വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടരുന്നു

  • വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണികളില്‍നിന്ന് പിന്‍വലിച്ചത് 44,396 കോടി
  • ഡോളറിന്റെ മൂല്യം, യുഎസിലെ ബോണ്ട് യീല്‍ഡുകളുടെ വര്‍ധനവ് എന്നിവ പ്രധാന കാരണങ്ങള്‍
  • ഇന്ത്യന്‍ ഓഹരികളുടെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം വിദേശ നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നു

Update: 2025-01-19 09:45 GMT

വിദേശ നിക്ഷേപകര്‍ ഈ മാസം ഇന്ത്യന്‍ വിപണികളില്‍നിന്ന് പിന്‍വലിച്ചത് 44,396 കോടി രൂപ. ഡോളറിന്റെ മൂല്യം, യുഎസിലെ ബോണ്ട് യീല്‍ഡുകളുടെ വര്‍ധനവ്, ദുര്‍ബലമായ വരുമാന സീസണിനെക്കുറിച്ചുള്ള ആശങ്കകള്‍ എന്നിവയാണ് അവര്‍ വിറ്റൊഴിയാനുള്ള പ്രധാന കാരണങ്ങള്‍.

വിദേശ നിക്ഷേപകര്‍ ഡിസംബറില്‍ 15,446 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു. അതിനുശേഷമാണ് ഇത് സംഭവിച്ചതെന്ന് ഡിപ്പോസിറ്ററികളിലെ കണക്കുകള്‍ വ്യക്തമാക്കുന്നു.

ഇന്ത്യന്‍ രൂപയുടെ തുടര്‍ച്ചയായ മൂല്യത്തകര്‍ച്ച വിദേശ നിക്ഷേപകരെ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പ്രേരിപ്പിക്കുന്നുവെന്ന് മോണിംഗ്സ്റ്റാര്‍ ഇന്‍വെസ്റ്റ്മെന്റ് അഡൈ്വസേഴ്സ് ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടര്‍ - മാനേജര്‍ റിസര്‍ച്ച് ഹിമാന്‍ഷു ശ്രീവാസ്തവ പറഞ്ഞു.

അതിനുപുറമെ, ഇന്ത്യന്‍ ഓഹരികളുടെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം, താരതമ്യേന ദുര്‍ബലമായ വരുമാന സീസണിനെക്കുറിച്ചുള്ള പ്രതീക്ഷയും സാമ്പത്തിക വളര്‍ച്ചയുടെ വേഗതയെക്കുറിച്ചുള്ള അനിശ്ചിതത്വവും നിക്ഷേപകരെ ജാഗരൂകരാക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡാറ്റ പ്രകാരം, ഈ മാസം ഇതുവരെ (ജനുവരി 17 വരെ) ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്ന് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) 44,396 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചു. ജനുവരി 2 ഒഴികെ ഈ മാസത്തെ എല്ലാ ദിവസങ്ങളിലും എഫ്പിഐകള്‍ വില്‍പ്പനക്കാരാണ്.

'സുസ്ഥിരമായ എഫ്പിഐകള്‍ വിറ്റഴിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍ ഡോളറിന്റെ ശക്തിയും യുഎസിലെ ബോണ്ട് യീല്‍ഡുകളുടെ വര്‍ധനവുമാണ്. ഡോളര്‍ സൂചിക 109 ന് മുകളിലും യുഎസ് ബോണ്ട് വരുമാനം 4.6 ശതമാനത്തിന് മുകളിലും ഉള്ളതിനാല്‍, എഫ്പിഐകള്‍ വില്‍ക്കുന്നത് യുക്തിസഹമാണ്', ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു.

യുഎസ് ബോണ്ട് യീല്‍ഡുകള്‍ ആകര്‍ഷകമായതിനാല്‍, എഫ്പിഐകള്‍ ഡെറ്റ് മാര്‍ക്കറ്റിലും വില്‍പ്പനക്കാരാണ്.

അതേസമയം കോര്‍പ്പറേറ്റ് വരുമാനത്തില്‍ പുരോഗതിയും ശക്തമായ ജിഡിപി വളര്‍ച്ചയും ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികള്‍ക്കായുള്ള ഗവണ്‍മെന്റ് ചെലവ് വര്‍ധിച്ചതും ഇന്ത്യയിലേക്കുള്ള എഫ്പിഐ ഒഴുക്കിന് വഴിയൊരുക്കുമെന്ന് വാട്ടര്‍ഫീല്‍ഡ് അഡൈ്വസേഴ്‌സ് സീനിയര്‍ ഡയറക്ടര്‍ വിപുല്‍ ഭോവര്‍ അഭിപ്രായപ്പെട്ടു. 

Tags:    

Similar News