വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള കുത്തൊഴുക്കിൽ നിന്ന് കരകയറാനാവാതെ സൂചികകൾ
ഉയരുന്ന ബോണ്ട് യീൽഡ് വിപണികളിൽ നിന്ന് വിദേശ നിക്ഷേപം പിൻ വലിക്കുന്നത് പ്രേരിപ്പിക്കുന്നതിനാൽ തുടർച്ചയായ ആറാം ദിവസവും വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ അറ്റ വിൽപ്പനക്കാരായി
മുംബൈ: ആഗോള വിപണികൾ ഇടിഞ്ഞതും, തുടർച്ചയായ വിദേശ നിക്ഷേപത്തിന്റെ പിൻവാങ്ങലും മൂലം ആഭ്യന്തര സൂചികകൾ ഒരു ശതമാനത്തോളം ഇടിഞ്ഞു.
സെൻസെക്സ് 501.73 പോയിന്റ് കുറഞ്ഞ് 58,909.35 ലും നിഫ്റ്റി 129 പോയിന്റ് താഴ്ന്ന് 17,321.90 ലുമാണ് വ്യപാരം അവസാനിപ്പിച്ചത്.
വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 544.82 പോയിന്റ് കുറഞ്ഞ് 58866 .26 വരെ എത്തിയിരുന്നു.
സെൻസെക്സിൽ മാരുതി, ആക്സിസ് ബാങ്ക്, ടാറ്റ കൺസൾട്ടൻസി സർവീസ്, നെസ്‌ലെ, ഇൻഫോസിസ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടെക്ക് മഹീന്ദ്ര, ഭാരതി എയർടെൽ എന്നിവ നഷ്ടത്തിലായി.
പവർഗ്രിഡ്, സൺ ഫാർമ, എച്ച് സിഎൽ ടെക്‌നോളജീസ്, ലാർസെൻ ആൻഡ് റ്റ്യുബ്രോ, അൾട്രാ ടെക്ക് സിമന്റ് എന്നിവ നേട്ടത്തിലായിരുന്നു.
കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, കല്യാൺ ജൂവല്ലേഴ്‌സ്, വണ്ടർ ല എന്നിവയൊഴികെ എല്ലാ ഓഹരികളും താഴ്ചയിലാണവസാനിച്ചതു. എന്നാൽ, റിയാലിറ്റി കമ്പനികളായ പി എൻ സി ഇൻഫ്രയും, ശോഭയും പുറവങ്കരയും പച്ചയിലവസാനിച്ചു.
ഏഷ്യൻ വിപണിയിൽ ജപ്പാൻ, ചൈന, ഹോങ്കോങ് എന്നിവ നഷ്ടത്തിലാവസാനിച്ചപ്പോൾ സിയോൾ നേട്ടത്തിലും അവസാനിച്ചു.
യൂറോപ്യൻ വിപണികൾ ഉച്ച കഴിഞ്ഞുള്ള സെഷനിൽ ഇടിഞ്ഞാണു വ്യാപാരം ചെയ്തിരുന്നത്. ബുധനാഴ്ച യു എസ് വിപണി ഇടിഞ്ഞു.
"യു എസ് 10 വർഷത്തെ ബോണ്ട് യീൽഡ് 4 ശതമാനം കടന്നതോടെ ആഗോള വിപണികളിലെല്ലാം വില്പന സമ്മർദ്ദമുണ്ടായി. പുതിയതെയി വന്ന യു എസ് ഡാറ്റ, പണപെരുപ്പം ദീർഘ കാലത്തേക്ക് തുടരുമെന്ന സൂചനയാണ് നൽകുന്നത്. വർധിച്ചു വരുന്ന ബോണ്ട് യീൽഡ് വിപണികളിൽ നിന്ന് വിദേശ നിക്ഷേപം പിൻ വലിക്കുന്നത് പ്രേരിപ്പിക്കുന്നതിനാൽ തുടർച്ചയായ ആറാം ദിവസവും വിദേശ നിക്ഷേപകർ ആഭ്യന്തര വിപണിയിൽ അറ്റ വിൽപ്പനക്കാരായി," ജിയോജിത്ത് ഫിനാൻഷ്യൽ സർവീസിന്റെ റീസേർച്ച് ഹെഡ് വിനോദ് നായർ പറഞ്ഞു.
അന്താരാഷ്ട്ര ബ്രെന്റ് ക്രൂഡ് ഓയിൽ വില 0.51 ശതമാനം ഉയർന്ന് ബാരലിന് 84.74 ഡോളറായി.
ബുധനാഴ്ച വിദേശ നിക്ഷേപകർ 424.88 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.