നേട്ടത്തിലെത്തി വിപണി; കരുത്തേകി ബാങ്കിങ് ഓഹരികൾ
- ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഉയർന്ന വാങ്ങലും വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടി
- നിഫ്റ്റി മെറ്റൽ സൂചിക1.57 ശതമാനത്തിലധികം നേട്ടമുണ്ടാക്കി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 84.07ൽ എത്തി
മൂന്ന് ദിവസത്തെ ഇടിവിന് ശേഷം ആഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് നേട്ടത്തിലാണ്. ബാങ്കിങ് ഓഹരികളിലെ കുതിപ്പ് സൂചികകളെ നേട്ടത്തിലെത്തിച്ചു. ആഗോള വിപണികളിലെ കുതിപ്പും ആഭ്യന്തര വിപണിയിൽ ദൃശ്യമായിരുന്നു. ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ ഉയർന്ന വാങ്ങലും വിപണിയുടെ കുതിപ്പിന് ആക്കം കൂട്ടി. വ്യാഴാഴ്ച 4,979.83 കോടി രൂപയുടെ ഓഹരികളായിരുന്നു ഡിഐഐകൾ വാങ്ങിയത്. തുടക്കത്തിൽ ഇടിവിലായിരുന്ന സൂചികകൾ തുടർന്നുള്ള വ്യാപാരത്തിലാണ് നേട്ടം കൈവരിച്ചത്.
സെൻസെക്സ് 218.14 പോയിൻ്റ് അഥവാ 0.27 ശതമാനം ഉയർന്ന് 81,224.75 നിഫ്റ്റി 104.20 പോയിൻ്റ് അഥവാ 0.42 ശതമാനം ഉയർന്ന് 24,854.05 ലും ആണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐസിഐസിഐ ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, ടാറ്റ സ്റ്റീൽ, എൻടിപിസി, ജെഎസ്ഡബ്ല്യു സ്റ്റീൽ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, അദാനി പോർട്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഏഷ്യൻ പെയിൻ്റ്‌സ്, നെസ്‌ലെ, ടെക് മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌നോളജീസ്, ഹിന്ദുസ്ഥാൻ യുണിലിവർ, ഐടിസി ഓഹരികൾ ഇടിവോടെ വ്യാപാരം അവസാനിപ്പിച്ചു.
തുടർച്ചയായി നാല് ദിവസം നഷ്ടത്തിലായിരുന്ന നിഫ്റ്റി മെറ്റൽ സൂചിക1.57 ശതമാനത്തിലധികം നേട്ടമുണ്ടാക്കി. ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ കുതിപ്പിൽ നിഫ്റ്റി ബാങ്ക് 1.57 ശതമാനം ഉയർന്ന് 52,094.20ൽ ക്ലോസ് ചെയ്തു.
നിഫ്റ്റി മിഡ്‌ക്യാപ് 150, 0.17 ശതമാനം ഉയർന്ന് 21,755.65 ൽ ക്ലോസ് ചെയ്തു. നിഫ്റ്റി സ്‌മോൾക്യാപ്പ് 100, 400 പോയിൻറ് ഉയർന്ന് 19,077.80 ൽ എത്തി.
ഏഷ്യൻ വിപണികളിൽ ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ കുത്തനെ ഉയർന്നപ്പോൾ സിയോൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തോടെയാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ പച്ചയിലാണ് അവസാനിച്ചത്.
വ്യാഴാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) 7,421.40 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ബ്രെൻ്റ് ക്രൂഡ് 0.07 ശതമാനം ഇടിഞ്ഞ് ബാരലിന് 74.40 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.75 ശതമാനം ഉയർന്ന് 2727 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഇടിഞ്ഞ് 84.07ൽ എത്തി.