ശോകമൂകമായി ദലാൽ സ്ട്രീറ്റ്; 2% ഇടിഞ്ഞ് ബാങ്ക് നിഫ്റ്റി

  • തുടർച്ചയായി അഞ്ചാം ദിവസമാണ് നിഫ്റ്റി നഷ്ടത്തോടെ ക്ലോസ് ചെയുന്നത്
  • റീട്ടെയിൽ പണപ്പെരുപ്പം റിസർവ് ബാങ്കിൻ്റെ ഉയർന്ന ടോളറൻസ് ലെവൽ മാറികടന്നു
  • യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 84.38ൽ എത്തി

Update: 2024-11-13 12:21 GMT

അഭ്യന്തര വിപണി ഇന്ന് വ്യാപാരം അവസാനിപ്പിച്ചത് വമ്പൻ ഇടിവോടെയാണ്. തുടർച്ചയായി അഞ്ചാം ദിവസമാണ് നിഫ്റ്റി നഷ്ടത്തോടെ ക്ലോസ് ചെയുന്നത്. ഒക്ടോബറിൽ റീട്ടെയിൽ പണപ്പെരുപ്പം 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.21 ശതമാനത്തിലേക്ക് കുതിച്ചതും വിപണിയെ ഇടിവിലേക്ക് നയിച്ചു. നിരതരമായി ഉയർന്നു വരുന്ന വിദേശ നിക്ഷേപകേരുടെ വില്പനയും സൂചികകളെ നഷ്ടത്തിലെത്തിച്ചു.

സെൻസെക്‌സ് 984.23 പോയിൻ്റ് അഥവാ 1.25 ശതമാനം ഇടിഞ്ഞ് 77,690.95 ൽ ക്ലോസ് ചെയ്തു. ഇൻട്രാ-ഡേയിൽ സൂചിക 1,141.88 പോയിൻ്റ് അഥവാ 1.45 ശതമാനം ഇടിഞ്ഞ് 77,533.30 വരെ താഴ്ന്നിരുന്നു. നിഫ്റ്റി 324.40 പോയിൻ്റ് അഥവാ 1.36 ശതമാനം ഇടിഞ്ഞ് 23,559.05ൽ വ്യാപാരം അവസാനിപ്പിച്ചു.

സെൻസെക്സിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ സ്റ്റീൽ, അദാനി പോർട്ട്‌സ്, ജെഎസ്‌ഡബ്ല്യു സ്റ്റീൽ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്‌ട്രീസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് ഓഹരികൾ നഷ്ടത്തോടെയാണ് ക്ലോസ് ചെയ്തത്.

ടാറ്റ മോട്ടോഴ്‌സ്, എൻടിപിസി, ഹിന്ദുസ്ഥാൻ യുണിലിവർ, ഏഷ്യൻ പെയിൻ്റ്‌സ്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി ഓട്ടോ, ബാങ്കിംഗ്, മെറ്റൽ, പിഎസ്‌യു ബാങ്ക്, മീഡിയ, റിയാലിറ്റി മേഖലകളിലെ കുത്തനെയുള്ള ഇടിവ് മൂലം 13 പ്രധാന മേഖലാ സൂചികകളും 2 മുതൽ 3 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. ബിഎസ്ഇ മിഡ്ക്യാപ്, ബിഎസ്ഇ സ്മോൾക്യാപ് സൂചികകൾ യഥാക്രമം 2.6 ശതമാനവും 3 ശതമാനവും ഇടിഞ്ഞു.

റീട്ടെയിൽ പണപ്പെരുപ്പം റിസർവ് ബാങ്കിൻ്റെ ഉയർന്ന ടോളറൻസ് ലെവൽ മാറികടന്നു. ഒക്ടോബറിൽ 14 മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 6.21 ശതമാനമായി ഉയർന്നു.

ഏഷ്യൻ വിപണികളിൽ സിയോൾ, ടോക്കിയോ, ഹോങ്കോങ് എന്നിവ താഴ്ന്നപ്പോൾ ഷാങ്ഹായ് നേട്ടത്തോടെയാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ വിപണികൾ നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്. ചൊവ്വാഴ്ച യുഎസ് വിപണികൾ നഷ്ടത്തിലാണ് അവസാനിച്ചത്.

വിദേശ നിക്ഷേപ സ്ഥാപനങ്ങൾ (എഫ്ഐഐ) ചൊവ്വാഴ്ച 3,024.31 കോടി രൂപയുടെ ഓഹരികൾ വിറ്റു. ബ്രെൻ്റ് ക്രൂഡ് 0.93 ശതമാനം ഉയർന്ന് ബാരലിന് 72.56 ഡോളറിലെത്തി. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒരു പൈസ ഉയർന്ന് 84.38ൽ എത്തി

Tags:    

Similar News