ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. തുടർച്ചയായ രണ്ടാം ദിവസമാണ് വിപണി നേട്ടം കൈവരിക്കുന്നത്. ഐടി, കൺസ്യൂമർ ഡ്യൂറബിൾസ്, കമ്മോഡിറ്റി മേഖലകളാണ് സൂചികകള്‍ക്ക് കരുത്തു പകര്‍ന്നത്.
സെൻസെക്സ് 115.39 പോയിന്റ് അഥവാ 0.15 ശതമാനം ഉയർന്ന് 76,520.38 ൽ എത്തി. നിഫ്റ്റി 50 പോയിന്റ് അഥവാ 0.22 ശതമാനം കൂടി 23,205.35 ൽ എത്തി.
സെൻസെക്സ് ഓഹരികൾ
സെൻസെക്സ് ഓഹരികളിൽ അൾട്രാടെക് സിമന്റ്, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, സൺ ഫാർമസ്യൂട്ടിക്കൽ, സൊമാറ്റോ, ടെക് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റാൻ, ഐടിസി, ബജാജ് ഫിനാൻസ് എന്നിവയാണ് പ്രധാന നേട്ടമുണ്ടാക്കിയത്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎൽ ടെക്നോളജീസ്, പവർഗ്രിഡ്, റിലയൻസ് ഇൻഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാൻ യൂണിലിവർ, ഇൻഡസ്ഇൻഡ് ബാങ്ക്, നെസ്‌ലെ ഇന്ത്യ, ആക്സിസ് ബാങ്ക് എന്നിവ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.
സെക്ടറൽ സൂചിക
നിഫ്റ്റി മിഡ്‌സ്മാൽ ഐടി ആൻഡ് ടെലികോം സൂചികയാണ് ഇന്ന് ഏറ്റവും നേട്ടമുണ്ടാക്കിയത്. സൂചിക 5 ശതമാനം ഉയർന്നു. കൺസ്യൂമർ ഡ്യൂറബിൾസ് 1.97 ശതമാനവും ഉയർപ്പോൾ നിഫ്റ്റി ഐടി സൂചിക 1.79 ശതമാനവും, മീഡിയ സൂചിക 1.44 ശതമാനം, ഫാർമ സൂചിക 1.40 ശതമാനവും ഉയർന്നു. അതേസമയം നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചികയാണ് ഏറ്റവും ഇടിവ് രേഖപ്പെടുത്തിയത്. സൂചിക 0.51 ശതമാനം ഇടിഞ്ഞു. നിഫ്റ്റി ബാങ്ക് സൂചിക 0.28 ശതമാനവും, പിഎസ്‌യു ബാങ്ക് 0.10 ശതമാനവും നിഫ്റ്റി പ്രൈവറ് ബാങ്ക് 0.40 ശതമാനം ഇടിഞ്ഞു.
ബിഎസ്ഇ മിഡ്ക്യാപ് സൂചിക 1.8 ശതമാനവും ബിഎസ്ഇ സ്മോൾക്യാപ് സൂചിക 0.7 ശതമാനവും ഉയർന്നു. ഇന്ത്യ വിക്സ് 0.46 ശതമാനം ഇടിഞ്ഞു 16.70ൽ എത്തി.
ആഗോള വിപണികൾ
ഏഷ്യൻ വിപണികളിൽ ടോക്കിയോയും ഷാങ്ഹായും നേട്ടത്തിൽ ക്ലോസ് ചെയ്തപ്പോൾ ഹോങ്കോങ്ങും സിയോളും നഷ്ടത്തിൽ ക്ലോസ് ചെയ്തു. വ്യാഴാഴ്ച യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച വ്യാപാരത്തിൽ യുഎസ് വിപണികൾ നേട്ടത്തിൽ ക്ലോസ് ചെയ്തു.
ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് 0.20 ശതമാനം ഉയർന്ന് ബാരലിന് 79.16 യുഎസ് ഡോളറിലെത്തി. ഡോളറിനെതിരെ രൂപയുടെ മൂല്യം 12 പൈസ ഇടിഞ്ഞ് 86.47 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.