'പൊന്നും തിളക്ക'ത്തോടെ 2022ന് വിട, ₹.40,000 ന് മേലെ ജ്വലിച്ച് സ്വര്‍ണം
- ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 216 രൂപ വര്‍ധിച്ച് 44,160 രൂപയായിട്ടുണ്ട്.
കൊച്ചി: 2022ന്റെ അവസാന ദിനത്തിലും 40,000 രൂപ എന്ന പരിധി വിടാതെ സ്വര്‍ണവില. ഇന്ന് പവന് 200 രൂപ വര്‍ധിച്ച് 40,480 രൂപയിലെത്തി (22 കാരറ്റ്). ഗ്രാമിന് 25 രൂപ വര്‍ധിച്ച് 5,060 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.
ഇന്ന് 24 കാരറ്റ് സ്വര്‍ണം പവന് 216 രൂപ വര്‍ധിച്ച് 44,160 രൂപയായിട്ടുണ്ട്. ഗ്രാമിന് 27 രൂപ വര്‍ധിച്ച് 5,520 രൂപയാണ് വിപണി വില. ഇക്കഴിഞ്ഞ 28 മുതല്‍ സ്വര്‍ണവില 40,000 രൂപയ്ക്ക് മുകളിലാണ്. ഇന്നലെ പവന് 240 രൂപ വര്‍ധിച്ച് 40,280 രൂപയായിരുന്നു. വെള്ളി വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 74.50 രൂപയും എട്ട് ഗ്രാമിന് 596 രൂപയുമാണ് വില.
കഴിഞ്ഞ ദിവസം വ്യാപാരം അവസാനിച്ചപ്പോള്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 26 പൈസ ഉയര്‍ന്ന് 82.61ല്‍ എത്തി. ഈ വര്‍ഷത്തെ കണക്ക് നോക്കിയാല്‍ ഡോളറിനെതിരെ 832 പൈസയുടെ ഇടിവാണ് (11.20 ശതമാനം) രൂപയ്ക്കുണ്ടായത്. പണപ്പെരുപ്പം വരുതിയിലാക്കുന്നതിന് യുഎസ് ഫെഡ് നിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിച്ചതോടെ ആഗോളതലത്തില്‍ ഡോളര്‍ ശക്തിയാര്‍ജ്ജിച്ചു.
ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ കഴിഞ്ഞ ദിവസം വ്യാപാരം ആരംഭിച്ചപ്പോള്‍ 82.77 എന്ന നിലയിലായിരുന്നു രൂപ. 2021 ഡിസംബര്‍ 31ന് ഡോളറിനെതിരെ 74.29 എന്ന നിലയിലായിരുന്നു രൂപ. ഇന്ന് ബ്രെന്റ് ക്രൂഡ് വില ബാരലിന് 2.94 ശതമാനം വര്‍ധിച്ച് 85.91 യുഎസ് ഡോളറായി.