ആഭ്യന്തര വിപണി ഇന്ന് ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു. തുടർച്ചയായ അഞ്ചാം ദിവസമാണ് വിപണി ചുവപ്പിൽ അവസാനിക്കുന്നത്. സെൻസെക്‌സ് 662.87 പോയിൻ്റ് അഥവാ 0.83 ശതമാനം ഇടിഞ്ഞ് 79,402.29 ലും നിഫ്റ്റി 218.60 പോയിൻ്റ് അഥവാ 0.90 ശതമാനം ഇടിഞ്ഞ് 24,180.80 എന്ന നിലയിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ലാർസൻ ആൻഡ് ടൂബ്രോ, എൻടിപിസി, അദാനി പോർട്ട്‌സ്, ടാറ്റ സ്റ്റീൽ, മാരുതി, ബജാജ് ഫിനാൻസ്, ടൈറ്റൻ തുടങ്ങിയ കമ്പനികൾ നഷ്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ആക്‌സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ യുണിലിവർ, സൺ ഫാർമ, ഐസിഐസിഐ ബാങ്ക് എന്നിവ നേട്ടമുണ്ടാക്കി.
വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുടെ (എഫ്പിഐ) വിൽപ്പനയാണ് ഇന്ത്യൻ ഓഹരി സൂചികകളെ താഴേക്ക് വലിക്കുന്നതിന്‍റെ പ്രധാന കാരണം. ഒക്ടോബറിൽ ഇതുവരെ എഫ്പിഐകൾ 98,000 കോടി രൂപയുടെ ഓഹരിയാണ് വിറ്റഴിച്ചത്.
ഏഷ്യൻ വിപണികളിൽ സിയോൾ, ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഉയർന്ന നിലയിലും ടോക്കിയോ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ ഇക്വിറ്റി വിപണികൾ പോസിറ്റീവ് മേഖലയിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ മിക്കവാറും നേട്ടത്തിലാണ് അവസാനിച്ചത്. ആഗോള എണ്ണ മാനദണ്ഡമായ ബ്രെൻ്റ് ക്രൂഡ് 0.42 ശതമാനം ഉയർന്ന് ബാരലിന് 74.69 ഡോളറിലെത്തി.