സ്വര്‍ണക്കൊതി മൂത്ത് ഇന്ത്യ
- ആഭരണങ്ങള്‍ക്ക് പകരം ബാറുകള്‍ക്കും നാണയങ്ങള്‍ക്കുമാണ് ഡിമാന്‍റ്
ഇന്ത്യയുടെ സ്വര്‍ണ ഡിമാന്റില്‍ 10 ശതമാനം വര്‍ധന. മഞ്ഞ ലോഹത്തിന്റെ ലോകത്തെ രണ്ടാമത്തെ വലിയ ഉപഭോക്താക്കളായ ഇന്ത്യയുടെ ജൂലായ്- സെപ്റ്റംബര്‍ കാലയളവില്‍ ഡിമാന്റ് 10 ശതമാനം ഉയര്‍ന്ന് 210.2 ടണ്ണായി. സ്വര്‍ണവിലയില്‍ വന്ന മാറ്റവും ഉത്സവ സീസണുമാണ് ഇന്ത്യയുടെ കുതിപ്പിന് ആക്കം കൂട്ടിയതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ (ഡബ്ല്യുജിസി) പറയുന്നു.
കഴിഞ്ഞ പാദത്തില്‍ സ്വര്‍ണ വില അല്‍പ്പം കുറഞ്ഞെങ്കിലും അപ്പോള്‍ വില വര്‍ധനയില്‍ റെക്കോര്‍ഡ് തീര്‍ക്കുകയാണ് സ്വര്‍ണം. ദീപവലി, ക്രിസ്മസ്, പുതുവത്സരം തുടങ്ങി വരാനിരിക്കുന്ന ഉത്സവ സീസണുകളും ഉത്തരേന്ത്യയിലെ വരാനിരിക്കുന്ന ധന്തേരസ് ആഘോഷവുമാണ് സ്വര്‍ണത്തിന്റെ ഡിമാന്റ് ഉയര്‍ത്തുന്നത്. ഒപ്പം വിവാഹ സീസണും വിലയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കും. വിലയേറിയ ലോഹങ്ങള്‍ മുതല്‍ പാത്രങ്ങള്‍ വരെ മറ്റ് വിലപിടിപ്പുള്ള വസ്തുക്കള്‍ വരെ വാങ്ങുന്നതിന് ഹിന്ദു വിശ്വാസ പ്രകാരം ഏറ്റവും അനുകൂലമായ ദിവസമായി ധന്തേരസ് കണക്കാക്കപ്പെടുന്നു.
പത്ത് ഗ്രാമിന് 60,000 രൂപ എന്ന നിരക്കില്‍ ഉപഭോക്താക്കള്‍ സ്വീകരിച്ചുവെന്നാണ് ട്രേഡ് ഫീഡ്ബാക്ക്. 2023 കലണ്ടര്‍ വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സ്വര്‍ണ ഡിമാന്റ് 191.7 ടണ്ണില്‍ നിന്നുമാണ് 210.2 ടണ്ണായി വര്‍ധിച്ചത്. ജൂലായ്-സെപ്റ്റംബര്‍ പാദത്തില്‍ ഡിമാന്റ് ഏഴ് ശതമാനം 146.2 ടണ്ണില്‍ നിന്ന് 155.7 ടണ്ണായി. സ്വര്‍ണം ആഭരണങ്ങളല്ലാതെ മറ്റ് രൂപങ്ങളായ, ബാര്‍, കോയിന്‍ എന്നിവയുടെ ഡിമാന്‍ഡ് 20 ശതമാനം ഉയര്‍ന്ന് 45.4 ടണ്ണില്‍ നിന്ന് 54.5 ടണ്ണായി. ഇന്ത്യയിലെ ബാര്‍, കോയിന്‍ നിക്ഷേപം 2015 ന് ശേഷമുള്ള മൂന്നാം പാദത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി.
ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി ഈ വര്‍ഷം മൂന്നാം പാദത്തില്‍ 220 ടണ്ണായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 184.5 ടണ്ണായിരുന്നു. ദക്ഷിണേന്ത്യയിലാണ് ഉത്സവകാല വ്യാപാരം കൂടുതല്‍ നടന്നിരിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ഷാ വര്‍ഷം ഇടിവാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉത്തരേന്ത്യന്‍ ആഘോഷങ്ങള്‍ വരാനിരക്കുന്നതേയുള്ളു എന്നതും വസ്തുതയാണ്. 18 കാരറ്റ്, 14 കാരറ്റ് എന്നാ കാരറ്റ് കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ക്ക് ആവശ്യം ഉയര്‍ന്നിട്ടുണ്ട്. ഈ ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന റീട്ടെയ്ല്‍ വ്യാപാരികള്‍ ഇതിന്റെ പ്രയോജനം നേടുന്നുണ്ട്.
മികച്ച മാര്‍ക്കറ്റിംഗ് കാമ്പയിനുകള്‍ എക്കാലത്തും വന്‍കിട റീട്ടെയ്‌ലര്‍മാര്‍ക്ക് വരുമാന മുന്നേറ്റത്തില്‍ കാര്യമായ സംഭാവന ചെയ്യുന്നുണ്ട്. കഴിഞ്ഞ പാദത്തില്‍, വില അല്‍പ്പം കുറഞ്ഞതിനാല്‍, കൂടുതല്‍ ആളുകള്‍ സ്വര്‍ണ്ണം വാങ്ങാന്‍ കാത്തിരിക്കുകയായിരുന്നു. ആഭരണങ്ങള്‍ക്ക് പകരം കൂടുതല്‍ ബാറുകളും നാണയങ്ങളുമാണ് വാങ്ങിയത്. അതിനാല്‍ ബാറുകള്‍ക്കും നാണയങ്ങള്‍ക്കും മൂന്നാം പാദത്തില്‍ 20 ശതമാനം ഡിമാന്‍ഡ് വര്‍ധനയുണ്ടായി, വേള്‍ ഗോള്‍ഡ് കൗണ്‍സിലിന്റെ മാനേജിംഗ് ഡയറക്ടര്‍ സോമസുന്ദരം പറഞ്ഞു. അടുത്ത പാദത്തിലും ഈ മുന്നേറ്റം പ്രകടമാകുമെന്നാണ് വിലയിരുത്തല്‍.
ആദ്യ ഒമ്പത് മാസത്തെ ആവശ്യം 481.2 ടണ്‍ ആയിരുന്നു. 2023 ലെ മുഴുവന്‍ വര്‍ഷവും സ്വര്‍ണ ഡിമാന്‍ഡ് 700-750 ടണ്‍ പരിധിയിലായിരിക്കുമെന്നാണ് കണക്കാക്കുന്നത്. 2022 ലെ 774 ടണ്‍ ഡിമാന്‍ഡിനേക്കാള്‍ നേരിയ കുറവായിരിക്കും ഇത്. 2023 ലെ രാജ്യത്തെ സ്വര്‍ണ ഇറക്കുമതി കഴിഞ്ഞ വര്‍ഷത്തെ 650.7 ടണ്‍ കവിയുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ 563 ടണ്‍ മഞ്ഞ ലോഹമാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.