ജിഡിപി കരുത്തിൽ കുതിപ്പ് തുടർന്ന് ആഭ്യന്തര വിപണി; പുതിയ ഉയരത്തിൽ സൂചികകൾ
- സെൻസെക്‌സും നിഫ്റ്റിയും ആദ്യവ്യാപാരത്തിൽ പുതിയ ഉയരങ്ങളിൽ എത്തി
- വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്
- ബ്രെൻ്റ് ക്രൂഡ് 2 ശതമാനം ഉയർന്ന് ബാരലിന് 83.55 ഡോളറിലെത്തി
പ്രത്യേക ട്രേഡിംഗ് സെഷനിൽ പുതിയ റെക്കോർഡുകൾ ഭേദിച്ച് ആഭ്യന്തര സൂചികകൾ. ജിഡിപി കണക്കുകളും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ നിക്ഷേപങ്ങൾ ഉയർന്നതും കഴിഞ്ഞ ദിവസങ്ങളിൽ സൂചികകളുടെ കുതിപ്പിന് കാരണമായിരുന്നു.
സൂചികകളായ സെൻസെക്‌സും നിഫ്റ്റിയും ഇന്നത്തെ ആദ്യവ്യാപാരത്തിൽ തന്നെ പുതിയ ഉയരങ്ങളിൽ എത്തി. സെൻസെക്‌സ് 236.77 പോയിൻ്റ് ഉയർന്ന് എക്കാലത്തെയും ഉയർന്ന നിരക്കായ 73,982.12 ലും നിഫ്റ്റി 81.5 പോയിൻ്റ് ഉയർന്ന് 22,420.25 എന്ന റെക്കോർഡ് ഉയരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്.
നിഫ്റ്റിയിൽ ഹീറോ മോട്ടോർ കോർപ് (1.57%), ടാറ്റ സ്റ്റീൽ (1.43%), ടാറ്റ മോട്ടോർസ് (1.26%), അപ്പോളോ ടയേഴ്‌സ് (1.03%), ഡോ റെഡ്ഡീസ് ലബോറട്ടറീസ് (0.98%) എന്നിവ നേട്ടം നൽകിയപ്പോൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (0.52%), എൻടിപിസി (0.36%), ഗ്രാസിം ഇൻഡസ്ട്രീസ് (0.31%), ആക്സിസ് ബാങ്ക് (0.30%), സൺ ഫാര്‍മ (0.27%) എന്നിവ ഇടിവിലാണ്.
സെക്ടറൽ സൂചികയിൽ നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചിക ഒഴികെ ബാക്കി എല്ലാം നേട്ടത്തിലാണ്.
എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എൻഎസ്ഇയും ഇക്വിറ്റി, ഇക്വിറ്റി ഡെറിവേറ്റീവ് സെഗ്‌മെൻ്റുകളിലാണ് ശനിയാഴ്ച പ്രത്യേക ട്രേഡിംഗ് സെഷൻ നടത്തുന്നത്. പ്രത്യേക തത്സമയ ട്രേഡിംഗ് സെഷനിൽ പ്രൈമറി സൈറ്റിൽ (പിആർ) നിന്ന് ഡിസാസ്റ്റർ റിക്കവറി (ഡിആർ) സൈറ്റിലേക്ക് ഇൻട്രാ-ഡേ മാറും.
രണ്ട് ട്രേഡിംഗ് സെഷനുകൾ ഉണ്ടായിരിക്കും. ആദ്യത്തേത് പിആറിൽ രാവിലെ 9:15 മുതൽ 10 വരെ, രണ്ടാമത്തേത് ഡിആർ സൈറ്റിൽ രാവിലെ 11:30 മുതൽ 12:30 വരെയുമായിരുക്കും വ്യാപാരം.
ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2023-ലെ അവസാന മൂന്ന് മാസങ്ങളിൽ പ്രതീക്ഷിച്ചതിലും മികച്ച രീതിയിൽ 8.4 ശതമാനം വളർച്ചയാണ് കൈവരിച്ചത്. ഒന്നര വർഷത്തിനിടയിലെ ഏറ്റവും മികച്ച വളർച്ച.
വെള്ളിയാഴ്ച അമേരിക്കൻ വിപണികൾ നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. ബ്രെൻ്റ് ക്രൂഡ് 2 ശതമാനം ഉയർന്ന് ബാരലിന് 83.55 ഡോളറിലെത്തി.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) വെള്ളിയാഴ്ച 128.94 കോടി രൂപയുടെ ഓഹരികൾ വാങ്ങയതിനാൽ അറ്റ വാങ്ങല്‍ രേഖപ്പെടുത്തി.
സെൻസെക്സ് 1,245.05 പോയിൻ്റ് അഥവാ 1.72 ശതമാനം ഉയർന്ന് 73,745.35-ൽ ലും നിഫ്റ്റി 355.95 പോയിൻ്റ് അഥവാ 1.62 ശതമാനം ഉയർന്ന് 22,338.75 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.