ബാങ്കിംഗ് ഓഹരികളില്‍ വലിയ വീഴ്ച; സെന്‍സെക്സ് 400 പോയിന്‍റിന് മുകളില്‍ നഷ്ടത്തില്‍
- ബാങ്കിംഗ് ഓഹരികളില്‍ ഒരു ശതമാനത്തിലധികം ഇടിവ്
- ഫാർമ, മീഡിയ ഓഹരികളില്‍ നേട്ടം
ബുധനാഴ്ച തുടക്ക വ്യാപാരത്തിലെ നഷ്ടത്തിനു ശേഷം നേട്ടത്തിലേക്ക് എത്തിയ ആഭ്യന്തര വിപണികള്‍ വീണ്ടും കൂടുതല്‍ കനത്ത നഷ്ടത്തിലേക്ക് നീങ്ങി. ആഗോള വിപണികളിലെ നെഗറ്റിവ് പ്രവണതകളും ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിലെ കുതിച്ചുചാട്ടവും നിക്ഷേപകരുടെ വികാരത്തെ പ്രതികൂലമായി ബാധിച്ചു. ബാങ്കിംഗ് ഓഹരികളാണ് വലിയ ഇടിവ് നേരിട്ടത്. യുഎസ് ഫെഡ് റിസര്‍വ് ഉയര്‍ന്ന പലിശ നിരക്ക് നിലര്‍ത്തുമെന്ന ആശങ്കയും യുഎസ് ട്രഷറി ആദായം ഉയര്‍ന്നതുമാണ് ആഗോള തലത്തില്‍ വിപണികളെ പ്രതികൂലമായി ബാധിച്ച പ്രധാന ഘടകം.
ഉച്ചയ്ക്ക് 12 .21 നുള്ള വിവരം അനുസരിച്ച് ബിഎസ്ഇ സെൻസെക്സ് 457.88 പോയിന്റ് (0.69%) ഇടിഞ്ഞ് 65,970.22ൽ എത്തി. നിഫ്റ്റി 118.35 പോയിന്‍റ് (0.60%) ഇടിഞ്ഞ് 19,693.15ൽ എത്തി.
നേട്ടത്തിലും നഷ്ടത്തിലും
മേഖലകളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ നിഫ്റ്റി ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക്, നിഫ്റ്റി പിഎസ്‌യു ബാങ്ക് എന്നിവയെല്ലാം ഒരു ശതമാനത്തിലധികം താഴ്ന്നു. ഫാർമ, മീഡിയ, ഹെൽത്ത് കെയർ ഓഹരികൾ നേട്ടത്തില്‍ വ്യാപാരം നടത്തുന്നു.
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, കൊട്ടക് മഹീന്ദ്ര ബാങ്ക്, ടെക് മഹീന്ദ്ര, ഐ.ടി.സി. എൻ ടിപിസി എന്നീ ഒഹരികളാണ് പ്രധാനമായും നേട്ടത്തിലുള്ളത്. ടാറ്റ മോട്ടോഴ്സ്, ലാർസൻ ആൻഡ് ടൂബ്രോ, ഇൻഡസ്ഇൻഡ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസസ്, മാരുതി സുസുക്കി ഇന്ത്യ എന്നിവ വലിയ ഇടിവ് നേരിടുന്നു.
ഏഷ്യന്‍ വിപണികള്‍
ഏഷ്യൻ വിപണികളിൽ, ടോക്കിയോ, ഷാങ്ഹായ്, ഹോങ്കോംഗ് എന്നിവ നെഗറ്റീവ് ആയാണ് വ്യാപാരം നടത്തുന്നത്. ചൈനയുടെ മൂന്നാംപാദ ജി.ഡി.പി പ്രതീക്ഷിച്ചതിലും ഉയര്‍ന്ന 4.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയത് ഏഷ്യന്‍ വിപണികളെ നേരിയ തോതില്‍ മുന്നോട്ടുനയിച്ചെങ്കിലും പിന്നെയും നഷ്ടം വിപുലമാക്കുന്നതിലേക്ക് നീങ്ങി.
വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചൊവ്വാഴ്ച 263.68 കോടി രൂപയുടെ ഓഹരികൾ വാങ്ങിയതായി എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു. ചൊവ്വാഴ്ച ബിഎസ്ഇ ബെഞ്ച്മാർക്ക് 261.16 പോയിന്റ് അഥവാ 0.39 ശതമാനം ഉയർന്ന് 66,428.09 ൽ എത്തി. നിഫ്റ്റി 79.75 പോയിന്റ് അഥവാ 0.40 ശതമാനം ഉയർന്ന് 19,811.50 ൽ എത്തി.