മഹാരാഷ്ട്ര കനിഞ്ഞു; വിപണി കുതിച്ചു
- ബ്ലൂ ചിപ്പ് ഓഹരികളിലെ നേട്ടവും വിപണിയുടെ കുതിപ്പിന് താങ്ങായി
- എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തു
- സ്വർണം ട്രോയ് ഔൺസിന് ഒരു ശതമാനം ഇടിഞ്ഞ് 2710 ഡോളറിലെത്തി
ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ നേട്ടത്തോടെയാണ്. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനം കുതിപ്പ് രേഖപെടുത്തി. ബ്ലൂ ചിപ്പ് ഓഹരികളിലെ കുതിപ്പും വിപണിയെ നേട്ടത്തിലെത്തിച്ചു. മഹാരാഷ്ട്രയിലെ ബിജെപിയുടെ തുടര്‍ ഭരണം വിപണിയില്‍ നിക്ഷേപകരുടെ സാന്നിധ്യം വര്‍ധിപ്പിച്ചു.
സെൻസെക്സ് 992.74 പോയിൻ്റ് അഥവാ1.25 ശതമാനം ഉയർന്ന് 80,109.85ൽ ക്ലോസ് ചെയ്തു. ഇൻട്രാ ഡേ-യിൽ സൂചിക 1,355.97 പോയിൻ്റ് അഥവാ 1.71 ശതമാനം ഉയർന്ന് 80,473.08 വരെ എത്തിയിരുന്നു. നിഫ്റ്റി 314.65 പോയിൻ്റ് അഥവാ 1.32 ശതമാനം ഉയർന്ന് 24,221.90 ൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ ലാർസൻ ആൻഡ് ടൂബ്രോ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി പോർട്ട്സ്, റിലയൻസ് ഇൻഡസ്ട്രീസ്, പവർ ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ആക്സിസ് ബാങ്ക് ഓഹരികൾ മികച്ച നേട്ടത്തോടെ ക്ലോസ് ചെയ്തു. ജെഎസ്ഡബ്ല്യു സ്റ്റീൽ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, മാരുതി, ഏഷ്യൻ പെയിൻ്റ്സ്, എച്ച്സിഎൽ ടെക് ഓഹരികൾ നഷ്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഡിസംബർ 23 മുതൽ സൊമാറ്റോ, ജെഎസ്ഡബ്ല്യു സ്റ്റീലിന് പകരമായി ബിഎസ്ഇ സെൻസെക്സിൻ്റെ ഭാഗമാകും.
എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് ക്ലോസ് ചെയ്തു. സ്മോൾ, മിഡ് ക്യാപ് സൂചികകൾ രണ്ട് ശതമാനം വീതം ഉയർന്നു.
ഏഷ്യൻ വിപണികളിൽ സിയോളും ടോക്കിയോയും നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ചുവപ്പിൽ അവസാനിച്ചു. യൂറോപ്യൻ വിപണികൾ പച്ചയിലാണ് വ്യാപാരം നടത്തുന്നത്. വെള്ളിയാഴ്ച യുഎസ് വിപണികൾ നേട്ടത്തിലാണ് അവസാനിച്ചത്.
വിദേശ നിക്ഷേപകർ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 1,278.37 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.40 ശതമാനം ഇടിഞ്ഞ് ബാരലിന് 74.87 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 10 പൈസ ഉയർന്ന് 84.31ൽ എത്തി. സ്വർണം ട്രോയ് ഔൺസിന് ഒരു ശതമാനം ഇടിഞ്ഞ് 2710 ഡോളറിലെത്തി.