ജാഗ്രതയോടെ ഫെഡ് റിസര്‍വ്, ഏഷ്യന്‍ വിപണികള്‍ ഇടിവില്‍; ഇന്ന് വിപണി തുറക്കും മുമ്പ് അറിയേണ്ടത്
- സ്വര്‍ണം രണ്ടാഴ്ചയിലെ ഉയരത്തില്‍
- യുഎസ് സ്‍റ്റോക്ക് ഫ്യൂച്ചറുകള്‍ താഴ്ന്നു
- യുഎസില്‍ ടെക് ഓഹരികളില്‍ വലിയ വില്‍പ്പന
രണ്ട് സെഷനുകള്‍ക്ക് ശേഷം ആഭ്യന്തര ഓഹരി വിപണി സൂചികകള്‍ പച്ചയിലേക്ക് തിരിച്ചെത്തി എങ്കിലും ഏകീകൃത സ്വഭാവത്തില്‍ തുടരുകയാണ്. ഉയര്‍ച്ചയുടെ സാഹചര്യത്തില്‍ 19,800-19900 മേഖലയില്‍ നിഫ്റ്റിക്ക് ശക്തമായ പ്രതിരോധമുണ്ടെന്നാണ് പ്രതിദിന ചാര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം ഇടിവുണ്ടായില്‍ 19,600 ശക്തമായ പിന്തുണയായി തുടരുന്നു. ചൊവ്വാഴ്ചത്തെ വ്യാപാരത്തില്‍ ബിഎസ്ഇ സെൻസെക്‌സ് 276 പോയിന്റ് ഉയർന്ന് 65,931ലും നിഫ്റ്റി 89 പോയിന്റ് ഉയർന്ന് 19,783ലും എത്തി.
ഇന്ന് ആഗോള തലത്തില്‍ വിപണികളെ സ്വാധീനിക്കുന്ന പ്രധാന ഘടകം ഫെഡ് റിസര്‍വ് ധനനയ സമിതി യോഗത്തിന്‍റെ മിനുറ്റ്സാണ്. വിരുദ്ധ തലങ്ങളിലുള്ള സാമ്പത്തിക ഡാറ്റകളുടെ പശ്ചാത്തലത്തില്‍ ജാഗ്രതാപൂര്‍ണമായ സമീപനം തുടരുമെന്നും തല്‍ക്കാലം നിരക്കുകളില്‍ മാറ്റമില്ലാതെ നിലനിര്‍ത്തുന്നുവെന്നുമാണ് ഒക്റ്റോബര്‍ 31 - നവംബര്‍ 1 തീയതികളിലായി ചേര്‍ന്ന യോഗത്തിന്‍റെ ചുരുക്കം.
വിലക്കയറ്റം ഇനിയും ഉയരുന്ന സാഹചര്യമുണ്ടായാന്‍ ഇനിയും പലിശ നിരക്ക് ഉയര്‍ത്താന്‍ അമേരിക്കന്‍ കേന്ദ്ര ബാങ്ക് മടിക്കില്ലെന്നും നിരക്കുകള്‍ കുറയ്ക്കുന്നതിന് മുമ്പ് ജാഗ്രതാപൂര്‍ണമായ കാത്തിരിപ്പുണ്ടാകും എന്നുമാണ് മിനുറ്റ്സിന്‍റെ അടിസ്ഥാനത്തില്‍ വിപണി വിദഗ്ധര്‍ വിലയിരുത്തുന്നത്. യുഎസിലെ ഭവന വില്‍പ്പന 13 വര്‍ഷങ്ങള്‍ക്കിടയിലെ താഴ്ന്ന നിലയിലെത്തി എന്ന ഡാറ്റയും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
നിഫ്റ്റിയുടെ പ്രതിരോധവും പിന്തുണയും
നിഫ്റ്റി 19,760-ലും തുടർന്ന് 19,743-ലും 19,714-ലും പിന്തുണ നേടുമെന്നാണ് പിവറ്റ് പോയിന്‍റ് കാല്‍ക്കുലേറ്റര്‍ വ്യക്തമാക്കുന്നത്. ഉയർച്ചയുടെ സാഹചര്യത്തില്‍, 19,818 പെട്ടെന്നുള്ള പ്രതിരോധം ആകാം, തുടർന്ന് 19,835 ഉം 19,864 ഉം.
ആഗോള വിപണികളില്‍ ഇന്ന്
എൻവിഡിയയുടെ ഏറ്റവും പുതിയ വരുമാന ഫലങ്ങൾ വിപണി വിലയിരുത്തുന്നതിന്‍റെ ഫലമായി നാസ്ഡാക്ക് 100 ഫ്യൂച്ചറുകൾ ചൊവ്വാഴ്ച രാത്രി താഴ്ന്നു. ടെക്-ഹെവി സൂചികയുമായി ബന്ധപ്പെട്ട ഫ്യൂച്ചറുകൾ ഏകദേശം 0.2 ശതമാനമാണ് ഇടിഞ്ഞത്, എസ് & പി 500 ഫ്യൂച്ചറുകൾ ഏകദേശം 0.1 ശതമാനം ഇടിഞ്ഞു. ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ആവറേജ് ഫ്യൂച്ചറുകൾ ഫ്ലാറ്റ് ലൈനിന് സമീപം തുടര്‍ന്നു. യൂറോപ്യന്‍ വിപണികള്‍ ഇന്നലെ സമ്മിശ്രമായ തലത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്.
ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് പൊതുവില്‍ നഷ്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ഹോംഗ്കോംഗിന്‍റെ ഹാംഗ്സെംഗ്, ദക്ഷണി കൊറിയയുടെ കോസ്പി, കോസ്ഡാഖ്, ചൈനയുടെ ഷാങ്ഹായ് എന്നിവയില്‍ ചുവപ്പിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ജപ്പാന്‍റെ നിക്കിയും ടോപിക്സും നേട്ടത്തിലാണ്.
ഗിഫ്റ്റ് നിഫ്റ്റി 15 പോയിന്‍റ് നേട്ടത്തിലാണ് ഇന്ന് വ്യാപാരം ആരംഭിച്ചത്. വിശാലമായ ആഭ്യന്തര വിപണി സൂചികകളുടെയും നേട്ടത്തിലുള്ള തുടക്കത്തെയാണ് ഡെറിവേറ്റിവ് വിപണി സൂചിപ്പിക്കുന്നത്.
ഇന്ന് ശ്രദ്ധാകേന്ദ്രമാകുന്ന ഓഹരികള്‍
മാരുതി സുസുക്കി ഇന്ത്യ: കമ്പനിയുടെ 1,23,22,514 ഇക്വിറ്റി ഷെയറുകൾ സുസുക്കി മോട്ടോർ കോർപ്പറേഷന് (എസ്എംസി) മുൻഗണനാടിസ്ഥാനത്തിൽ അനുവദിക്കുന്നത് പരിഗണിക്കാൻ ഡയറക്ടർ ബോർഡ് നവംബർ 24 ന് യോഗം ചേരുമെന്ന് ഓട്ടോമൊബൈൽ കമ്പനി അറിയിച്ചു.
ടൈറ്റൻ കമ്പനി: കാരറ്റ്‌ലെയ്‌ൻ ട്രേഡിംഗിൽ 27.18 ശതമാനം അധിക ഓഹരികൾ ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) ടൈറ്റൻ കമ്പനിക്ക് അംഗീകാരം നൽകി. മിഥുൻ പദം സച്ചേതി, സിദ്ധാർത്ഥ പദം സച്ചേതി, പദംചന്ദ് സച്ചേതി എന്നിവരിൽ നിന്ന് കാരറ്റ്‌ലെയ്‌നിലെ ഓഹരികള്‍ ടൈറ്റൻ ഏറ്റെടുക്കും.
വിപ്രോ: ജനറേറ്റീവ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ജെൻ എഐ) സ്വീകരിക്കുന്നത് വേഗത്തിലാക്കുന്നതിനായി ഹെൽത്ത് കെയർ കമ്പനികളെ സഹായിക്കുന്നതിന് എൻവിഡിയയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് വിപ്രൊ പ്രഖ്യാപിച്ചു.
ടാറ്റ കൺസൾട്ടൻസി സർവീസസ്: എപിക് സിസ്റ്റംസ് കോർപ്പറേഷൻ വിഷയത്തിൽ യുഎസിലെ വിസ്കോൺസിൻ ജില്ലാ കോടതി പാസാക്കിയ 140 മില്യൺ ഡോളറിന്റെ പിഴ അപ്പീല്‍ കോടതി ശരിവെച്ചു. ഇതോടെ, പിഴയടക്കേണ്ട ബാക്കി 125 മില്യൺ ഡോളര്‍ വരുന്ന മൂന്ന് പാദങ്ങളിലെ സാമ്പത്തിക റിപ്പോര്‍ട്ടുകളില്‍ അസാധാരണ ഇനമായി നീക്കിവെക്കും.
ബാങ്ക് ഓഫ് ബറോഡ: ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ഈ പൊതുമേഖലാ ബാങ്കിലെ തങ്ങളുടെ ഓഹരി 5 ശതമാനമായി ഉയർത്തി. മുമ്പ് 4.984 ശതമാനമായിരുന്നു.
ടെക്‌സ്‍മാകോ റെയിൽ & എഞ്ചിനീയറിംഗ്: കമ്പനി അതിന്റെ ക്യുഐപി ഇഷ്യു നവംബർ 21-ന് ആരംഭിച്ചു. ഇഷ്യുവിന്റെ തറവില ഒരു ഓഹരിക്ക് 135.90 രൂപയായി നിശ്ചയിച്ചിരിക്കുന്നു.
ക്രൂഡ് ഓയിലും സ്വര്‍ണവും
ഞായറാഴ്ചത്തെ ഷെഡ്യൂൾ ചെയ്ത ഒപെക് + മീറ്റിംഗിലേക്ക് നിക്ഷേപകർ ഉറ്റുനോക്കുന്നതിനാല്‍ ക്രൂഡ് വില ചൊവ്വാഴ്ച വ്യാപാരത്തില്‍ തുടക്കത്തിലെ നഷ്ടം നികത്തി ഏറക്കുറെ ഫ്ലാറ്റായാണ് അവസാനിച്ചത്. യുഎസ് ക്രൂഡ് 0.08 ശതമാനം ഇടിഞ്ഞ് ബാരലിന് 77.77 ഡോളറിലെത്തി, ബ്രെന്റ് ബാരലിന് 0.16 ശതമാനം ഉയർന്ന് 82.45 ഡോളറിലെത്തി.
യുഎസ് ഫെഡ് റിസര്‍വ് പലിശ നിരക്ക് ചക്രം അവസാനിപ്പിക്കുകയാണ് എന്ന പ്രതീക്ഷയില്‍ സ്വർണ്ണം രണ്ടാഴ്ചത്തെ ഏറ്റവും ഉയർന്ന നിലയിലേക്ക് കുതിച്ചു, സ്‌പോട്ട് ഗോൾഡ് 1.1 ശതമാനം വർധിച്ച് ഔൺസിന് 1,998.42 ഡോളറിലെത്തി.
വിദേശ നിക്ഷേപങ്ങളുടെ ഗതി
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 455.59 കോടി രൂപയുടെ അറ്റവില്‍പ്പന ഓഹരികളില്‍ നടത്തി, ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 721.52 കോടി രൂപയുടെ അറ്റവാങ്ങല്‍ നടത്തിയെന്നും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നിന്നുള്ള താൽക്കാലിക കണക്കുകൾ വ്യക്തമാക്കുന്നു.
മുന്‍ ദിവസങ്ങളിലെ പ്രീ-മാര്‍ക്കറ്റ് അവലോകനങ്ങള്‍
നിരാകരണം: ഈ ലേഖനം വിജ്ഞാനത്തെ മാത്രം ഉദ്ദേശിച്ചുള്ളതാണ്, നിക്ഷേപ ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകൾക്ക് വിധേയമാണ്. ഓഹരി വിപണിയിൽ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്‍റിനോ ഉത്തവരാദിത്തം ഉണ്ടായിരിക്കുന്നതല്ല.
വിപണി തുറക്കും മുന്‍പുള്ള മൈഫിന്‍ ടിവിയിലെ ലൈവ് അവലോകനം കാണാം