ഇന്ത്യൻ പണപ്പെരുപ്പം പരിധിക്ക് താഴെ 5.72-ൽ; യു എസിൽ 6.5, വിപണിക്ക് ആശ്വാസം

  • ഉൽപ്പാദന രംഗത്തെ ആരോഗ്യകരമായ വളർച്ചയുടെ പശ്ചാത്തലത്തിൽ ഫാക്ടറി ഉത്പാദനം കുത്തനെ 7.2 ശതമാനമായി ഉയർന്നതായി വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു
  • ഫെബ്രുവരിയിൽ നടക്കുന്ന യോഗത്തിൽ ഫെഡ് നിരക്ക് വർദ്ധന ഒരു അന്തിമ 25 ബേസിസ് പോയിന്റിൽ നിർത്തിയേക്കുമെന്നും 2023 ഡിസംബറിൽ ആദ്യ നിരക്ക് കുറയ്ക്കൽ ഉണ്ടായേക്കാമെന്നുമാണ് വിദഗ്ധർ പ്രവചിക്കുന്നത്.

Update: 2023-01-13 02:38 GMT

കൊച്ചി: 2020 മെയ് മാസത്തിന് ശേഷം ആദ്യമായി അമേരിക്കൻ പണപ്പെരുപ്പം ഇടിഞ്ഞതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ആഗോള വിപണികൾ ഇന്നലെ മെച്ചപ്പെട്ടു. ഡിസംബറിലെ യുഎസ് വാർഷിക ഉപഭോക്തൃ സൂചിക (CPI) 6.5 ശതമാനമായി; നവംബറിൽ 7.1 ശതമായിരുന്നു. ഫെബ്രുവരിയിൽ നടക്കുന്ന യോഗത്തിൽ ഫെഡ് നിരക്ക് വർദ്ധന ഒരു അന്തിമ 25 ബേസിസ് പോയിന്റിൽ നിർത്തിയേക്കുമെന്നും 2023 ഡിസംബറിൽ ആദ്യ നിരക്ക് കുറയ്ക്കൽ ഉണ്ടായേക്കാമെന്നുമാണ് വിദഗ്ധർ പ്രവചിക്കുന്നത്.

ഇന്ത്യയിലും റീട്ടെയിൽ പണപ്പെരുപ്പം ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.72 ശതമാനത്തിലേക്ക് കുറഞ്ഞു; അതായത് തുടർച്ചയായി രണ്ട് മാസം ആർബിഐ-യുടെ ഉയർന്ന സഹിഷ്ണുത പരിധിക്ക് താഴെയായി. കൂടാതെ ഉൽപ്പാദന രംഗത്തെ ആരോഗ്യകരമായ വളർച്ചയുടെ പശ്ചാത്തലത്തിൽ ഫാക്ടറി ഉത്പാദനം കുത്തനെ 7.2 ശതമാനമായി ഉയർന്നതായി വ്യാഴാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. 2022-23 സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നിലവിലെ വിലയിൽ 3.5 ട്രില്യൺ ഡോളറായിരിക്കുമെന്നും അടുത്ത ഏഴ് വർഷത്തിനുള്ളിൽ ഇത് 7 ട്രില്യൺ ഡോളറായി മാറുമെന്നും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ പറഞ്ഞു.

ഇതോടൊപ്പം പ്രതീക്ഷിച്ചതിലും മികച്ച 13.4 ശതമാനം ലാഭമാണ് ഡിസംബർ പാദത്തിൽ ഇൻഫോസിസ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 2022 ഒക്‌ടോബർ-ഡിസംബർ കാലയളവിൽ കമ്പനിയുടെ ഏകീകൃത അറ്റാദായം 6,586 കോടി രൂപയായി ഉയർന്നു; മുൻ വർഷം ഇത് 5,809 കോടി രൂപയായിരുന്നു.

വിപ്രോ, എൽ ആൻഡ് ടി ഫിനാൻസ്, ആദിത്യ ബിർള മണി, എന്നീ വമ്പൻ കമ്പനികളാണ് ഇന്ന് മൂന്നാം പാദ ഫലം പ്രഖ്യാപിക്കുന്നത്.


ഇന്നലത്തെ വ്യാപാരത്തിൽ സെൻസെക്സ് 147.47 പോയിന്റ് താഴ്ന്ന് 59,958.03 ലും നിഫ്റ്റി 37.50 പോയിന്റ് താഴ്ന്ന് 17,895.15 ലുമാണ് ക്ലോസ് ചെയ്തത്. ബാങ്ക് നിഫ്റ്റിയും 150.45 പോയിന്റ് താഴ്‌ന്ന് 42,082.25 ൽ അവസാനിച്ചു.

സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി ഇന്ന് രാവിലെ 7.45 ന് +46.50 പോയിന്റ് ഉയർച്ചയിലാണ് വ്യാപാരം നടക്കുന്നത്.

കേരള കമ്പനികൾ

കേരളം ആസ്ഥാനമായുള്ള കമ്പനികളിൽ കൊച്ചിൻ ഷിപ് യാർഡ്, ഫെഡറൽ ബാങ്ക്, ജ്യോതി ലാബ്, കിംസ്, വി ഗാർഡ്, വണ്ടർ ല എന്നിവ പച്ചയിലാണ് അവസാനിച്ചത്. ആസ്റ്റർ ഡി എം, ജിയോജിത്, ല കല്യാൺ ജൂവല്ലേഴ്‌സ്, മുത്തൂറ്റ് ഫിനാൻസ്, കേരള കെമിക്കൽസ്, സൗത്ത് ഇന്ത്യൻ ബാങ്ക്, മുത്തൂറ്റ് ക്യാപ്, സി എസ് ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, മണപ്പുറം, മുത്തൂറ്റ് ഫിനാൻസ്, തുടങ്ങിയവ നഷ്ടത്തിൽ കലാശിച്ചു.

റിയാലിറ്റി കമ്പനികളായ ശോഭയും പി എൻ സി ഇൻഫ്രയും ലാഭത്തിലായപ്പോൾ പുറവങ്കര നഷ്ടത്തിലായിരുന്നു.

എഫ് ഐഐ/ഡിഐഐ

എൻഎസ്ഇ കണക്കുകൾ പ്രകാരം ഇന്നലെ (ജനുവരി 11) ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങൾ 2,127.65 കോടി രൂപയ്ക്ക് വാങ്ങിയപ്പോൾ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ -1,662.63 കോടി രൂപയ്ക്ക് അറ്റ വില്പനക്കാരായി.

ലോക വിപണി

ഇന്ന് ഏഷ്യൻ വിപണികൾ പൊതുവെ നേട്ടത്തിലാണ് ആരംഭിച്ചിട്ടുള്ളത്. ചൈന ഷാങ്ഹായ് (+12.91), ഹോങ്കോങ് ഹാങ്‌സെങ് (+51.85), സൗത്ത് കൊറിയൻ കോസ്‌പി (+21.43), തായ്‌വാൻ (+126.12), ജക്കാർത്ത കോമ്പസിറ്റ് (+26.79) എന്നിവ നേട്ടത്തിൽ വ്യാപാരം തുടരുമ്പോൾ ജപ്പാൻ നിക്കേ (-303.40) ഇടിഞ്ഞിട്ടുണ്ട്.

ഇന്നലെ ആഗോള വിപണികൾ ഉയർച്ചയിലായിരുന്നു. ഡൗ ജോൺസ്‌ ഇൻഡസ്ട്രിയൽ ആവറേജ് (+216.96), എസ് ആൻഡ് പി 500 (+13.56), നസ്‌ഡേക് കോമ്പസിറ്റ് (+69.43) എന്നിവയെല്ലാം ഉയരങ്ങളിലാണ് അവസാനിച്ചത്.

യൂറോപ്പിൽ ഫ്രാങ്ക്ഫർട് ഡി എ എക്സ് (+110.39), പാരീസ് യുറോനെക്സ്റ്റ് (+51.49), ലണ്ടൻ ഫുട്‍സീ (+69.06) എന്നിവയും നേട്ടത്തിലാണ് അവസാനിച്ചത്.

വിദഗ്ധാഭിപ്രായം

രൂപക് ദേ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ഹ്രസ്വകാലത്തേക്ക്, നിഫ്റ്റിയിലെ ഈ പ്രവണത ഇപ്പോഴത്തെപ്പോലെ തന്നെ ഇരുവശങ്ങളിലേക്കോ അല്ലെങ്കിൽ പ്രതികൂലമോ ആയി തുടരാൻ സാധ്യതയുണ്ട്. മുകളിൽ, പ്രതിരോധം 18000-ൽ കാണാനാവുന്നുണ്ട്. താഴെ തട്ടിലാകട്ടെ, പിന്തുണ 17750-ൽ ദൃശ്യമാണ്.

കുനാൽ ഷാ, സീനിയർ ടെക്നിക്കൽ അനലിസ്റ്റ്, എൽകെപി സെക്യൂരിറ്റീസ്: ബാങ്ക് നിഫ്റ്റി സൂചിക അസ്ഥിരമായ ഈ ട്രേഡിംഗ് പ്രവണത സമീപ കാലത്ത് തുടരാൻ സാധ്യതയുണ്ട്. പുതിയ കോൾ റൈറ്റിംഗ് ദൃശ്യമാകുന്ന 42,500 എന്ന തടസ്സം മറികടന്നാൽ മാത്രമേ ബുള്ളുകൾക്ക് നിയന്ത്രണംവീണ്ടെടുക്കാനാവു. ബെയറുകൾ മേൽക്കൈ നേടി സൂചിക 41,500 തകർത്താൽ, താഴേക്കുള്ള വീഴ്ച ഇനിയും വേഗത്തിലായിരിക്കും.

ശ്രദ്ധിക്കേണ്ട ഓഹരികൾ

സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ സംയോജിത കമ്പനിയായ ആൾകാർഗോ ലോജിസ്റ്റിക്സ് (ഓഹരി വില: 400.25 രൂപ) യൂറോപ്യൻ എതിരാളികളായ ഫെയർ ട്രേഡിലെ 75 ശതമാനം ഓഹരികൾ 12 ദശലക്ഷം യൂറോയ്ക്ക് ഏറ്റെടുത്തു, ഓൾ കാർഗോയുടെ യൂറോപ്യൻ ഉപസ്ഥാപനമായ അളകാര്ഗോ ബെൽജിയം വഴിയാണ് ഏറ്റെടുക്കൽ നടന്നത്.

പ്രമുഖ നോൺ-ബാങ്ക് വെൽത്ത് സൊല്യൂഷൻസ് സ്ഥാപനമായ ആനന്ദ് രതി വെൽത്ത് ലിമിറ്റഡ് (ഓഹരി വില: 754.55 രൂപ) ന്റെ മൂന്നാം പാദ ഏകീകൃത ലാഭം 35 ശതമാനം വർധിച്ച് 43.2 കോടി രൂപയായി.

മൂന്നാം പാദത്തിൽ ഐടി കമ്പനിയായ എച്ച്സിഎൽ ടെക്കിന്റെ (ഓഹരി വില: 1071.65 രൂപ) അറ്റാദായം 19 ശതമാനം വർധിച്ച് 4,096 കോടി രൂപയായി.

പഞ്ചാബ് നാഷണൽ ബാങ്കിന്റെ (ഓഹരി വില: 55.85 രൂപ) നേതൃത്വത്തിലുള്ള കൺസോർഷ്യത്തിൽ നിന്ന് 1,688 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിൽ എബിജി ഷിപ്പ്‌യാർഡിന്റെ മുൻ ചെയർമാൻ ഋഷി അഗർവാളിനെതിരെ സിബിഐ കേസെടുത്തു. എബിജി ഷിപ്പ്‌യാർഡിന്റെ 22,842 കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് കേസിലും അഗർവാളിനെതിരെ നേരത്തെ കേസെടുത്തിരുന്നു.

ഇന്ത്യയിലെ പ്രമുഖ ഡ്രോൺ സ്റ്റാർട്ടപ്പായ ഗരുഡ എയ്‌റോസ്‌പേസ് വ്യാഴാഴ്ച യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുമായി (ഓഹരി വില: 78.05 രൂപ) പങ്കാളിത്തം പ്രഖ്യാപിച്ചു.

ഇഷ്യൂ വിലയായ 65 രൂപയ്‌ക്കെതിരെ 37 ശതമാനത്തിലധികം പ്രീമിയത്തിൽ സാഹ് പോളിമേഴ്‌സ് ഓഹരികൾ ഇന്നലെ തുടക്കം കുറിച്ചു. പിന്നീട് 37.30 ശതമാനം ഉയർന്ന് 89.25 രൂപയിലെത്തി.

ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ വൺ97 കമ്മ്യൂണിക്കേഷൻന്റെ (ഓഹരി വില: 542.25 രൂപ), 3.1 ശതമാനം ഓഹരികൾ ചൈനീസ് കമ്പനിയായ ആലിബാബ വിറ്റു. ഇന്ത്യൻ വിപണിയിൽ നിന്ന് പുറത്തുപോകുന്നതിന്റെ സൂചനയായി റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും, ആലിബാബ ഗ്രൂപ്പ് സ്ഥാപനമായ ആന്റ് ഫിനാൻഷ്യൽ പേടിഎമ്മിലെ തങ്ങളുടെ ഓഹരികൾ 25 ശതമാനം കൈവശം വയ്ക്കുന്നു.

ഒഎൻജിസി ത്രിപുര പവർ കമ്പനി ലിമിറ്റഡ് (OTPC) അസമിൽ 2000 കോടി രൂപ മുതൽമുടക്കിൽ ബാറ്ററി എനർജി സ്റ്റോറേജ് പ്രോജക്ട് വികസിപ്പിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചതായി കമ്പനി അറിയിച്ചു. ഓ എൻ ജി സി (ഓഹരി വില: 146.15 രൂപ), ഗെയിൽ (ഇന്ത്യ) ലിമിറ്റഡ് (ഓഹരി വില: 96.80 രൂപ), ത്രിപുര സർക്കാർ, ഇന്ത്യ ഇൻഫ്രാസ്ട്രക്ചർ ഫണ്ട്-II എന്നിവയുടെ സംയുക്ത സംരംഭമാണ് ഒടിപിസി.

ഐടി കമ്പനിയായ എച്ച്‌സിഎൽ ടെക് (ഓഹരി വില: 1071.65 രൂപ) യുഎസ് ആസ്ഥാനമായുള്ള കളിപ്പാട്ട നിർമാണ കമ്പനിയായ മാറ്റെൽ ഇങ്കിന്റെ ഉടമയിൽ നിന്നും ഡിജിറ്റൽ പരിവർത്തന കരാർ നേടിയതായി കമ്പനി വ്യാഴാഴ്ച അറിയിച്ചു.

സ്വർണം 22 കാരറ്റ്, 1 ഗ്രാം (കൊച്ചി) = 5,140 രൂപ (+10 രൂപ)

യുഎസ് ഡോളർ = 81.30 രൂപ (-38 പൈസ).

ബ്രെന്റ് ക്രൂഡോയില്‍ (ബാരലിന്) 83.88 ഡോളർ (+0.18%)

ബിറ്റ് കോയിൻ = 15,93,765 രൂപ.

ആറ് കറൻസികളുടെ ഗ്രുപ്പിനെതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക -0.06 ശതമാനം താഴ്‌ന്ന് 101.93 ആയി.

Tags:    

Similar News