ഫാക്ട് വിപണിയുടെ വെള്ളിവെളിച്ചത്തിൽ , വിലയിൽ 32 % വർധന
- കൊച്ചി അമ്പലമുകളിൽ അടുത്ത വര്‍ഷം പകുതിയോടെ പുതിയ പ്ലാന്റ്
- കഴിഞ്ഞ രണ്ട് ദിവസത്തിൽ മാത്രം ഓഹരികൾ കേറിയത് 34 ശതമാനം
- 47,912 കോടി രൂപയാണ് നിലവിൽ ഫാക്ടിന്റെ വിപണി മൂല്യം
കഴിഞ്ഞ അഞ്ചു ദിവസത്തിൽ, ആലുവ ആസ്ഥാനമായ കേന്ദ്ര പൊതുമേഖലാ വളം നിർമാതാക്കളായ ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകോറിന്‍റെ (ഫാക്ട് ) ഓഹരികള്‍ 32 ശതമാനം ഉയർന്നു. ഒക്ടോബർ 12 ന് 537.97ൽ വ്യാപാരം തുടങ്ങിയ ഓഹരികള്‍ ഇന്നലെ (ഒക്ടോബർ 17) വ്യാപാരം അവസാനിക്കുമ്പോള്‍ 748.75 രൂപയിലാണ്.
47,912 കോടി രൂപയാണ് നിലവിൽ ഫാക്ടിന്റെ വിപണി മൂല്യം. കഴിഞ്ഞ ജൂണിലായിരുന്നു ഇത് ആദ്യമായി 30000 കോടി രൂപയിലെത്തിയത്. കേരളത്തിൽ നിന്നുള്ള ലിസ്റ്റഡ് കമ്പനികളിൽ ഏറ്റവും ഉയർന്ന മൂല്യമുള്ളത് മുത്തൂറ്റ് ഫിനാൻസിനാണ്, ഇത് ഏകദേശം 50300 കോടി രൂപയോളമാണ്. ഫാക്ടിന്റെ വിപണി മൂല്യം വളര്‍ന്ന് ഇതിനെ മറികടക്കാനുള്ള സാധ്യതകൾ ഏറെയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
വിപണിയിലെ മുന്നേറ്റത്തിനു പിന്നില്‍
കഴിഞ്ഞ രണ്ട് ദിവസത്തിൽ മാത്രം ഓഹരികൾ കേറിയത് 34 ശതമാനത്തോളമാണ്. ഇതിന് കാരണമായി വിദഗ്ധർ പറയുന്നത് ഇസ്രായേൽ-പലസ്‍തീന്‍ യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ പൊതുവേ വളം കമ്പനികളുടെ ഓഹരികൾക്കുണ്ടായ മുന്നേറ്റമാണ് . ഇസ്രായിലിൽ നിന്നാണ് പ്രധാനമായും പൊട്ടാഷ് വളം ഇറക്കുമതി ചെയുന്നത്. വടക്കൻ ഗാസയിലുള്ള അഷ്‌ധോദ് തുറമുഖം വഴിയാണ് ഇസ്രായേലിന്‍റെ വളം കയറ്റുമതി നടക്കുന്നത്. യുദ്ധം തുറമുഖത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഇക്കാരണത്താൽ പൊട്ടാഷ് കയറ്റുമതി ഇടിയുമെന്നും ഇത് വളത്തിന്‍റെ വില കുതിച്ചുയരാന്‍ ഇടയാക്കുമെന്നുമുള്ള വിലയിരുത്തലാണ് ഫാക്ട് അടക്കമുള്ള വളം കമ്പനികളുടെ ഓഹരികളെ ആകര്‍ഷണീയമാക്കുന്നത്.
സാമ്പത്തിക വളർച്ച
തുടർച്ചയായി നഷ്ടത്തിലായിരുന്ന കമ്പനി ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ലാഭത്തിലേക്ക് എത്തിയത്. 2015ന് മുൻപ് വരെ 300 മുതൽ 400 വരെ കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്ന കമ്പനി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 612.99 കോടി രൂപയുടെ ലാഭം കുറിച്ചു. 2020- 21 സാമ്പത്തിക വർഷത്തിൽ 350 കോടി രൂപയും 2021-22ല്‍ 353 കോടി രൂപയും ലാഭം രേഖപ്പെടുത്തി.
വിറ്റുവരവിലും മികച്ച മുന്നേറ്റമാണ് കമ്പനി നേടിയത്. കമ്പനി 2022-23ൽ 6198 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. 2017-18 ലെ വിറ്റുവരവായ 1955 കോടി രൂപയുടെ മൂന്നിരട്ടിയോളമാണിത്.
മാനേജിംഗ് മികവ്
നഷ്ടത്തിൽ ഓടിയിരുന്ന കമ്പനിയെ ലാഭത്തിലെത്തിച്ചതിൽ വലിയൊരു പങ്ക് വഹിച്ചത് മാനേജിങ് ഡയറക്ടർ കിഷോർ റുംഗ്‍തയാണ്. 2019-ൽ സി.എം.ഡി സ്ഥാനം ഏറ്റടുത്ത റുംഗ്‍ത രാജസ്ഥാൻ സ്വദേശിയാണ്. ധനകാര്യ രംഗത്തുള്ള റുംഗ്‍തയുടെ മികവ് ഫാക്ടിന്റെ വളർച്ചയിൽ വലിയ പങ്കുവഹിച്ചു. പുതിയ വിപണികളായ ബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ കമ്പനി സാനിധ്യം അറിയിച്ചു. വര്ഷങ്ങളോളം പൂട്ടി കിടന്ന പെട്രോകെമിക്കൽ പ്ലാന്റ് വീണ്ടും തുറക്കുന്നതിനും അദ്ദേഹത്തിന്‍റെ മാനേജിംഗ് മികവിനായി
ഇതെല്ലം കമ്പനിയുടെ വിപണിയിലെ മുന്നേറ്റത്തിന് കാരണമായി. അഞ്ചു ലക്ഷം ടൺ ഉല്‍പ്പാദന ശേഷിയുള്ള പുതിയ പ്ലാന്റ് കൊച്ചി അമ്പലമുകളിൽ അടുത്ത വര്‍ഷം പകുതിയോടെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ഫാക്ട്.
ഓഹരി പങ്കാളിത്തം