ബാങ്കിങ് ഓഹരികളിൽ മുന്നേറ്റം; സെൻസെക്സ് 900 പോയിന്റ് കുതിച്ചുയർന്നു
- വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 1,057.69 പോയിന്റ് ഉയർന്ന് 59,967.04 ലെത്തിയിരുന്നു.
- ടെക്ക് മഹീന്ദ്ര, അൾട്രാ ടെക്ക് സിമന്റ്, നെസ്‌ലെ, ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിലായി.
വിദേശ നിക്ഷേപകരിൽ നിന്നുമുണ്ടായ ആശ്വാസകരമായ സമീപനവും, ആഗോള വിപണികളിലെ മുന്നേറ്റവും വിപണിയിൽ സൂചികളെ ശക്തമായ മുന്നേറ്റമുണ്ടാക്കുന്നതിനു സഹായിച്ചു. സെൻസെക്സ് 900 പോയിന്റും നിഫ്റ്റി 272 പോയിന്റും ഉയർന്നാണ് വ്യപാരം അവസാനിപ്പിച്ചത്.
സെൻസെക്സ് 899.62 പോയിന്റ് വർധിച്ച് 59,808.97 ലും നിഫ്റ്റി 272.45 പോയിന്റ് വർധിച്ച് 17,594.35 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരത്തിന്റെ ഒരു ഘട്ടത്തിൽ സെൻസെക്സ് 1,057.69 പോയിന്റ് ഉയർന്ന് 59,967.04 ലെത്തിയിരുന്നു.
സെൻസെസ്‌കിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഭാരതി എയർടെൽ, റിലയൻസ് ഇൻഡസ്ട്രീസ്, ഐടിസി, ടാറ്റ സ്റ്റീൽ, ഇൻഡസ് ഇൻഡ് ബാങ്ക്, എച്ച്ഡിഎഫ് സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ് എച്ച്ഡിഎഫ് സി, ടൈറ്റൻ എന്നിവ ലാഭത്തിലായിരുന്നു.
ടെക്ക് മഹീന്ദ്ര, അൾട്രാ ടെക്ക് സിമന്റ്, നെസ്‌ലെ, ഏഷ്യൻ പെയിന്റ്സ് എന്നിവ നഷ്ടത്തിലായി.
ഏഷ്യൻ വിപണിയിൽ സിയോൾ, ജപ്പാൻ, ചൈന, ഹോങ്കോങ് എന്നിവ നേട്ടത്തിലാവസാനിച്ചു.
യൂറോപ്യൻ വിപണികളും ഉച്ച കഴിഞ്ഞുള്ള സെഷനിൽ നേട്ടത്തിലാണ് വ്യാപാരം ചെയ്തിരുന്നത്. വ്യാഴാഴ്ച യു എസ് വിപണി മുന്നേറി.
"വിപണി കുതിച്ചുയരുന്നതിനു ഒരുപാടു കാരണങ്ങളുണ്ടായിരുന്നു. അദാനി ഓഹരികളിലുണ്ടായ വിദേശ നിക്ഷേപം പൊതു മേഖല ബാങ്കുകളുടെ ഓഹരികൾ കുതിച്ചുയരുന്നതിനു സഹായിച്ചു. ഇത് വിപണിയിലെ നിക്ഷേപകരുടെ ആവേശം ശക്തമായി തിരിച്ചു വരുന്നതിനു കാരണമായി. വിദേശ നിക്ഷേപകർ കഴിഞ്ഞ ദിവസം വിപണിയിൽ നടത്തിയ നിക്ഷേപവും ഇതിന് ആക്കം കൂട്ടി," ജിയോ ജിത്ത് ഫിനാൻഷ്യൽ സർവീസിന്റെ റിസേർച് ഹെഡ് വിനോദ് നായർ പറഞ്ഞു.
അദാനി ഗ്രൂപ് അവരുടെ നാലു പ്രധാന കമ്പനികളുടെ ന്യൂനപക്ഷ ഓഹരികൾ യു എസ് ആസ്ഥാനമായുള്ള ജി ക്യജി പാർട്നെഴ്സിന് 15,446 കോടി രൂപയ്ക്ക് വിറ്റു. വരും മാസങ്ങളിൽ ബാധ്യതകൾ അടച്ചു തീർക്കുന്നതിനും, പണ ലഭ്യത വർധിപ്പിക്കുന്നതിനുമായി സമാഹരിച്ച തുക വിനിയോഗിയ്ക്കും.
അന്താരാഷ്ട്രബ്രെന്റ് ക്രൂഡ് ഓയിൽ വില 0.07 ശതമാനം കുറഞ്ഞ് ബാരലിന് 84.69 ഡോളറായി.