കത്തിക്കയറി വിപണി; സൂചികകൾ കുതിച്ചത് ഒരു ശതമാനത്തോളം
- ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്
- ബ്രെൻ്റ് ക്രൂഡ് 0.54 ശതമാനം ഉയർന്ന് ബാരലിന് 73.77 ഡോളറിലെത്തി
- സിപിഐ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ 5.55 ശതമാനത്തിലെത്തി
ഏറെ ചാഞ്ചാട്ടത്തിനൊടുവിൽ ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ കുതിപ്പോടെയാണ്. പ്രതീക്ഷകൾക്കൊത്ത റീട്ടെയിൽ പണപ്പെരുപ്പവും വ്യാവസായിക വളർച്ചയായും വിപണിക്ക് താങ്ങായി.
തുടക്ക വ്യാപാരത്തിൽ ,207.14 പോയിൻ്റ് ഇടിഞ്ഞ സെൻസെക്‌സ് തിരിച്ചു കയറുകയും 843.16 പോയിൻ്റ് അല്ലെങ്കിൽ 1.04 ശതമാനം ഉയർന്ന് 82,133.12ൽ ക്ലോസ് ചെയ്തു. തുടക്കത്തിൽ 367.9 പോയിൻ്റ് വരെ ഇടിഞ്ഞ നിഫ്റ്റി 219.60 പോയിൻ്റ് അഥവാ 0.89 ശതമാനം ഉയർന്ന് 24,768.30ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്.
സെൻസെക്സിൽ ഭാരതി എയർടെൽ, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, ടൈറ്റൻ, അൾട്രാടെക് സിമൻ്റ്, എച്ച്‌സിഎൽ ടെക്‌നോളജീസ്, പവർ ഗ്രിഡ് എന്നിവയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. ടാറ്റ സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസെർവ് എന്നീ ഓഹരികൾ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.
സെക്ടറൽ സൂചികകളിൽ നിഫ്റ്റി ഓട്ടോ, ബാങ്ക്, എഫ്എംസിജി, ടെലികോം സൂചികകൾ 0.5 ശതമാനം മുതൽ 2 ശതമാനം വരെ ഉയർന്നപ്പോൾ നിഫ്റ്റി റിയൽറ്റി, മെറ്റൽ, മീഡിയ സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു.
ബിഎസ്ഇ മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
നവംബറിൽ റീട്ടെയിൽ പണപ്പെരുപ്പം 5.48 ശതമാനമായി കുറഞ്ഞു, പ്രധാനമായും ഭക്ഷ്യവില ലഘൂകരിച്ചതാണ് റിസർവ് ബാങ്കിൻ്റെ കംഫർട്ട് സോണിലേക്ക് റീട്ടെയിൽ പണപ്പെരുപ്പം എത്തിയത്.
ഉപഭോക്തൃ വില സൂചിക (സിപിഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം നവംബറിൽ 5.55 ശതമാനത്തിലെത്തി. ഒക്ടോബറിൽ 6.21 ശതമാനമായിരുന്നു.
ഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദന (ഐഐപി) വളർച്ച ഒക്ടോബറിൽ 3.5 ശതമാനമായി കുറഞ്ഞു, പ്രധാനമായും ഖനനം, ഊർജം, ഉൽപ്പാദനം എന്നിവയുടെ മോശം പ്രകടനമാണ് ഇതിന് കാരണമായത്.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ താഴ്ന്നപ്പോൾ സിയോൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്പിലെ വിപണികൾ ഉയർന്ന നിരക്കിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ ഇടിവിലാണ് അവസാനിച്ചത്. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 3,560.01 കോടി രൂപയുടെ ഓഹരികൾ വിറ്റു.
ബ്രെൻ്റ് ക്രൂഡ് 0.54 ശതമാനം ഉയർന്ന് ബാരലിന് 73.77 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.73 ശതമാനം ഇടിഞ്ഞ് 2689 ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 9 പൈസ ഉയർന്ന് 84.79ൽ എത്തി.