കുതിപ്പ് തുടർന്ന് വിപണി; കരുത്തേകി ബാങ്കിംഗ് ഓഹരികൾ
- തുടർച്ചയായി രണ്ടാം ദിവസമാണ് വിപണി നേട്ടത്തിലെത്തുന്നത്
- ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.7 ശതമാനം വീതം ഉയർന്നു
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.07ൽ എത്തി
തുടർച്ചയായി രണ്ടാം ദിവസവും ആഭ്യന്തര വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. ബാങ്കിംഗ് ഓഹരികളിലെ കുതിപ്പ് വിപണിയെ നേട്ടത്തിലെത്തിക്കാൻ സഹായിച്ചു. ആഗോള വിപണികളിലെ നേട്ടവും ആഭ്യന്തര വിപണിയിൽ ദൃശ്യമായിരുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ തുടർച്ചയായി വാങ്ങൽ വിപണിയെ നേട്ടത്തിലെത്തിക്കാനായി.
സെൻസെക്സ് 363.99 പോയിൻ്റ് അഥവാ 0.45 ശതമാനം ഉയർന്ന് 80,369.03ൽ ക്ലോസ് ചെയ്തു. ഇൻട്രാ ഡേയിൽ സൂചിക 583.69 പോയിൻ്റ് ഇടിഞ്ഞ് 79,421.35 വരെ താഴ്ന്നിരുന്നു. നിഫ്റ്റി 127.70 പോയിൻ്റ് അഥവാ 0.52 ശതമാനം ഉയർന്ന് 24,466.85ൽ വ്യാപാരം അവസാനിപ്പിച്ചു.
സെൻസെക്സിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5 ശതമാനം ഉയർന്നു, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിൻസെർവ്, എൻടിപിസി, അദാനി പോർട്ട്സ്, ബജാജ് ഫിനാൻസ്, ലാർസൺ ആൻഡ് ടൂബ്രോ എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. മാരുതി, ടാറ്റ മോട്ടോഴ്സ്, സൺ ഫാർമ, ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര എന്നീ ഓഹരികൾ ഇടിവിലാണ് ക്ലോസ് ചെയ്തത്.
നിഫ്റ്റി ബാങ്ക്, റിയൽറ്റി, പവർ, ക്യാപിറ്റൽ ഗുഡ്സ് സൂചികകൾ 1 മുതൽ 2 വരെ ശതമാനം ഉയർന്നപ്പോൾ ഫാർമ, ഐടി, ഓട്ടോ സൂചികകൾ 0.5 മുതൽ 1 ശതമാനം വരെ ഇടിഞ്ഞു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് സൂചികകൾ 0.7 ശതമാനം വീതം ഉയർന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 3,228.08 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഡിഐഐകൾ 1,400.85 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോങ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. ഷാങ്ഹായ് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. തിങ്കളാഴ്ച യുഎസ് വിപണികൾ വ്യാപാരം അവസാനിച്ചത് കുതിപ്പോടെയാണ്.
ബ്രെൻ്റ് ക്രൂഡ് 0.66 ശതമാനം ഉയർന്ന് ബാരലിന് 71.89 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.24 ശതമാനം ഉയർന്ന് 2763 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.07ൽ എത്തി.