സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ വെട്ടിക്കുറയ്ക്കണമെന്ന് ആവശ്യം

  • ഗോള്‍ഡ് മൊണിറ്റൈസേഷന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടപ്പിലാക്കുക
  • സ്വര്‍ണ വ്യാപാര മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം
  • പാന്‍ കാര്‍ഡ് പരിധി 5 ലക്ഷം രൂപയാക്കണമെന്നും ആവശ്യം

Update: 2024-07-18 06:57 GMT

സ്വര്‍ണത്തിന്റെ ഇറക്കുമതീരുവ വെട്ടിക്കുറയ്ക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇറക്കുമതി തീരുവ 10% കുറച്ചാല്‍ സ്വര്‍ണവില 45,000 രൂപയിലേക്ക് എത്തും. അതുവഴി സര്‍ക്കാരിന് കള്ളക്കടത്ത് തടയാനും കഴിയും. സ്വര്‍ണത്തിന് 15 ശതമാനം ഇറക്കുമതി ചുങ്കവും, 3% ജി എസ് ടിയുമാണ് നിലവിലുള്ളത്.

ഒരു കിലോ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവരുമ്പോള്‍ ഏകദേശം 9 ലക്ഷം രൂപയില്‍ അധികമാണ് കള്ളക്കടത്തുകാര്‍ക്ക് ലഭിക്കുന്നത്.

സ്വര്‍ണത്തിന്റെ വിലവര്‍ധനവു കൂടിയായപ്പോള്‍ കള്ളക്കടത്ത്കാര്‍ക്ക് ലാഭം വര്‍ധിക്കുന്നു. ഇത് രാജ്യത്തിന്റെ സമ്പദ്ഘടനയ്ക്ക് തന്നെ ആഘാതം വരുത്തുന്നതായി അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്.അബ്ദുള്‍ നാസര്‍ അഭിപ്രായപ്പെട്ടു.

2024-ലെ വരാനിരിക്കുന്ന ബജറ്റില്‍ തീരുവ കുറച്ചില്ലെങ്കില്‍, ഇപ്പോഴത്തെ വിലനിലവാരം അനുസരിച്ച് കുറഞ്ഞത് 1000-1500 രൂപയുടെ വിലക്കയറ്റം ഉണ്ടാകാനാണ് സാധ്യതയെന്നും അസോസിയേഷന്‍ പറയുന്നു.

ഗോള്‍ഡ് മൊണിറ്റൈസേഷന്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ നടപ്പില്‍ വരുത്തിയാല്‍ ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള മുപ്പതിനായിരത്തില്‍ അധികം ടണ്‍ സ്വര്‍ണം പുനരുപയോഗത്തിനായി തുറന്ന വിപണിയിലേക്ക് എത്തിക്കാന്‍ കഴിയും. അതുവഴി ഇറക്കുമതി കുറയ്ക്കാന്‍ കഴിയും.

ഇറക്കുമതി നികുതി കുറയ്ക്കുക, പാന്‍ കാര്‍ഡ് പരിധി 5 ലക്ഷം രൂപയാക്കുക, ബുള്ളിയന്‍ ബാങ്ക് സ്ഥാപിക്കുക, സ്വര്‍ണം വാങ്ങുന്നതിന് ബാങ്കുകളില്‍ ഇഎംഐ സംവിധാനം ഏര്‍പ്പെടുത്തുക, ജ്വല്ലറി പാര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന് പ്രത്യേക പാക്കേജ്, സ്വര്‍ണ വ്യാപാര മേഖലയ്ക്ക് പ്രത്യേക മന്ത്രാലയം, ജി എസ് ടി 1.25% മായി കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ മുന്നോട്ടുവെച്ചിട്ടുണ്ട്.

Tags:    

Similar News