5 ടോപ് 10 കമ്പനികളുടെ മൂല്യത്തില്‍‍ 1.67 ലക്ഷം കോടിയുടെ ഇടിവ്

  • എച്ച്ഡിഎഫ്‍സി ബാങ്കിന്‍റെ മൂല്യത്തില്‍ വലിയ ഇടിവ്
  • ഏറ്റവും മൂല്യമുള്ള പൊതുമേഖഖലാ കമ്പനിയായി എല്‍ഐസി
  • റിലയൻസ് ഇൻഡസ്ട്രീസ് ഒന്നാം സ്ഥാനത്ത് തുടരുന്നു

Update: 2024-01-21 05:23 GMT

രാജ്യത്ത് ഓഹരി വിപണി മൂല്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 കമ്പനികളിൽ അഞ്ചെണ്ണത്തിന്റെ സംയോജിത വിപണി മൂല്യം കഴിഞ്ഞയാഴ്ച 1,67,936.21 കോടി രൂപ ഇടിഞ്ഞു. എച്ച്‌ഡിഎഫ്‌സി ബാങ്ക് ആണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടത്. കഴിഞ്ഞ ആഴ്ച, 30-ഷെയർ ബിഎസ്ഇ ബെഞ്ച്മാർക്ക് 1,144.8 പോയിന്റ് അഥവാ 1.57 ശതമാനം ഇടിഞ്ഞു. എൻഎസ്ഇയും ബിഎസ്ഇയും ജനുവരി 20ന് സാധാരണ ട്രേഡിംഗ് സെഷനുകൾ നടത്തി.

ടോപ്പ്-10 പായ്ക്കില്‍ റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ മൂല്യത്തിൽ ഇടിവ് നേരിട്ടപ്പോൾ, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി), ഐടിസി എന്നിവ നേട്ടത്തിലാണ്. 

എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 1,22,163.07 കോടി രൂപ ഇടിഞ്ഞ് 11,22,662.76 കോടി രൂപയായി. കമ്പനിയുടെ ഡിസംബർ പാദത്തിലെ വരുമാനം വിപണിയിൽ മതിപ്പുളവാക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് തുടര്‍ച്ചായ മൂന്ന് ദിവസം ഈ ഓഹരി ഇടിഞ്ഞു. 12 ശതമാനത്തിലധികം ഇടിവാണ് ഉണ്ടായത്. എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ ശനിയാഴ്ച 0.54 ശതമാനം ഉയർന്നു.

റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം 18,199.35 കോടി രൂപ കുറഞ്ഞ് 18,35,665.82 കോടി രൂപയായി. ഹിന്ദുസ്ഥാൻ യുണിലിവറിന്റെ വിപണി മൂല്യം 17,845.15 കോടി രൂപ കുറഞ്ഞ് 5,80,184.57 കോടി രൂപയായും ടിസിഎസിന്റെ വിപണി മൂല്യം 7,720.6 കോടി രൂപ കുറഞ്ഞ് 14,12,613.37 കോടി രൂപയായും മാറി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിപണി മൂലധനം 2,008.04 കോടി രൂപ കുറഞ്ഞ് 5,63,589.24 കോടി രൂപയായി.

എന്നിരുന്നാലും, എൽഐസിയുടെ എംക്യാപ് 67,456.1 കോടി രൂപ ഉയർന്ന് 5,92,019.78 കോടി രൂപയിലെത്തി. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) ബുധനാഴ്ച വിപണി മൂല്യനിർണയത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) മറികടന്ന് രാജ്യത്തെ ഏറ്റവും മൂല്യമുള്ള പൊതുമേഖലാ സ്ഥാപനമായി.

ഭാരതി എയർടെൽ 26,380.94 കോടി രൂപ കൂട്ടിയതോടെ, വിപണി മൂല്യം 6,31,679.96 കോടി രൂപയായി. ഇൻഫോസിസിന്റെ മൂല്യം 15,170.75 കോടി രൂപ ഉയർന്ന് 6,84,305.90 കോടി രൂപയായും ഐസിഐസിഐ ബാങ്കിന്റേത് 3,163.72 കോടി രൂപ ഉയര്‍ന്ന് 7,07,373.79 കോടി രൂപയായും മാറി. ഐടിസിയുടെ മൂല്യം 2,058.48 കോടി രൂപ ഉയർന്ന് 5,84,170.38 കോടി രൂപയായി.

റിലയൻസ് ഇൻഡസ്ട്രീസ് ഏറ്റവും മൂല്യമുള്ള 10 കമ്പനികളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ, എൽഐസി, ഐടിസി, ഹിന്ദുസ്ഥാൻ യുണിലിവർ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവ യഥാക്രമം പിന്നീടുള്ള സ്ഥാനങ്ങളില്‍ വരുന്നു,

Tags:    

Similar News