19,000ന് മുകളില്‍ നിഫ്റ്റിയുടെ ക്ലോസിംഗ്, സെന്‍സെക്സും മികച്ച നേട്ടത്തില്‍
- നിക്ഷേപകര്‍ക്ക് മൊത്തമായി 5 ലക്ഷം കോടി രൂപയ്ക്ക് മുകളിലുള്ള നേട്ടം
- മൂല്യനിര്‍ണയം ആകര്‍ഷകമായെന്ന് വിദഗ്ധര്‍
ആറ് സെഷനുകളിലെ നഷ്ടത്തിന് ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകളില്‍ ഇന്ന് നേട്ടം. പ്രതീക്ഷിച്ചതിലും ദുർബലമായ വിലക്കയറ്റ കണക്കുകളെ തുടര്‍ന്ന് യുഎസ് ട്രഷറി ആദായം ഇടിവ് നേരിട്ടതാണ് വിപണികളെ സ്വാധീനിച്ച ഒരു പോസിറ്റിവ് ഘടകം. ഇതിനൊപ്പം ക്രൂഡ് ഓയില്‍ വില 90 ഡോളറിന് താഴെ തുടര്‍ന്നതും നിക്ഷേപക വികാരത്തെ പിന്തുണച്ചു. ഐടി, ബാങ്ക്, ഫിനാൻസ്, മെറ്റൽ, റിയാലിറ്റി ഓഹരികളാണ് റാലിയെ നയിച്ചത്.
നിഫ്റ്റി 202 പോയിന്റ് (1.07 ശതമാനം) ഉയർന്ന് 19,059.70ലും സെൻസെക്സ് 635 പോയിന്‍റ് (1.01 ശതമാനം) ഉയർന്ന് 63,782.80ലും ക്ലോസ് ചെയ്തു. 5 ലക്ഷം രൂപയ്ക്ക് മുകളിലുള്ള നേട്ടമാണ് നിക്ഷേപകര്‍ക്ക് മൊത്തമായി ഇന്ന് ഉണ്ടായതെന്നാണ് വിലയിരുത്തല്‍.
എച്ച് സി എൽ ടെക്നോളജീസ്, ആക്സിസ് ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ ഏറ്റവും മികച്ച നേട്ടം രേഖപ്പെടുത്തി. ഐടിസി, ഏഷ്യന്‍ പെയിന്‍റ്സ് എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയ പ്രധാന ഓഹരികള്‍.
കഴിഞ്ഞ പാദത്തിൽ യുഎസ് സമ്പദ്‌വ്യവസ്ഥ ഏകദേശം രണ്ട് വർഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വേഗത്തിൽ വളർന്നു. പ്രാഥമിക കണക്ക് അനുസരിച്ച്, മൊത്തം ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 4.9 ശതമാനം വാർഷിക വളര്‍ച്ച പ്രകടമാക്കി. വ്യക്തിഗത ചെലവിടല്‍ 4 ശതമാനം ഉയര്‍ന്നു. 2021 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണിത്.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ പോസിറ്റീവ് ടെറിട്ടറിയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസ് വിപണികൾ വ്യാഴാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്.
"യുഎസിലെ ഉയർന്ന ബോണ്ട് യീൽഡുകളും പശ്ചിമേഷ്യയിലെ പിരിമുറുക്കവും മൂലം തുടർച്ചയായ ആറ് ദിവസത്തെ നഷ്ടത്തിന് ശേഷം, വിപണിയില്‍ അമിതമായി വിറ്റഴിക്കല്‍ നടന്നുവെന്ന വികാരമാണുള്ളത്," ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാർ പറഞ്ഞു. "യുഎസ് ജിഡിപി വളർച്ച 4.9 ശതമാനം ഉണ്ടെന്നത് അതിശയകരമാണ്. കൂടുതൽ കാലം ഉയർന്ന പലിശ നിരക്ക് നിലനിര്‍ത്താന്‍ ഇത് ഫെഡ് റിസര്‍വിനെ പ്രേരിപ്പിച്ചേക്കും, സ്റ്റോക്ക് മാർക്കറ്റ് വീക്ഷണകോണിൽ ഇത് പ്രതികൂലമാണ്,” വിജയകുമാർ കൂട്ടിച്ചേർത്തു.
വിപണിയിലെ തിരുത്തലിനു ശേഷം ഇന്ത്യന്‍ ഓഹരികളുടെ മൂല്യ നിര്‍ണയം ഇപ്പോള്‍ ആകര്‍ഷകമായി മാറിയെന്നും ബാങ്കിംഗ് ഓഹരികളുടെ മൂല്യ നിര്‍ണയം ആകര്‍കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ (എഫ്‌ഐഐകൾ) വ്യാഴാഴ്ച 7,702.53 കോടി രൂപയുടെ ഇക്വിറ്റികൾ വിറ്റഴിച്ചുവെന്ന് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ബിഎസ്ഇ ബെഞ്ച്മാർക്ക് 900.91 പോയിന്റ് (1.41 ശതമാനം) ഇടിഞ്ഞ് 64,000 ന് താഴെ 63,148.15 ൽ എത്തി. നിഫ്റ്റി 264.90 പോയിന്റ് (1.39 ശതമാനം) ഇടിഞ്ഞ് 18,857.25 ൽ എത്തി.