ആറാം നാൾ വിപണി കുതിച്ചു; സെൻസെക്സിന് 600 പോയിന്റ് നേട്ടം
- എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തോടെ ക്ലോസ് ചെയ്തു
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 84.07ൽ എത്തി
- ഡിഐഐകൾ വാങ്ങിയത് 97,000 കോടി രൂപയുടെ ഓഹരികൾ
അഞ്ചു ദിവസത്തെ ഇടിവിന് ശേഷം ആറാം നാൾ ആഭ്യന്തര വിപണി നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ തുടർച്ചയായ വാങ്ങൽ വിപണിക്ക് കരുത്തേകി. ഈ മാസം മാത്രം 97,000 കോടി രൂപയുടെ ഓഹരികളാണ് ഡിഐഐകൾ വാങ്ങിയത്. പോയ വരാം നിഫ്റ്റി ഇടിഞ്ഞത് 2.71 ശതമാനമായിരുന്നു അഥവാ 673 പോയിന്റ്. ഐസിഐസിഐ ബാങ്കിലെ കുതിപ്പ് സൂചികകളെ നേട്ടത്തിലെത്തിച്ചു.
സെൻസെക്‌സ് 602.75 പോയിൻ്റ് അഥവാ 0.76 ശതമാനം ഉയർന്ന് 80,005.04ൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേയിൽ സൂചിക1,137.52 പോയിൻ്റ് അഥവാ 1.43 ശതമാനം ഉയർന്ന് 80,539.81 വരെ എത്തിയിരുന്നു. നിഫ്റ്റി 158.35 പോയിൻ്റ് അഥവാ 0.65 ശതമാനം ഉയർന്ന് 24,339.15ൽ വ്യാപാരം അവസാനിപ്പിച്ചു.
ജെഎസ്ഡബ്ല്യു സ്റ്റീൽ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, അദാനി പോർട്ട്‌സ്, ടാറ്റ സ്റ്റീൽ, സൺ ഫാർമ, ഹിന്ദുസ്ഥാൻ യുണിലിവർ, ടാറ്റ മോട്ടോഴ്‌സ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയ ഓഹരികൾ നേട്ടത്തോടെ ക്ലോസ് ചെയ്തു. ആക്‌സിസ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, മാരുതി എന്നീ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എല്ലാ സെക്ടറൽ സൂചികകളും നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക 3.8 ശതമാനവും മെറ്റൽ സൂചിക 2.5 ശതമാനവും ഉയർന്നു. നിഫ്റ്റി ഫാർമ, മീഡിയ, റിയൽറ്റി സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടം നൽകി.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.7 ശതമാനവും സ്മോൾക്യാപ് സൂചിക ഒരു ശതമാനവും കുതിച്ചു.
ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ നേട്ടത്തോടെ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ സമ്മിശ്ര വ്യാപാരം തുടരുന്നു.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 3,036.75 കോടി രൂപയുടെ ഓഹരികൾ വിറ്റിരുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപങ്ങൾ (ഡിഐഐ) 4,159.29 കോടി രൂപയുടെ ഓഹരികളും വാങ്ങി.
ബ്രെൻ്റ് ക്രൂഡ് 5.84 ശതമാനം കുറഞ്ഞ് ബാരലിന് 71.54 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.38 ശതമാനം ഇടിഞ്ഞ് 2744 ഡോളറിലെത്തി.യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 84.07ൽ എത്തി.