മൂന്നാം നാൾ വിപണി നേട്ടത്തിൽ; കരുത്തായി ഐടി ഓഹരികൾ

  • നിഫ്റ്റി ഐടി സൂചിക അഞ്ച് ശതമാനം ഉയർന്നു
  • നിഫ്റ്റിയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളും ഐടി ഓഹരികൾക്കാണ്
  • റിയൽറ്റി സൂചിക 1.5 ശതമാനം ഇടിഞ്ഞു

Update: 2024-07-12 11:15 GMT

ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് മികച്ച നേട്ടത്തോടെയാണ്. സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഉയർന്ന് പുതിയ ഉയരങ്ങളിലെത്തി. ഐടി, ടെക് ഓഹരികളുടെ വമ്പൻ കുതിപ്പാണ് സൂചികകൾ പുതിയ ഉയരത്തിലെത്തിച്ചത്.

സെൻസെക്‌സ് 622 പോയിൻ്റ് അഥവാ 0.78 ശതമാനം ഉയർന്ന് 80,519.34 ൽ ആണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നത്തെ ഇടവ്യാപാരത്തിൽ സൂചിക 996.17 പോയിൻ്റ് അഥവാ 1.24 ശതമാനം ഉയർന്ന് എക്കാലത്തെയും ഉയർന്ന പോയിന്റായ 80,893.51 ലെത്തി.

നിഫ്റ്റി 186.20 പോയിൻ്റ് അഥവാ 0.77 ശതമാനം ഉയർന്ന് 24,502.15 ൽ ആണ് ക്ലോസ് ചെയ്തത്. ഇൻട്രാ-ഡേയിൽ സൂചിക 276.25 പോയിൻ്റ് അഥവാ 1.13 ശതമാനം ഉയർന്ന് 24,592.20 എന്ന പുതിയ ഉയരത്തിലെത്തി.

നിഫ്റ്റിയിൽ  ടിസിഎസ്, വിപ്രോ, എൽടിഐഎംഡിട്രീ, ഇൻഫോസിസ്, എച്ച്സിഎൽ ടെക്നോളജീസ് മികച്ച നേട്ടം നൽകിയപ്പോൾ മാരുതി സുസുക്കി, ദിവിസ് ലാബ്സ്, ബിപിസിഎൽ, കോൾ ഇന്ത്യ, ഏഷ്യൻ പെയിൻ്റ്സ് എന്നീ ഓഹരികൾ ഇടിഞ്ഞു.

മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി സൂചിക അഞ്ച് ശതമാനം ഉയർന്നു. നിഫ്റ്റിയിലെ ആദ്യ അഞ്ച് സ്ഥാനങ്ങളും ഐടി ഓഹരികൾക്കാണ്. റിയൽറ്റി സൂചിക 1.5 ശതമാനം ഇടിഞ്ഞു. മാക്രോടെക്, ലോധ, പ്രസ്റ്റീജ് തുടങ്ങിയ ഓഹരികൾ സൂചികയുടെ ഇടിവിന് കാരണമായി. ഇന്ത്യ വിക്സ് സൂചിക 2.3 ശതമാനം താഴ്ന്ന് 13ൽ എത്തി.

നിഫ്റ്റി മിഡ്ക്യാപ് 0.2 ശതമാനം ഇടിഞ്ഞപ്പോൾ സ്മോൾക്യാപ് 0.1 ശതമാനവും താഴ്ന്നു.

കഴിഞ്ഞ ദിവസം ടാറ്റ കൺസൾട്ടൻസി സർവീസസ് മികച്ച പാദഫലങ്ങളാണ് പുറത്ത് വിട്ടത്. ഇതോടെ ഇന്നത്തെ വ്യാപാരത്തിൽ ടിസിഎസ് ഓഹരികൾ ഏഴു ശതമാനത്തോളം ഉയർന്നു.

ഏഷ്യൻ വിപണികളിൽ ഷാങ്ഹായ്, ഹോങ്കോങ് എന്നിവ ഉയർന്ന നിലയിലും സിയോൾ, ടോക്കിയോ എന്നിവ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. വ്യാഴാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്.

ബ്രെൻ്റ് ക്രൂഡ് 0.78 ശതമാനം ഉയർന്ന് ബാരലിന് 86.13 ഡോളറിലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വ്യാഴാഴ്ച 1,137.01 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്. സ്വർണം ട്രോയ് ഔൺസിന് 0.63 ശതമാനം താഴ്ന്ന് 2406 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 83.52 എത്തി.

Tags:    

Similar News