്ലോസിങ് വിലയായ 28.45 രൂപയിൽ തന്നെ ക്ലോസ് ചെയ്തു. സൗത്ത് ഇന്ത്യൻ ബാങ്ക് ഓഹരികൾ മാത്രം 0.61 ശതമാനം ഇടിവ് രേഖപ്പെടുത്തി. ക്ലോസിങ് വില 24.45 രൂപ.
കല്യാൺ ജ്വലേഴ്‌സ് നഷ്ടത്തിൽ. ഓഹരികൾ ഇന്ന് 1.28 ശതമാനം താഴ്ന്ന് 328.9 രൂപയിൽ ക്ലോസ് ചെയ്തു. മുത്തൂറ്റ് ഫൈനാൻസ് ഓഹരികൾ ഇടിവിൽ. ഓഹരികൾ 0.30 ശതമാനം ഇടിഞ്ഞു. ജിയോജിത് ഓഹരികൾ 1.79 ശതമാനം താഴ്ന്നു.