ഇന്നും സ്വര്‍ണ വിലയില്‍ ഉയര്‍ച്ച; ബജറ്റില്‍ പ്രഖ്യാപനങ്ങളൊന്നുമില്ല
- പവന് 120 രൂപ വര്‍ധിച്ച് 46520 രൂപയിലേക്കുമെത്തി.
- ഫെഡ് റിസര്‍വ് മീറ്റിംഗില്‍ പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളുണ്ടായാല്‍ അത് സ്വര്‍ണ വില ഉയരാന്‍ കാരണമാകുമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം.
- സ്വര്‍ണ്ണ വ്യാപാര മേഖലയുടെ ആവശ്യങ്ങളൊന്നും ബജറ്റില്‍ പരിഗണിച്ചിട്ടില്ല.
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. 22 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 15 രൂപ വര്‍ധിച്ച് 5815 രൂപയായി. പവന് 120 രൂപ വര്‍ധിച്ച് 46520 രൂപയിലേക്കുമെത്തി. വെള്ളി വിലയില്‍ മാറ്റമില്ല ഗ്രാമിന് 78 രൂപയായി തുടരുന്നു. 24 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 17 രൂപ വര്‍ധിച്ച് 6,344 രൂപയിലേക്കെത്തി. പവന് 136 രൂപ വര്‍ധിച്ച് 50,752 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 2,041.75 ഡോളറാണ്.
ഫെഡ് റിസര്‍വ് പ്രഖ്യാപനങ്ങള്‍, കേന്ദ്ര ബജറ്റ് എന്നിങ്ങനെ ഫെബ്രുവരി ഒന്ന് സ്വര്‍ണ വിലയെ സംബന്ധിച്ച് നിര്‍ണായകമാണെന്ന് വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഫെഡ് റിസര്‍വ് മീറ്റിംഗില്‍ മാര്‍ച്ചില്‍ നിരക്ക് കുറയ്ക്കാനുള്ള സാധ്യത വിരളമാണെന്നാണ് സൂചിപ്പിക്കുന്നത്. പെട്ടെന്നുള്ള നിരക്ക് വെട്ടിക്കുറക്കല്‍ പണപ്പെരുപ്പത്തിന് ഉത്തേജനം നല്‍കാമെന്നും പണപ്പെരുപ്പ ലക്ഷ്യം ര്ണ്ട് ശതമാനമാണെന്ന് ഓര്‍മ്മിക്കണമെന്നും പവല്‍ അഭിപ്രായപ്പെടുന്നു.
ഈ വര്‍ഷം മൂന്ന് തവണ നിരക്ക് കുറയ്ക്കാന്‍ അംഗങ്ങള്‍ തയ്യാറാണ്, എന്നാല്‍ അത് എപ്പോഴൊക്കെയാണ് വേണ്ടതെന്ന് പരിശോധിക്കപെടേണ്ടതാണെന്നുമാണ് ഫെഡ് റിസര്‍വ് വ്യക്തമാക്കുന്നത്. ഫെഡ് റിസര്‍വ് മീറ്റിംഗില്‍ പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച തീരുമാനങ്ങളുണ്ടായാല്‍ അത് സ്വര്‍ണ വില ഉയരാന്‍ കാരണമാകുമെന്നായിരുന്നു വിദഗ്ധരുടെ അഭിപ്രായം.
ഇറക്കുമതി ചുങ്കം കുറയ്ക്കണമെന്ന നിര്‍ദ്ദേശമടക്കം നിരവധി ആവശ്യങ്ങള്‍ സ്വര്‍ണ്ണ വ്യാപാര മേഖലയില്‍ നിന്ന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, ഇറക്കുമതി ചുങ്കം അടക്കം നികുതി ഘടനയില്‍ യാതൊരു മാറ്റവുമില്ല. നിര്‍ദ്ദേശങ്ങളൊന്നു പോലും പരിഗണിച്ചിട്ടില്ലെന്നും ഓള്‍ ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ അഡ്വ.എസ്.അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.