നേട്ടം തുടർന്ന് ആഭ്യന്തര വിപണി; 74,000 കടന്ന് സെൻസെക്സ്, നിഫ്റ്റി ഉയർന്നത് 111 പോയിന്റ്
- ആഗോള വിപണികളിലെ ഉയർന്ന വ്യാപാരം സൂചികകൾക്ക് താങ്ങായി
- ഇന്ത്യ വിക്സ് (VIX) സൂചിക 18 ശതമാനം ഇടിഞ്ഞ് 10.42 ലെത്തി.
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.30 ലെത്തി
ആഭ്യന്തര സൂചികകൾ ഇന്ന് വ്യാപാരം ആരംഭിച്ചത് നേട്ടത്തോടെ. തുടർച്ചയായി മൂന്നാം ദിവസമാണ് വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിക്കുന്നത്. ആഗോള വിപണികളിലെ ഉയർന്ന വ്യാപാരം സൂചികകൾക്ക് താങ്ങായി. ജിയോ പൊളിറ്റിക്കൽ അനിശ്ചിതത്വങ്ങളും പൊതുതെരഞ്ഞെടുപ്പിൻ്റെ ആരംഭവും കണക്കിലെടുത്ത് നിക്ഷേപകരോട് ജാഗ്രത പാലിക്കാനാണ് വിശകലന വിദഗ്ധർ ശുപാർശ ചെയുന്നത്.
സെൻസെക്‌സ് 411.27 പോയിൻ്റ് ഉയർന്ന് 74,059.89ലും നിഫ്റ്റി 111.15 പോയിൻ്റ് ഉയർന്ന് 22,447.55 ലുമാണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്‌സിൽ ഭാരതി എയർടെൽ, ടൈറ്റൻ കമ്പനി, എച്ച്‌സിഎൽ ടെക്‌നോളജീസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഫിൻസെർവ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. പവർ ഗ്രിഡ്, ലാർസൻ ആൻഡ് ടൂബ്രോ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ആക്‌സിസ് ബാങ്ക് തുടങ്ങിയവയാണ് ഇടിഞ്ഞു.
സെക്ടറൽ സൂചികകൾ
സമീപകാല ചാഞ്ചാട്ടം അളക്കുന്ന ഇന്ത്യ വിക്സ് (VIX) സൂചിക 18 ശതമാനം ഇടിഞ്ഞ് 10.42 ലെത്തി. ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. ആദ്യഘട്ട വ്യാപാരത്തിൽ ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.6 ശതമാനം ഉയർന്നു.
സെക്ടറുകളിൽ, നിഫ്റ്റി മെറ്റൽ സൂചിക മാത്രമാണ് ഇടിവിലുള്ളത്. മറ്റുള്ളവയെല്ലാം നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. ഡിഎൽഎഫ്, മാക്രോടെക് ഡെവലപ്പേഴ്‌സ്, ഗോദ്‌റെജ് പ്രോപ്പർട്ടീസ്, ഫീനിക്‌സ് മിൽസ് എന്നിവയുടെ ഉയർന്ന വ്യാപാരത്തിൽ നിഫ്റ്റി റിയൽറ്റി സൂചിക 2 ശതമാനത്തിലധികം ഉയർന്നു.
ആഗോള വിപണികൾ
ഏഷ്യ-പസഫിക് വിപണികൾ വാൾസ്ട്രീറ്റിൽ നിന്നുള്ള ശക്തമായ നീക്കങ്ങളെ പിന്തുടർന്നു. ജപ്പാനിലെ നിക്കേ 0.1 ശതമാനവും ഓസ്‌ട്രേലിയയുടെ എസ് ആൻ്റ് പി 200 0.4 ശതമാനവും ഹോങ്കോങ്ങിൻ്റെ ഹാങ് സെങ് സൂചിക 0.9 ശതമാനവും ഉയർന്നു. ഷാങ്ഹായ് താഴ്ന്ന നിലയിലാണ് വ്യാപാരം തുടരുന്നത്.
തിങ്കളാഴ്ച യുഎസ് വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ഡൗ ജോൺസ്, ടെക്-ഹെവി നാസ്ഡാക്ക് കോമ്പോസിറ്റ്, എസ് ആൻ്റ് പി 500 സൂചികകൾ ഒരു ശതമാനം വരെ ഉയർന്നു.
ബ്രെൻ്റ് ക്രൂഡ് 0.38 ശതമാനം ഉയർന്ന് ബാരലിന് 87.33 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 1.17 ശതമാനം താഴ്ന്ന് 2318.80 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 83.30 ലെത്തി. വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 2,915.23 കോടി രൂപയുടെ ഓഹരികളാണ് വിറ്റത്.
തിങ്കളാഴ്ച സെൻസെക്സ് 560.29 പോയിൻ്റ് അഥവാ 0.77 ശതമാനം ഉയർന്ന് 73,648.62 ലും നിഫ്റ്റി 189.40 പോയിൻ്റ് അഥവാ 0.86 ശതമാനം ഉയർന്ന് 22,336.40 ലുമാണ് ക്ലോസ് ചെയ്തത്.