അഞ്ചാമത്തെ ആഴ്ച്ചയും വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ വര്‍ധന
- ആര്‍ബിഐയുടെ സ്വര്‍ണശേഖരം 296 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 40.73 ബില്യണ്‍ ഡോളറായി.
മുംബൈ: രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരത്തില്‍ തുടര്‍ച്ചയായ അഞ്ചാമത്തെ ആഴ്ച്ചയും വര്‍ധന. ഡിസംബര്‍ ഒമ്പതിന് അവസാനിച്ച ആഴ്ച്ചയില്‍ വിദേശ നാണ്യ കാരുതല്‍ ശേഖരം 2.9 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 564.06 ബില്യണ്‍ ഡോളറായി. ആര്‍ബിഐയുടെ വിദേശ കറന്‍സി ആസ്തി 3.1 ബില്യണ്‍ ഡോളര്‍ വര്‍ധിച്ച് 500.13 ബില്യണ്‍ ഡോളറിലെത്തിയതാണ് വര്‍ധനവിന് കാരണം. ഇതേ ആഴ്ചയില്‍ ആര്‍ബിഐയുടെ സ്വര്‍ണശേഖരം 296 മില്യണ്‍ ഡോളര്‍ കുറഞ്ഞ് 40.73 ബില്യണ്‍ ഡോളറായി. ഡിസംബര്‍ 9 ന് അവസാനിച്ച ആഴ്ചയില്‍ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 1.2 ശതമാനം ഇടിഞ്ഞ് 82.28 ലാണ് അവസാനിച്ചത്.
2022ല്‍ ഇതുവരെ രൂപയുടെ മൂല്യം ഡോളറിനെതിരെ 10.3 ശതമാനം കുറഞ്ഞു. ഡോളര്‍ സൂചികയില്‍ കുത്തനെ ഇടിവുണ്ടായതാണ് കഴിഞ്ഞ അഞ്ച് ആഴ്ചകളായി ആര്‍ബിഐയുടെ കരുതല്‍ ശേഖരം ഗണ്യമായി വര്‍ധിക്കാന്‍ കാരണമായത്. ഡിസംബര്‍ രണ്ടിന് അവസാനിച്ച ആഴ്ചയില്‍, കരുതല്‍ ശേഖരം 11.02 ബില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 561.16 ബില്യണ്‍ ഡോളറായിരുന്നു. 2021 ഒക്ടോബറില്‍ രാജ്യത്തെ വിദേശ നാണ്യ കരുതല്‍ ശേഖരം 645 ബില്യണ്‍ ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.
ആഗോള സംഭവ വികാസങ്ങള്‍ക്കിടയില്‍ രൂപയുടെ മൂല്യം ഇടിയുന്നത് പ്രതിരോധിക്കാന്‍ ആര്‍ബിഐ വിദേശ നാണ്യ കരുതല്‍ ശേഖരം ഉപയോഗിച്ചതിനാലാണ് ഇതില്‍ കുറവ് വന്നത്. സ്പെഷ്യല്‍ ഡ്രോയിംഗ് റൈറ്റ്സ് (എസ്ഡിആര്‍) 61 മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 18.106 ബില്യണ്‍ ഡോളറിലെത്തിയതായും ആര്‍ബിഐ വ്യക്തമാക്കുന്നു. ഐഎംഎഫിലെ രാജ്യത്തിന്റെ കരുതല്‍ ധനവും രണ്ട് മില്യണ്‍ ഡോളര്‍ ഉയര്‍ന്ന് 5.11 ബില്യണ്‍ ഡോളറിലെത്തി.