വിപണിയിൽ ഇന്നും പുത്തൻ റെക്കോർഡുകൾ; 26,000 വിടാതെ വിപണി
- സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 85,000 ത്തിന് മുകളിൽ ക്ലോസ് ചെയ്തു
- ബ്രെൻ്റ് ക്രൂഡ് 0.35 ശതമാനം ഇടിഞ്ഞ് ബാരലിന് 74.91 ഡോളറിലെത്തി
- ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു
ആഭ്യന്തര വിപണി ഇന്ന് വ്യപാരം അവസാനിപ്പിച്ചത് പുത്തൻ റെക്കോർഡുകളോടെയാണ്. സെൻസെക്സ് ചരിത്രത്തിൽ ആദ്യമായി 85,000 ത്തിന് മുകളിൽ ക്ലോസ് ചെയ്തു. നിഫ്റ്റി എക്കാലത്തെയും ഉയർന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സ് 255.83 പോയിൻ്റ് അഥവാ 0.30 ശതമാനം ഉയർന്ന് 85,169.87 എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ഇൻട്രാ-ഡേയിൽ സൂചിക 333.38 പോയിൻ്റ് ഉയർന്ന് 85,247.42 എന്ന റെക്കോർഡിലുമെത്തി.
നിഫ്റ്റി 63.75 പോയിൻ്റ് അഥവാ 0.25 ശതമാനം ഉയർന്ന് 26,004.15 എന്ന റെക്കോർഡ് ഉയരത്തിൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേയിൽ സൂചിക 92.4 പോയിൻറ് ഉയർന്ന് 26,032.80 എന്ന സർവ്വകാല ഉയരവും തൊട്ടു.
സെൻസെക്സിൽ പവർ ഗ്രിഡ്, ആക്‌സിസ് ബാങ്ക്, എൻടിപിസി, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, ടാറ്റ സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടെക് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ, കൊട്ടക് മഹീന്ദ്ര ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ജെഎസ്ഡബ്ല്യു സ്റ്റീൽ എന്നീ ഓഹരികൾ ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി പവർ, മെറ്റൽ, മീഡിയ, റിയാലിറ്റി സൂചികകൾ 0.5-3 ശതമാനം ഉയർന്നപ്പോൾ എഫ്എംസിജി, പിഎസ്‌യു ബാങ്ക്, ഐടി എന്നിവ 0.5-1 ശതമാനം ഇടിഞ്ഞു.
ഏഷ്യൻ വിപണികളിൽ ഷാങ്ഹായും ഹോങ്കോങ്ങും നേട്ടത്തോടെ ക്ലോസ് ചെയ്തപ്പോൾ സിയോളും ടോക്കിയോയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ താഴ്ന്ന നിലയിലാണ് വ്യാപാരം തുടർന്ന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 2,784.14 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.35 ശതമാനം ഇടിഞ്ഞ് ബാരലിന് 74.91 ഡോളറിലെത്തി.