ആഗോള വിപണികളിൽ പോസിറ്റീവ് തരംഗം, ഇന്ത്യൻ സൂചികകൾ മുന്നേറാൻ സാധ്യത

  • ബിറ്റ്കോയിൻ വില കുതിച്ചുയർന്നു.
  • ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു.
  • വെള്ളിയാഴ്ച യുഎസ് ഓഹരി വിപണി ഉയർന്നു.
;

Update: 2025-03-03 01:47 GMT

കഴിഞ്ഞയാഴ്ചയിലെ കുത്തനെയുള്ള ഇടിവിന് ശേഷം, ആഗോള വിപണി സൂചനകളനുസരിച്ച്,  ഇന്ത്യൻ ഓഹരി വിപണി ഇന്ന് ഉയർന്ന് തുറക്കുമെന്ന്  പ്രതീക്ഷിക്കുന്നു.

ഏഷ്യൻ വിപണികൾ സമ്മിശ്രമായി വ്യാപാരം നടത്തുന്നു.  യുഎസ് ഓഹരി വിപണി കഴിഞ്ഞ വെള്ളിയാഴ്ച ടെക്നോളജി ഓഹരികളുടെ നേതൃത്വത്തിൽ ഉയർന്ന നിലയിലായിരുന്നു. ഗിഫ്റ്റ് നിഫ്റ്റി പോസിറ്റീവായി തുറന്നു.

ഈ ആഴ്ച, പ്രതിമാസ വാഹന വിൽപ്പന, ഡൊണാൾഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങൾ, രൂപ-ഡോളർ നിരക്ക്, വിദേശ ഫണ്ടുകളുടെ ഒഴുക്ക്, ആഭ്യന്തര, ആഗോള മാക്രോ ഇക്കണോമിക് ഡാറ്റ, എന്നിവ നിക്ഷേപകർ നിരീക്ഷിക്കും.

ഗിഫ്റ്റ് നിഫ്റ്റി 

ഗിഫ്റ്റ് നിഫ്റ്റി 22,365 ലെവലിൽ വ്യാപാരം നടത്തി, നിഫ്റ്റി ഫ്യൂച്ചേഴ്‌സിന്റെ മുൻ ക്ലോസിനേക്കാൾ ഏകദേശം 85 പോയിന്റ് പ്രീമിയം, ഇത് ഇന്ത്യൻ ഓഹരി വിപണി സൂചികകൾക്ക് ഒരു പോസിറ്റീവ് തുടക്കത്തെ സൂചിപ്പിക്കുന്നു.

ഏഷ്യൻ വിപണികൾ

 ഏഷ്യൻ ഓഹരി വിപണികൾ തിങ്കളാഴ്ച സമ്മിശ്രമായി വ്യാപാരം നടത്തുന്നു.  ജപ്പാന് പുറത്തുള്ള എം‌എസ്‌സി‌ഐയുടെ ഏഷ്യ-പസഫിക് ഓഹരികളുടെ വിശാലമായ സൂചിക ഫ്ലാറ്റാണ്. എന്നിരുന്നാലും ജപ്പാന്റെ നിക്കി 1.1% ഉയർന്നു.  ടോപ്പിക്സ് സൂചിക 1.12% ഉയർന്നു. ഹോങ്കോങ്ങിലെ ഹാങ് സെങ് സൂചിക ഫ്യൂച്ചറുകൾ താഴ്ന്ന ഓപ്പണിംഗ് സൂചന നൽകി. ദക്ഷിണ കൊറിയൻ വിപണികൾ പൊതു അവധിക്ക് അടച്ചിരിക്കുന്നു.

വാൾസ്ട്രീറ്റ്

വെള്ളിയാഴ്ച  യുഎസ് ഓഹരി വിപണി ഉയർന്നു.  ഡൗ ജോൺസ് ഇൻഡസ്ട്രിയൽ ശരാശരി 1.39% ഉയർന്ന് 43,840.91 ൽ എത്തി, എസ് ആൻറ് പി 500 1.59% ഉയർന്ന് 5,954.50 ൽ അവസാനിച്ചു. നാസ്ഡാക്ക് 1.63% ഉയർന്ന് 18,847.28 ൽ അവസാനിച്ചു. എൻവിഡിയ ഓഹരി വില 3.87% വർദ്ധിച്ചപ്പോൾ, ടെസ്ല ഓഹരി വില 3.94% ഉയർന്നു, ഡെൽ ഓഹരികൾ 4.7% ഇടിഞ്ഞു, എച്ച്പി ഇൻ‌കോർപ്പറേറ്റഡ് ഓഹരികൾ 6.8% ഇടിഞ്ഞു.

ഇന്ത്യൻ വിപണി

ആഭ്യന്തര ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും വെള്ളിയാഴ്ച 2025 ലെ ഏറ്റവും വലിയ ഇടിവ് നേരിട്ടു. ആഗോള സൂചനകൾ ദുർബലമായതിനാൽ തുടർച്ചയായ വിദേശ മൂലധന ഒഴുക്ക് കാരണം തുടർച്ചയായ എട്ടാം ദിവസവും നഷ്ടം തുടർന്നു. തുടർച്ചയായ അഞ്ചാം മാസവും സൂചികകൾ താഴ്ന്ന നിലയിലായിരുന്നു. യുഎസ് താരിഫുകൾ ആഗോള വ്യാപാരത്തിൽ ചെലുത്തിയ ആഘാതമായിരുന്നു ഇടിവിന് പ്രധാന കാരണം.

നിഫ്റ്റി 50 സൂചിക ആഴ്ചയിൽ ഏകദേശം മൂന്ന് ശതമാനം ഇടിഞ്ഞ് 22,124.70 ൽ ക്ലോസ് ചെയ്തു. ബിഎസ്ഇ സെൻസെക്സ് 2.81 ശതമാനം ഇടിഞ്ഞ് 73,198 ൽ ക്ലോസ് ചെയ്തു. വിശാലമായ വിപണി സമ്മർദ്ദത്തിലായിരുന്നു, സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകൾ യഥാക്രമം ഏകദേശം ആറ് ശതമാനവും അഞ്ച് ശതമാനവും നഷ്ടം രേഖപ്പെടുത്തി.

 വിപണിയുടെ കഴിഞ്ഞ ആഴ്ചയിലെ പ്രകടനം

മുൻനിര സൂചികകൾ തുടർച്ചയായ മൂന്നാം ആഴ്ചയും നഷ്ടത്തിൽ തുടർന്നു. സെൻസെക്സ് 2,112.96 പോയിന്റ് അഥവാ 2.80 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ആഴ്ചയിൽ 671.2 പോയിന്റ് അഥവാ 2.94 ശതമാനം ഇടിഞ്ഞു. ഫെബ്രുവരിയിൽ നിഫ്റ്റി 1,383.7 പോയിന്റ് അഥവാ 5.88 ശതമാനം ഇടിഞ്ഞു, സെൻസെക്സ് 4,302.47 പോയിന്റ് അഥവാ 5.55 ശതമാനം ഇടിഞ്ഞു.

വെള്ളിയാഴ്ച ബിഎസ്ഇ-ലിസ്റ്റഡ് സ്ഥാപനങ്ങളുടെ വിപണി മൂലധനം, 9,08,798.67 കോടി രൂപ ഇടിഞ്ഞ് 3,84,01,411.86 കോടിയിലെത്തി.  വിപണി മൂലധനം സെപ്റ്റംബറിലെ റെക്കോർഡ് ഉയരമായ 4,77,93,022.68 കോടിയിൽ നിന്ന് 93.91 ലക്ഷം കോടി ഇടിഞ്ഞു.  വെള്ളിയാഴ്ച നിക്ഷേപകരുടെ സമ്പത്ത് 9 ലക്ഷം കോടി ഇടിഞ്ഞു.  ഈ ആഴ്ച മൊത്തം 20 ലക്ഷം കോടിയുടെ നഷ്ടമാണ് നിക്ഷേപകർക്ക് നേരിട്ടത്.

പിന്തുണയും പ്രതിരോധവും

നിഫ്റ്റി 

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 22,359, 22,440, 22,572

 പിന്തുണ: 22,095, 22,013, 21,881

ബാങ്ക് നിഫ്റ്റി

പിവറ്റ് പോയിന്റുകളെ അടിസ്ഥാനമാക്കിയുള്ള പ്രതിരോധം: 48,522, 48,639, 48,828

പിന്തുണ: 48,143, 48,026, 47,837

പുട്ട്-കോൾ അനുപാതം

വിപണിയുടെ മാനസികാവസ്ഥ സൂചിപ്പിക്കുന്ന നിഫ്റ്റി പുട്ട്-കോൾ അനുപാതം (PCR),മുൻ സെഷനിലെ 0.98 ൽ നിന്ന് ഫെബ്രുവരി 28 ന് 0.78 ആയി കുറഞ്ഞു.

ഇന്ത്യ വിക്സ്

വെള്ളിയാഴ്ച  ഇന്ത്യവിക്സ്  4.53 ശതമാനം വർദ്ധിച്ച് 13.91 ആയി.

 വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ

വെള്ളിയാഴ്ച വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ 11,639 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര നിക്ഷേപകർ 12,308 കോടി രൂപയുടെ ഓഹരികൾ വാങ്ങി.

രൂപ

വെള്ളിയാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 19 പൈസ ഇടിഞ്ഞ് 87.37 ൽ ക്ലോസ് ചെയ്തു.

ബിറ്റ്കോയിൻ 

 യുഎസിലെ ക്രിപ്‌റ്റോകറൻസികളുടെ കരുതൽ ശേഖരത്തിൽ  ഉൾപ്പെടുത്തുമെന്ന വാർത്തയെത്തുടർന്ന് ബിറ്റ്കോയിൻ വില കുതിച്ചുയർന്നു. ബിറ്റ്കോയിൻ, ഈതർ, എക്സ്ആർപി, സോളാന, കാർഡാനോ എന്നിവയുൾപ്പെടെ അഞ്ച് ഡിജിറ്റൽ ആസ്തികൾ പുതിയ കരുതൽ ശേഖരത്തിൽ ഉൾപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു.

വിപണി മൂല്യം അനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ 11% ൽ കൂടുതൽ ഉയർന്ന് 94,110 ഡോളറിലെത്തി. രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകറൻസിയായ ഈതർ 14% ഉയർന്ന് 2,528 ഡോളറിലെത്തി.

എണ്ണ വില

കഴിഞ്ഞയാഴ്ച ഇടിവ് നേരിട്ടതിന് ശേഷം അസംസ്കൃത എണ്ണയുടെ വില ഉയർന്നു. ബ്രെന്റ് ക്രൂഡ് ഓയിൽ ബാരലിന് 0.99% ഉയർന്ന് 73.53 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചേഴ്‌സ് 0.97% ഉയർന്ന് 70.44 ഡോളറിലെത്തി.

സ്വർണ്ണ വില

 തിങ്കളാഴ്ച സ്വർണ്ണ വില ഉയർന്നു. സ്‌പോട്ട് ഗോൾഡ് ഔൺസിന് 0.3% ഉയർന്ന് 2,868.29 ഡോളറിലെത്തി. യുഎസ് സ്വർണ്ണ ഫ്യൂച്ചേഴ്‌സ് 1.1% ഉയർന്ന് 2,880.70 ഡോളറിലെത്തി.

ഇന്ന് ശ്രദ്ധിക്കേണ്ട ഓഹരികൾ

വൺ 97 കമ്മ്യൂണിക്കേഷൻസ് (പേടിഎം)

2015 നും 2019 നും ഇടയിൽ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) ചില വ്യവസ്ഥകൾ ലംഘിച്ചുവെന്നാരോപിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിൽ നിന്ന് കമ്പനിക്ക്  കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു. ലിറ്റിൽ ഇന്റർനെറ്റ്, നിയർബൈ ഇന്ത്യ (മുമ്പ് ഗ്രൂപ്പോൺ) എന്നീ രണ്ട് അനുബന്ധ സ്ഥാപനങ്ങൾ ചില ഡയറക്ടർമാരും ഓഫീസർമാരും ഏറ്റെടുത്തതുമായി ബന്ധപ്പെട്ടതാണ് നോട്ടീസ്. ആരോപിക്കപ്പെടുന്ന ലംഘനങ്ങളിൽ 611.17 കോടി രൂപയുടെ ഇടപാടുകൾ ഉൾപ്പെടുന്നു.

ബജാജ് ഓട്ടോ

2021 സാമ്പത്തിക വർഷത്തിൽ പൂനെയിലെ ഡെപ്യൂട്ടി കമ്മീഷണർ ഓഫ് സ്റ്റേറ്റ് ടാക്സിൽ നിന്ന് 138.53 കോടി രൂപയുടെ നികുതി ഡിമാൻഡ് ഓർഡർ കമ്പനിക്ക് ലഭിച്ചു. 

എൻഎൽസി ഇന്ത്യ

200 മെഗാവാട്ട് കാറ്റാടി വൈദ്യുതി പദ്ധതിക്കായി എസ്ജെവിഎന്നിൽ നിന്ന് നവരത്ന കമ്പനിക്ക് ഒരു കിലോവാട്ടിന് 3.74 രൂപ നിരക്കിൽ ലെറ്റർ ഓഫ് അവാർഡ് ലഭിച്ചു.

മാൻകൈൻഡ് ഫാർമ

2021-22 അസസ്‌മെന്റ് വർഷത്തേക്ക് ആദായ നികുതി അതോറിറ്റി 111.68 കോടി രൂപയുടെ അധിക നികുതി ആവശ്യം (പലിശ ഉൾപ്പെടെ) ഉയർത്തിയിട്ടുണ്ട്.

ഉജ്ജീവൻ സ്‌മോൾ ഫിനാൻസ് ബാങ്ക്

364.51 കോടി രൂപയുടെ കുടിശ്ശിക മൂല്യമുള്ള, എഴുതിത്തള്ളപ്പെട്ട വായ്പാ പൂൾ ഉൾപ്പെടെയുള്ള.  വായ്പാ പോർട്ട്‌ഫോളിയോ 34.26 കോടി രൂപയ്ക്ക് ഒരു അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് (എആർസി) വിൽക്കുന്ന നടപടി ബാങ്ക് പൂർത്തിയാക്കി.

ഡാൽമിയ ഭാരത്

മഹാരാഷ്ട്രയിലും കർണാടകയിലുമായി കമ്പനി 3,520 കോടി രൂപയുടെ  നിക്ഷേപം പ്രഖ്യാപിച്ചു. കർണാടകയിലെ ബെൽഗാം പ്ലാന്റിൽ 3.6 ദശലക്ഷം ടൺ (പ്രതിവർഷം ദശലക്ഷം ടൺ) ക്ലിങ്കർ യൂണിറ്റും 3 ദശലക്ഷം ടൺ ഗ്രൈൻഡിംഗ് യൂണിറ്റും സ്ഥാപിക്കുന്നതും മഹാരാഷ്ട്രയിലെ പൂനെയിൽ 3 ദശലക്ഷം ടൺ ശേഷിയുള്ള ഒരു പുതിയ ഗ്രീൻഫീൽഡ് സ്പ്ലിറ്റ് ഗ്രൈൻഡിംഗ് യൂണിറ്റും ഇതിൽ ഉൾപ്പെടുന്നു.

പിരമൽ എന്റർപ്രൈസസ്

2020-21 ലെ നികുതി കാലയളവിലേക്ക് മഹാരാഷ്ട്രയിലെ ജിഎസ്ടി വകുപ്പിൽ നിന്ന് 1,502 കോടി രൂപയുടെ നികുതി ഡിമാൻഡ് ഓർഡർ കമ്പനിക്ക് ലഭിച്ചു. ഇതിൽ പലിശയും പിഴയും ഉൾപ്പെടുന്നു. 

മാസഗോൺ ഡോക്ക് ഷിപ്പ് ബിൽഡേഴ്‌സ്

മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഒരു മാസത്തേക്ക് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ബിജു ജോർജിന് അധിക ചുമതല നൽകി. നിലവിൽ അദ്ദേഹം കമ്പനിയുടെ ഡയറക്ടർ (ഷിപ്പ് ബിൽഡിംഗ്) ആയി സേവനമനുഷ്ഠിക്കുന്നു.

ടാറ്റ കമ്മ്യൂണിക്കേഷൻസ്

കമ്പനിയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള  ടാറ്റ കമ്മ്യൂണിക്കേഷൻസ് പേയ്‌മെന്റ് സൊല്യൂഷനിലെ മുഴുവൻ ഓഹരികളുടെയും വിൽപ്പന  പൂർത്തിയാക്കി. തൽഫലമായി, ടാറ്റ കമ്മ്യൂണിക്കേഷൻസ് പേയ്‌മെന്റ് സൊല്യൂഷൻസ്, ടാറ്റ കമ്മ്യൂണിക്കേഷൻസിൻറെ സബ്സിഡിയറി അല്ലാതായി.

എൻസിസി

ഫെബ്രുവരിയിൽ കമ്പനിക്ക് 218.82 കോടി രൂപയുടെ ഓർഡർ ലഭിച്ചു. ഗതാഗത വിഭാഗവുമായി ബന്ധപ്പെട്ടതാണ് ഓർഡർ.

അരബിന്ദോ ഫാർമ

ഓറോ വാക്‌സിൻസിൽ നിന്ന് 10.76 കോടി രൂപയ്ക്ക് സ്റ്റെപ്പ്-ഡൗൺ സബ്സിഡിയറിയായ ടെർജീൻ ബയോടെക്കിലെ 80% ഓഹരികളുടെ ഏറ്റെടുക്കൽ കമ്പനി പൂർത്തിയാക്കി. ഓറോ വാക്സിൻസ് അരബിന്ദോ ഫാർമയുടെ പൂർണ ഉടമസ്ഥതയിലുള്ള ഒരു സ്റ്റെപ്പ്-ഡൗൺ സബ്സിഡിയറിയാണ്. ഈ ഏറ്റെടുക്കലോടെ, ടെർജീൻ ബയോടെക് ഇപ്പോൾ ഒരു നേരിട്ടുള്ള സബ്സിഡിയറിയായി മാറിയിരിക്കുന്നു.

റെയിൽടെൽ കോർപ്പറേഷൻ ഓഫ് ഇന്ത്യ

കട്ടക്ക് ഡെവലപ്‌മെന്റ് അതോറിറ്റിയിൽ നിന്ന് കമ്പനിക്ക് 26.37 കോടി രൂപയുടെ വർക്ക് ഓർഡർ ലഭിച്ചു.


Tags:    

Similar News