നാല് ദിവസത്തെ കുതിപ്പിന് വിരാമം; ചുവപ്പിലടച്ച് വിപണി
- ഓട്ടോ സൂചിക 1.3 ശതമാനവും പിഎസ്‌യു ബാങ്ക് സൂചിക 2.5 ശതമാനവും ഉയർന്നു
- ടാറ്റ മോട്ടോർസ് ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഉയർന്ന് 82.89 ലെത്തി
ആഗോള വിപണികളിലെ സമ്മിശ്ര വ്യാപാരം, വിദേശ നിക്ഷേപകരുടെ വില്പന, ഇൻഡെക്സ് ഹെവിവെയ്റ്റ് റിലയൻസ് ഇൻഡസ്ട്രീസിൻ്റെയും ഐടി ഓഹരികളുടെയും വിൽപ്പനയേയും തുടർന്ന് ആഭ്യന്തര വിപണി ഇന്ന് ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചു. നാല് ദിവസത്തെ കുതിപ്പിന് ശേഷമാണ് ഇന്ന് വിപണി നഷ്ടത്തിൽ ക്ലോസ് ചെയുന്നത്.
സെൻസെക്സ് 195.16 പോയിൻറ് അഥവാ 0.26 ശതമാനം താഴ്ന്ന് 73,677.13 ലും നിഫ്റ്റി 49.30 പോയിൻറ് അഥവാ 0.22 ശതമാനം താഴ്ന്ന് 22,356.30 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏകദേശം 1080 ഓഹരികൾ നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ 2232 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. മാറ്റമില്ലാതെ 59 ഓഹരികൾ.
നിഫ്റ്റിയിൽ ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, ബജാജ് ഓട്ടോ, എസ്ബിഐ, ഒഎൻജിസി എന്നിവ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, നെസ്‌ലെ ഇന്ത്യ, ഇൻഫോസിസ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ് എന്നിവ നഷ്ടത്തിലായി.
പാസഞ്ചർ, കൊമേഴ്‌സ്യൽ വെഹിക്കിൾ ബിസിനസുകളെ രണ്ട് ലിസ്റ്റഡ് സ്ഥാപനങ്ങളായി വിഭജിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രഖ്യാപിച്ചതിനെ തുടർന്ന് ഓഹരികൾ 52 ആഴ്‌ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി.
സെക്ടറൽ സൂചികയിൽ സമ്മിശ്ര വ്യാപാരമാണ് കണ്ടത്. ഓട്ടോ സൂചിക 1.3 ശതമാനവും പിഎസ്‌യു ബാങ്ക് സൂചിക 2.5 ശതമാനവും ഓയിൽആൻഡ് ഗ്യാസ്, പവർ, റിയൽറ്റി എന്നിവ 0.5 ശതമാനം വീതവും ഉയർന്നപ്പോൾ ഐടി, എഫ്എംസിജി സൂചികകൾ 1 ശതമാനം വീതം ഇടിഞ്ഞു. ബിഎസ്ഇ മിഡ്‌ക്യാപ് സൂചിക ഫ്ലാറ്റായി അവസാനിച്ചപ്പോൾ സ്‌മോൾക്യാപ് സൂചിക 0.6 ശതമാനം ഇടിഞ്ഞു.
യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1 പൈസ ഉയർന്ന് 82.89 എന്ന നിലയിലെത്തി. ബ്രെന്റ് ക്രൂഡ് 0.29 ശതമാനം താഴ്ന്ന് 82.56 ഡോളറിലെത്തി. സ്വർണം ട്രോയ് ഔൺസിന് 0.40 ശതമാനം ഉയർന്ന് 2135.20 ഡോളറിലെത്തി.
ഏഷ്യൻ വിപണികളിൽ, സിയോൾ, ടോക്കിയോ, ഹോങ്കോംഗ് എന്നിവ ഇടിവിൽ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ഷാങ്ഹായ് പച്ചയിൽ ക്ലോസ് ചെയ്തു. യൂറോപ്യൻ വിപണികൾ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്. തിങ്കളാഴ്ച യുഎസ് വിപണികളും നഷ്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്.
വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) തിങ്കളാഴ്ച 564.06 കോടി രൂപയുടെ അറ്റ വില്പനകാരായി.