ഇന്ന് വിപണികള്‍ക്ക് കയറ്റം, നേട്ടത്തോടെ ക്ലോസിംഗ്

  • ആരോഗ്യ പരിപാലന മേഖല മികച്ച നേട്ടത്തില്‍
  • നിഫ്റ്റിയിലെ എല്ലാ മേഖലാ സൂചികകളും നേട്ടത്തില്‍
  • ഏഷ്യ പസഫിക് വിപണികള്‍ സമ്മിശ്ര തലത്തില്‍

Update: 2024-01-31 10:14 GMT

ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകളില്‍ ഇന്ന് വ്യാപാരം അവസാനിച്ചത് നേട്ടത്തില്‍. തുടക്ക വ്യാപാരത്തില്‍ ഇന്നലത്തെ നഷ്ടം തുടര്‍ന്ന സൂചികകള്‍ പിന്നീട് നേട്ടത്തിലേക്ക് എത്തുകയും അത് തുടരുകയുമായിരുന്നു. ഫാര്‍മ, ആരോഗ്യ സേവനം, പൊതുമേഖലാ ബാങ്ക്  തുടങ്ങിയ മേഖലകളാണ് ഇന്ന് വലിയ മുന്നേറ്റം പ്രകടമാക്കിയത്. കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി ഉയര്‍ത്തുമെന്നും മൂലധന ചെലവിടല്‍ ഉയരുമെന്നുമുള്ള പ്രതീക്ഷ വിപണിയെ സ്വാധീനിച്ചു. നാളെ പുലര്‍ച്ചയോടെ വരാനിരിക്കുന്ന യുഎസ് ഫെഡ് റിസര്‍ന് നയ പ്രഖ്യാപനത്തെ കുറിച്ചുള്ള നിഗമനങ്ങളും നിക്ഷേപകര്‍ വിലയിരുത്തി. 

സെന്‍സെക്സ് 612.21 പോയിന്‍റ് അഥവാ 0.86 ശതമാനം കയറി 71,752.11ല്‍ എത്തി. നിഫ്റ്റി 203.60 പോയിന്‍റ് അഥവാ 0.95 ശതമാനം നേട്ടത്തോടെ 21,725.70ല്‍ എത്തി.

നിഫ്റ്റി മിഡ്ക്യാപ് സൂചിക  1.63  ശതമാവും നിഫ്റ്റി സ്‍മാള്‍ ക്യാപ് 100 സൂചിക  2.25 ശതമാനവും മുന്നേറി. ബിഎസ്ഇ മിഡ്ക്യാപ് സൂചിക  1.57  ശതമാനവും ബിഎസ്ഇ സ്‍മാള്‍ക്യാപ് സൂചിക 1.83 ശതമാനവും നേട്ടമുണ്ടാക്കി.

നേട്ടങ്ങളും കോട്ടങ്ങളും

നിഫ്റ്റിയില്‍ ആരോഗ്യ സേവനം ഏറ്റവും മികച്ച നേട്ടം സ്വന്തമാക്കി, 2.85 ശതമാനം. ഫാര്‍മ, പൊതുമേഖലാ ബാങ്ക്, റിയല്‍റ്റി, എന്നീ മേഖലകള്‍ 2 ശതമാനത്തിന് മുകളില്‍ നേട്ടം കൈവരിച്ചു. ഓട്ടൊമൊബൈല്‍, മെറ്റല്‍, ബാങ്ക്, സ്വകാര്യ ബാങ്ക്, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍, ധനകാര്യ സേവനങ്ങള്‍ എന്നിവ ഒരു ശതമാനത്തിനു മുകളിലുള്ള  നേട്ടം സ്വന്തമാക്കി. എല്ലാ മേഖലാ സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. 

നിഫ്റ്റി 50-യില്‍ ഡോ റെഡ്ഡിസ് ലബോറട്ടറീസ് (4.78%), എഷര്‍ മോട്ടോര്‍സ് (3.69%), സണ്‍ ഫാര്‍മ (3.15%),ടാറ്റ മോട്ടോര്‍സ് (3.02%), ഡിവിസ്‍ലാബ് (2.99%), എന്നീ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കി. എല്‍ടി (4.22%), ടൈറ്റന്‍ (1.03%), ബിപിസിഎല്‍ (0.39%), ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്സ് (0.35%), എന്നിവയാണ് ഇടിവ് രേഖപ്പെടുത്തിയത്. സെന്‍സെക്സില്‍ സണ്‍ ഫാര്‍മ (3.40 %), ടാറ്റ മോട്ടോര്‍സ് (2.89 %), എസ്‍ബിഐ (2.33 %), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (2.21 %) മാരുതി (2.14 %) എന്നിവ മികച്ച നേട്ടം കൊയ്തു. എല്‍ടി (4.19 %), ടൈറ്റന്‍ (0.98 %) എന്നിവ ഇടിവ് രേഖപ്പെടുത്തി

ഏഷ്യന്‍ വിപണികള്‍

ഏഷ്യ പസഫിക് വിപണികള്‍ ഇന്ന് സമ്മിശ്രമായ തലത്തിലാണ് വ്യാപാരം അവസാനിപ്പിച്ചിട്ടുള്ളത്. ഓസ്ട്രേലിയ എഎസ്എക്സ്, ജപ്പാന്‍റെ നിക്കി എന്നിവ നേട്ടത്തിലാണ്. അതേസമയം ഹോംഗ്കോംഗിന്‍റെ ഹാംഗ്സെങ്, ചൈനയുടെ ഷാങ്ഹായ്, ദക്ഷിണ കൊറിയയുടെ കോസ്പി എന്നിവ ഇടിവ് രേഖപ്പെടുത്തി. 

Tags:    

Similar News