തുടര്‍ച്ചയായി ഉയര്‍ന്നു, പിന്നാലെ ഇടിഞ്ഞ് സ്വര്‍ണം
- വെള്ളി വിലയിലും ഇടിവുണ്ടായിട്ടുണ്ട്.
- യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 82.09ല്‍ എത്തി.
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഇന്ന് പവന് 240 രൂപ കുറഞ്ഞ് 39,440 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 4,930 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം പവന് 120 രൂപ വര്‍ധിച്ച് 39,680 രൂപയിലെത്തിയിരുന്നു. ഇന്നലെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവില. 24 കാരറ്റ് സ്വര്‍ണം പവന് 264 രൂപ കുറഞ്ഞ് 43,024 രൂപയിലെത്തി. ഗ്രാമിന് 33 രൂപ കുറഞ്ഞ് 5,378 രൂപയായിട്ടുണ്ട്. വെള്ളി വിലയില്‍ ഇന്ന് ഇടിഞ്ഞു. ഗ്രാമിന് 1.70 രൂപ കുറഞ്ഞ് 70.80 രൂപയില്‍ എത്തിയിട്ടുണ്ട്. എട്ട് ഗ്രാമിന് 13.60 രൂപ കുറഞ്ഞ് 566.40 രൂപയായി.
തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി ഇടിവില്‍. ആദ്യഘട്ട വ്യാപാരത്തില്‍ വിപണി 444.53 പോയിന്റ് ഇടിഞ്ഞ് 62,390.07ലും നിഫ്റ്റി 123.15 പോയിന്റ് താഴ്ന്ന് 18,577.90ലും എത്തി (രാവിലെ 9.57 പ്രകാരം). എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടാറ്റാ സ്റ്റീല്‍, ഇന്‍ഫോസിസ്, ഡോ. റെഡീസ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, സണ്‍ ഫാര്‍മ, നെസ്ലേ, ഭാര്‍തി എയര്‍ടെല്‍ എന്നീ കമ്പനികള്‍ നഷ്ടത്തിലാണ്.
ആദ്യഘട്ട വ്യാപാരത്തില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 24 പൈസ ഇടിഞ്ഞ് 82.09ല്‍ എത്തി. ഇന്റര്‍ബാങ്ക് ഫോറിന്‍ എക്‌സ്‌ചേഞ്ചില്‍ വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ 81.94ല്‍ ആയിരുന്നു രൂപ. വൈകാതെ തന്നെ 82.09ലേക്ക് രൂപയുടെ മൂല്യം താഴ്ന്നു. ബ്രെന്റ് ക്രൂഡ് വില 0.52 ശതമാനം താഴ്ന്ന് 83.11 ഡോളറിലെത്തി.