തുടക്ക വ്യാപാരത്തില്‍ ഇടിഞ്ഞു, നേട്ടത്തിലേക്ക് തിരികെകയറി സൂചികകള്‍
- എഫ്ഐഐ വില്‍പ്പനയും കിംവദന്തികളും വലിയ തിരുത്തലിന് ഇടയാക്കിയെന്ന് വിദഗ്ധര്‍
- ആഗോള വിപണികളിലെ സൂചന സമ്മിശ്രം
- ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകളുടെ വിലയില്‍ 0.18 ശതമാനം ഇടിവ്
ഇന്നലെ നേരിട്ട കനത്ത ഇടിവിന് ശേഷം ആഭ്യന്തര ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഇന്ന് തുടക്ക വ്യാപാരത്തിലും താഴോട്ട് നീങ്ങി. സെൻസെക്‌സ് 316.75 പോയിന്റ് ഇടിഞ്ഞ് 70,053.80ൽ എത്തി. നിഫ്റ്റി 51.15 പോയിന്റ് താഴ്ന്ന് 21,187.65ല്‍ എത്തി. എങ്കിലും പിന്നീട് നേട്ടത്തിലേക്ക് തിരിച്ചെത്താന്‍ സൂചികകള്‍ക്ക് സാധിച്ചിട്ടുണ്ട്. രാവിലെ 10 .10 നുള്ള വിവരം അനുസരിച്ച് സെന്‍സെക്സ് 277.40 പോയിന്‍റ് കയറി 70,647.95ലും നിഫ്റ്റി 95.00 പോയിന്‍റ് കയറി 21,333.80ലും ആണ് വ്യാപാരം നടത്തുന്നത്.
“ഇന്നലത്തെ കുത്തനെയുള്ള വിപണി തിരുത്തലിൽ നിന്നുള്ള പ്രധാന വിലയിരുത്തല്‍ നിഫ്റ്റിയിലെ 1.54 ശതമാനം ഇടിവല്ല, മറിച്ച് നിഫ്റ്റി മിഡ്‌ക്യാപ്, നിഫ്റ്റി മിഡ് ക്യാപ് സൂചിക 3.15 ശതമാനവും നിഫ്റ്റി സ്‌മോൾക്യാപ് സൂചിക 2.87 ശതമാനവും ഇടിഞ്ഞതാണ്. കഴിഞ്ഞ 5 ദിവസത്തിനിടെ 27830 കോടി രൂപയുടെ ഇക്വിറ്റി വിറ്റഴിച്ച എഫ്‌ഐഐകളുടെ സുസ്ഥിരമായ വിൽപ്പനയാണ് തിരുത്തലിന് കാരണമായത്.ചില വാർത്തകളും കിംവദന്തികളും വിപണിയിലെ വിൽപ്പനയ്ക്ക് കാരണമായി,” ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ്, ഡോ. വി കെ വിജയകുമാര്‍ പറയുന്നു.
സെൻസെക്‌സ് സ്ഥാപനങ്ങളിൽ ഇൻഡസ്ഇൻഡ് ബാങ്ക്, എസ്ബിഐ, ടാറ്റ സ്റ്റീൽ, ഇൻഫോസിസ് എന്നിവ മികച്ച നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. എച്ച്സിഎൽ ടെക്, ജെഎസ്ഡബ്ല്യു സ്റ്റീൽ, പവർഗ്രിഡ് നേട്ടത്തിലുള്ള മറ്റ് ഓഹരികള്‍ . അതേസമയം, ആക്‌സിസ് ബാങ്ക്, ഏഷ്യൻ പെയിന്റ്‌സ്, ടിസിഎസ്, എം ആൻഡ് എം എന്നിവയ്ക്ക് രാവിലെ ഡീലുകളിൽ വലിയ നഷ്ടമുണ്ടായി. മാരുതി, ഭാരതി എയർടെൽ, ബജാജ് ഫിനാൻസ് തുടങ്ങിയ കമ്പനികളും ഇടിവിലാണ്.
യുഎസ് വിപണികളിൽ, ഡൗ ചൊവ്വാഴ്ചത്തെ സെഷനില്‍ 0.25 ശതമാനം താഴ്ന്നപ്പോൾ, എസ് ആന്റ് പി 500 0.29 ശതമാനം ഉയർന്ന് ക്ലോസ് ചെയ്തു, ടെക്-ഹെവി നാസ്ഡാക്ക് 0.43 ശതമാനം ഉയർന്നു.
ഏഷ്യയിൽ ജപ്പാന്റെ നിക്കി 225 1.00 ശതമാനം നഷ്ടത്തിലും ഹോങ്കോങ്ങിന്റെ ഹാങ് സെങ് 0.84 ശതമാനം നേട്ടത്തിലും വ്യാപാരം നടത്തി. ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ് 0.14 ശതമാനം ഇടിഞ്ഞു. അതേസമയം, ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബുധനാഴ്ച ബാരലിന് 0.18 ശതമാനം ഇടിഞ്ഞ് 79.41 ഡോളറിലെത്തി.
ചൊവ്വാഴ്ച സെൻസെക്സ് 1,053.10 പോയിൻറ് അഥവാ 1.47 ശതമാനം ഇടിഞ്ഞ് 70,370.55 ൽ എത്തി. നിഫ്റ്റിയും 330.15 പോയിന്റ് അഥവാ 1.53 ശതമാനം ഇടിഞ്ഞ് 21,241.65 ൽ ക്ലോസ് ചെയ്തു.എക്‌സ്‌ചേഞ്ച് ഡാറ്റ പ്രകാരം 3,115.39 കോടി രൂപയുടെ ഓഹരികൾ ഓഫ്‌ലോഡ് ചെയ്തതിനാൽ വിദേശ സ്ഥാപന നിക്ഷേപകർ (എഫ്‌ഐഐ) ചൊവ്വാഴ്ച മൂലധന വിപണിയിൽ അറ്റ വിൽപ്പനക്കാരായിരുന്നു.