പണപ്പെരുപ്പം വീണ്ടും തല പൊക്കുന്നു; പ്രശ്നങ്ങൾ വിട്ടൊഴിയാതെ അദാനി
- സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് 23.00 പോയിന്റ് നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചിട്ടുള്ളത്.
- യുഎസ് ഉപഭോക്തൃ പണപ്പെരുപ്പ കണക്കുകളും ഇന്ന് പുറത്തു വരുന്നുണ്ട്.
കൊച്ചി: ഇന്നലെ വൈകുന്നേരം പുറത്തിറങ്ങിയ കേന്ദ്ര സർക്കാരിന്റെ രേഖകൾ പ്രകാരം ജനുവരിയിലെ റീട്ടെയിൽ പണപ്പെരുപ്പം 3 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.52 ശതമാനത്തിലെത്തി. 2022 നവംബർ, ഡിസംബർ മാസങ്ങൾ ഒഴികെ, 2022 ജനുവരി മുതൽ റീട്ടെയിൽ പണപ്പെരുപ്പം റിസർവ് ബാങ്കിന്റെ ഉയർന്ന സഹിഷ്ണുത പരിധിയായ 6 ശതമാനം ലംഘിച്ചിരിക്കുകയാണ്. 2022 ഒക്ടോബറിൽ ഇത് ഏറ്റവും ഉയർന്ന് 6.77 ശതമാനമായിരുന്നു. ഇതിന്റെ പ്രത്യാഘാതങ്ങൾ ഇന്ന് വിപണിയിൽ പ്രതിഫലിക്കാൻ സാധ്യതയുണ്ട്. യുഎസ് ഉപഭോക്തൃ പണപ്പെരുപ്പ കണക്കുകളും ഇന്ന് പുറത്തു വരുന്നുണ്ട്. എങ്കിലും, സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.30 ന് 23.00 പോയിന്റ് നേട്ടത്തിലാണെന്നത് ഒരു ഗ്യാപ് അപ് തുടക്കത്തിന്റെ സാധ്യതയായ കാണാം..
ഇതിനിടയിലും, അദാനിയുടെ പ്രശ്നങ്ങൾ നിക്ഷേപകരെ അലട്ടുന്നു. എങ്കിലും, തങ്ങളുടെ വളർച്ചാ പദ്ധതികൾ പ്രയോഗികമാണെന്നും ബിസിനസ് പ്ലാനുകൾ പൂർണമായും ഫണ്ട് ചെയ്തിട്ടുണ്ടെന്നും ഓഹരി ഉടമകൾക്ക് വരുമാനം നൽകുന്നതിൽ ആത്മവിശ്വാസമുണ്ടെന്നും പറഞ്ഞുകൊണ്ട് അദാനി ഗ്രൂപ്പ് തിങ്കളാഴ്ച വിപണിയെ ശാന്തമാക്കാൻ ശ്രമിച്ചു. അദാനി "കോർപ്പറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി" നടത്തിയെന്ന് യുഎസ് ആസ്ഥാനമായുള്ള ഹിൻഡൻബർഗ് റിസർച്ചിന്റെ ജനുവരി 24 ലെ റിപ്പോർട്ടിന് ശേഷം ഗ്രൂപ്പിന്റെ ഏഴ് ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം പകുതിയായി കുറഞ്ഞിട്ടുണ്ട്.
ഇന്നലെ, 30-ഷെയർ ബിഎസ്ഇ സെൻസെക്സ് 250.86 പോയിന്റ് താഴ്ന്ന് 60,431.84 ൽ അവസാനിച്ചപ്പോൾ നിഫ്റ്റി 91.95 പോയിന്റ് താഴ്ന്ന് 17764.55 ൽ എത്തി. ബാങ്ക് നിഫ്റ്റിയാകട്ടെ 277.20 പോയിന്റ് താഴ്ന്ന് 41282.20-ലാണ് അവസാനിച്ചത്.
എഫ് ഐഐ/ഡിഐഐ
എൻഎസ്ഇ കണക്കുകൾ പ്രകാരം തിങ്കളാഴ്ച (February 13) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 521.69 കോടി രൂപക്കും വിദേശ നിക്ഷേപ സ്ഥാപനങ്ങൾ 1,322.39 കോടി രൂപക്കും ഓഹരികൾ അധികം വാങ്ങി.
കേരള കമ്പനികൾ
ഇന്നലെ കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ ആസ്റ്റർ ഡി എം, ജിയോജിത്ത്, ജ്യോതി ലാബ്, കിറ്റെക്സ്, വണ്ടർ ല എന്നിവ ഒഴിച്ച് ബാക്കിയെല്ലാം ചുവപ്പിലാണവസാനിച്ചത്.
റിയാലിറ്റി കമ്പനികളിൽ പി എൻ സി ഇൻഫ്രാ, ശോഭ എന്നിവ ഇടിഞ്ഞപ്പോൾ പുറവങ്കര 2.01 ശതമാനം ഉയർന്നു 88.90 രൂപയിലെത്തി.
ത്രൈമാസ കമ്പനി ഫലങ്ങൾ
ഇന്ന് അദാനി എന്റർപ്രൈസസ്, ഐഷർ മോട്ടോഴ്‌സ്, ഗ്രാസിം ഇൻഡസ്ട്രീസ്, ഒഎൻജിസി, അപ്പോളോ ഹോസ്പിറ്റൽസ്, ആസ്റ്റർ ഡിഎം ഹെൽത്ത് കെയർ, ബാറ്റ ഇന്ത്യ, ഭാരത് ഫോർജ്, ബയോകോൺ, ബോഷ്, സിഇഎസ്‌സി, ജിഎംആർ എയർപോർട്ട് ഇൻഫ്രാസ്ട്രക്ചർ, ഇന്ത്യബുൾസ് ഹൗസിംഗ് ഫിനാൻസ്, എൻബിസിസി (ഇന്ത്യ), പിഎൻസി ഇൻഫ്രാടെക്, പ്രസ്റ്റീജ് എസ്റ്റേറ്റ്, റാഡിക്കോ ഖൈതാൻ, സീമെൻസ്, സ്പെൻസേഴ്സ് റീട്ടെയിൽ, സ്പൈസ്ജെറ്റ്, സ്വാൻ എനർജി, ടോറന്റ് പവർ എന്നീ വമ്പൻ കമ്പനികളുടെ ഫലങ്ങൾ പുറത്തു വരുന്നുണ്ട്.
ആഗോള വിപണി
ഏഷ്യൻ വിപണികൾ ഇന്ന് പൊതുവെ നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. തായ്‌വാൻ (83.24), ജക്കാർത്ത കോമ്പോസിറ്റ് (19.81), ദക്ഷിണ കൊറിയ കോസ്‌പി (15.01), ജപ്പാൻ നിക്കേ (159.88), ചൈന ഷാങ്ങ്ഹായ് (7.96) എന്നിവ ഉയർച്ചയിലാണ്; എന്നാൽ, ഹോങ്കോംഗ് ഹാങ്ങ് സെങ് (-63.73), നഷ്ടത്തിൽ നീങ്ങുന്നു.
ഇന്നലെ യുഎസ് സൂചികകൾ കുതിച്ചു കയറുന്നതാണ് നമ്മൾ കണ്ടത്. ഡൗ ജോൺസ് 376.66 പോയിന്റും എസ് ആൻഡ് പി 500 46.83 പോയിന്റും നസ്‌ഡേക് 173.67 പോയിന്റും നേട്ടത്തിൽ അവസാനിച്ചു.
യൂറോപ്പിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പാരീസ് യുറോനെക്സ്റ്റ് (78.86), ലണ്ടൻ ഫുട്‍സീ (65.15) ഫ്രാങ്ക്ഫർട് ഡി എ എക്സ് (89.36) എന്നിവഎല്ലാം ഉയർന്നു..
വിദഗ്ധാഭിപ്രായം
വിനോദ് നായർ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ് റിസർച്ച് ഹെഡ്: ബോണ്ട് ആദായവും ഡോളർ സൂചികയും വർദ്ധിച്ചുവരുന്നതിനാൽ ആഭ്യന്തര വിപണിയിൽ ഐടി ഓഹരികളെയും പൊതു മേഖല ബാങ്കുകളെയും മുൻനിർത്തി വിശാലമായ ഒരു വിൽപ്പനയാണ് കാണുന്നത്. അദാനി ഗ്രൂപ്പിലെ പ്രശ്നങ്ങൾ ആഭ്യന്തര വിപണിയിൽ ആശങ്ക കൂട്ടുന്നു. അമേരിക്കൻ പണപ്പെരുപ്പം ഡിസംബറിലെ ഏറ്റവും താഴ്ന്ന നിരക്കായ 6.5 ശതമാനത്തിൽ നിന്ന് ഇനിയും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യുഎസ് നിരക്ക് വർധനയെക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുന്നു. എന്നിരുന്നാലും, 2023-ൽ പലിശനിരക്കുകൾ ഉയർന്ന നിലയിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കടപ്പത്രങ്ങളുടെ ഉയർന്ന ആദായവും ഓഹരികൾക്ക് അസ്വസ്ഥതയുണ്ടാക്കും.
രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ഹെഡ്‌ലൈൻ സൂചിക ബ്രേക്ക്ഔട്ട് നൽകുന്നതിൽ പരാജയപ്പെട്ടതിനാൽ നിഫ്റ്റി ട്രെൻഡ് സമീപകാലത്തേക്ക് നെഗറ്റീവ് ആയി കാണപ്പെടുന്നു. താഴെ തട്ടിൽ 17650-ൽ നിർണായക പിന്തുണ ദൃശ്യമാണ്, അതിന് താഴെ നേഗിയാൽ നിഫ്റ്റി കാര്യമായ തിരുത്തലിന് സാക്ഷ്യം വഹിച്ചേക്കാം.
കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ഇന്നലെ, ബാങ്ക് നിഫ്റ്റി സൂചിക ഉയർന്ന തലങ്ങളിൽ വിൽപന സമ്മർദ്ദം നേരിടുകയും 41800 ലെവൽ മറികടക്കാൻ പരാജയപ്പെടുകയും ചെയ്തു. ഓപ്‌ഷൻ ഡാറ്റ 42000 ലെ പ്രതിരോധത്തെ സൂചിപ്പിക്കുന്നു, അവിടെ കോൾ സൈഡിൽ ഉയർന്ന താൽപ്പര്യങ്ങൾ കാണിക്കുന്നുണ്ട്.. സൂചിക 42000 ന് മുകളിൽ പോയാൽ 43000-43500 ലെവലിലേക്ക് ഷോർട്ട് കവറിംഗ് സാധ്യതയുണ്ട്. സൂചിക 42000 ലെവലിന് താഴെ നിൽക്കുന്നിടത്തോളം കാലം 'ഉയരുമ്പോൾ വിൽക്കുക' എന്ന മോഡിൽ തുടരും.
ശ്രദ്ധിക്കേണ്ട ഓഹരികൾ
വിൽപ്പന കുറഞ്ഞതിനെ തുടർന്ന് ഫാർമസ്യൂട്ടിക്കൽസ് സ്ഥാപനമായ വോക്ക്ഹാർഡ് ലിമിറ്റഡിന്റെ (ഓഹരി വില: 191.95 രൂപ) ഡിസംബർ പാദത്തിൽ നികുതിക്ക് ശേഷമുള്ള നഷ്ടം 102 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ പാദത്തിൽ കമ്പനി 2 കോടി രൂപ നികുതിക്ക് ശേഷമുള്ള ലാഭം രേഖപ്പെടുത്തിയതായി റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
നായ്ക്കാ ബ്രാൻഡിന് കീഴിൽ പ്രവർത്തിക്കുന്ന ബ്യൂട്ടി ആൻഡ് ഫാഷൻ സ്ഥാപനമായ FSN ഇ-കൊമേഴ്‌സ് വെഞ്ചേഴ്‌സ്ന്റെ (ഓഹരി വില: 150.20 രൂപ) മൂന്നാം പാദത്തിലെ ഏകീകൃത ലാഭം 70.75 ശതമാനം താഴ്ന്നു 8.48 കോടി രൂപയായി കഴിഞ്ഞ വർഷം ഇതേ കാലയളവിൽ കമ്പനി 29 കോടി രൂപ അറ്റാദായം നേടിയിരുന്നു.
2022 ഡിസംബർ 31-ന് അവസാനിച്ച പാദത്തിൽ എൻഎൽസി ഇന്ത്യ ലിമിറ്റഡിന് (ഓഹരി വില: 79.35 രൂപ) 396.35 കോടി രൂപയുടെ ഏകീകൃത നഷ്ടം ഉണ്ടായി. മുൻ സാമ്പത്തിക വർഷത്തെ ഇതേ പാദത്തിൽ കമ്പനി 229.88 കോടി രൂപയുടെ ലാഭം നേടിയതായി ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു.
ഇൻഡസ്ഇൻഡ് ബാങ്ക് (ഓഹരി വില: 1157.35 രൂപ) പഞ്ചാബ് ആസ്ഥാനമായുള്ള റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സുഷമ ഗ്രൂപ്പിന് അതിന്റെ വാണിജ്യ പദ്ധതിയായ 'സുഷമ കാപ്പിറ്റലി'നായി 50 കോടി രൂപയും മറ്റൊരു വാണിജ്യ പദ്ധതിയായ 'സുഷമ പ്രിസ്റ്റിന്' 90 കോടി രൂപയും ഫണ്ടിങ് നൽകി.
പൊതുമേഖലാ സ്ഥാപനമായ പവർ ഫിനാൻസ് കോർപ്പറേഷൻ (ഓഹരി വില: 141.35 രൂപ) ഡിസംബർ പാദത്തിൽ അതിന്റെ ഏകീകൃത അറ്റാദായം 7 ശതമാനം വർധിച്ച് 5,241.10 കോടി രൂപയിലെത്തിയാതായി അറിയിച്ചു. 2022 ഒക്ടോബർ-ഡിസംബർ പാദത്തിൽ കമ്പനിയുടെ അറ്റാദായം 4,893.91 കോടി രൂപയാണ്.
2022 ഡിസംബർ 31 ന് അവസാനിച്ച പാദത്തിൽ IRB ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്‌സിന്റെ (ഓഹരി വില: 290.95 രൂപ) ഏകീകൃത അറ്റാദായം 94.49 ശതമാനം ഉയർന്ന് 141.35 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനിയുടെ അറ്റാദായം 72.68 കോടി രൂപയായിരുന്നു.
സർക്കാർ ഉടമസ്ഥതയിലുള്ള സെയിൽ (ഓഹരി വില: 83.35 രൂപ) 2022 ഡിസംബർ പാദത്തിൽ അറ്റാദായത്തിൽ 65 ശതമാനം ഇടിവ് രേഖപ്പെടുത്തി 542.18 കോടി രൂപയായി; ഒക്ടോബർ-ഡിസംബർ കാലയളവിൽ കമ്പനി 1,528.54 കോടി രൂപ അറ്റാദായം നേടിയിരുന്നു.
ഉള്ളടക്കത്തിന്റെ ഉയർന്ന ചെലവും ഓ ടി ടി പ്ലാറ്റ്‌ഫോമിലെ നിക്ഷേപവും കാരണം സീ എന്റർടൈൻമെന്റ് (ഓഹരി വില: 218.35 രൂപ) ഡിസംബർ പാദത്തിൽ അതിന്റെ ഏകീകൃത അറ്റാദായത്തിൽ 91.86 ശതമാനം ഇടിവ് രേഖപ്പെടുത്തി 24.32 കോടി രൂപയായി. കഴിഞ്ഞ വർഷം ഒക്ടോബർ-ഡിസംബർ പാദത്തിൽ കമ്പനി 298.98 കോടി രൂപ അറ്റാദായം നേടിയിരുന്നു.
യുഎസ് ഡോളർ = 82.70 രൂപ (+12 പൈസ).
ബ്രെന്റ് ക്രൂഡോയില്‍ ഫ്യൂച്ചേഴ്‌സ് (ബാരലിന്) 85.82 ഡോളർ (-0.66%)
സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,260 രൂപ (+0 രൂപ)
ബിറ്റ് കോയിൻ = 18,89,993 രൂപ.
ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.24 ശതമാനം താഴ്ന്ന് 103.38 ആയി