റബര്‍ ഉല്‍പ്പാദനം ഉയര്‍ന്നു; മഴപ്പേടിയില്‍ കുരുമുളക് കര്‍ഷകര്‍
- റബര്‍ വില ഉയരുമെന്ന് പ്രതീക്ഷ
- ഇയരാതെ ഏലംവില
മധ്യകേരളത്തിലെയും മലബാര്‍ മേഖലയിലെയും റബര്‍ എസ്റ്റേറ്റുകളില്‍ ഉല്‍പ്പാദനം ഉയര്‍ന്നതായി കര്‍ഷകര്‍ വിലയിരുത്തുന്നു. തുലാ മാസം ആദ്യ പകുതിയില്‍ തന്നെ കാര്‍ഷിക മേഖലകള്‍ മഞ്ഞിന്റെ പിടിയിലായതാണ് കാരണം. ശൈത്യകാലത്തിന്റെ വരവും റബര്‍ ഉല്‍പ്പാദനം ഉയര്‍ന്നതും ് ഉല്‍പാദകരെ ഷീറ്റ് സംസ്‌കരണത്തിലേയ്ക്ക് തിരിയാനും പ്രേരിപ്പിക്കുന്നുണ്ട്.
ഒരു വിഭാഗം കര്‍ഷകര്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ലാറ്റക്‌സ് വില്‍പ്പനയ്ക്ക് മുന്‍ തൂക്കം നല്‍കി.
ഇതിനിടയില്‍ ഷീറ്റ് വില കിലോ 150 രൂപയ്ക്ക് മുകളില്‍ ഇടം പിടിച്ചതാണ് കര്‍ഷകരെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇതിനിടയില്‍ നാലാം ഗ്രേഡ് ഷീറ്റ് വില കിലോ 153 രൂപ വരെ കയറി. വിപണി വില ഉയര്‍ത്താന്‍ വ്യവസായികള്‍ ഉത്സാഹിച്ചെങ്കിലും പല അവസരത്തിലും അവരുടെ പ്രതീക്ഷയ്ക്ക് ഒത്ത് റബര്‍ വില്‍പ്പനയ്ക്ക് എത്തിയില്ല.
കൂടുതല്‍ ആകര്‍ഷകമായ വിലയിലേയ്ക്ക് റബര്‍ മാര്‍ക്കറ്റ് ചുവടുവെക്കുമെന്ന പ്രതീക്ഷിയില്‍ പുതിയ ചരക്ക് കരുതല്‍ ശേഖരത്തിലേയ്ക്ക് നീക്കാന്‍ വന്‍കിട തോട്ടങ്ങള്‍ നീക്കം നടത്തുന്നുണ്ട്.
കുരുമുളക് കര്‍ഷകര്‍ തുലാ വര്‍ഷ മേഘങ്ങളുടെ നീക്കം വിലയിരുത്തുകയാണ്. മഴ കനത്താല്‍ മൂത്ത് വിളയും മുന്നേ മുളക് തിരികള്‍ അടര്‍ന്നു വീഴുമെന്ന ഭീതിയിലാണ് വലിയൊരു പങ്ക് കര്‍ഷകരും.
ഉല്‍പ്പന്ന വില ഉയര്‍ന്ന തലത്തില്‍ നീങ്ങുന്നതിനാല്‍ വിളവ് പരമാവധി ഉയര്‍ത്താനുള്ള ശ്രമത്തിലാണ് കേരളത്തിലെ കര്‍ഷകര്‍. ഇതിനിടയില്‍ സ്റ്റോക്കുള്ള മുളക് വില്‍പ്പനയ്ക്ക് ഇറക്കാനും വലിയപങ്ക് കര്‍ഷകര്‍ മുന്നോട്ട് വരുന്നില്ല. അടുത്ത വര്‍ഷം വിളവ് ചുരുങ്ങിയാല്‍ നിരക്ക് ഇനിയും ഉയരുമെന്ന് ചെറുകിട കര്‍ഷകര്‍ക്ക് മാത്രമല്ല, വന്‍കിട തോട്ടങ്ങളും വിലയിരുത്തിയത് ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ ചരക്ക് ക്ഷാമത്തിന് ഇടയാക്കി.
ഇടുക്കിയില്‍ നടന്ന ലേലങ്ങളിലായി ഒരു ലക്ഷം കിലോയ്ക്ക് മുകളില്‍ ഏലക്ക വില്‍പ്പനയ്ക്ക് എത്തി. ഉല്‍പ്പാദന രംഗത്തെ ഉണര്‍വ് മുന്‍ നിര്‍ത്തി കര്‍ഷകരും സ്റ്റോക്കിസ്റ്റുകളും ഏലക്ക വിറ്റഴിക്കാന്‍ നീക്കം നടത്തുന്നുണ്ട്. ലഭ്യത ഉയര്‍ന്നതിനിടയില്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും സുഗന്ധറാണിക്ക് ആവശ്യകാരുണ്ടെങ്കിലും വില ഉയര്‍ത്തി ചരക്ക് സംഭരിക്കുന്നതിന് കാര്യമായ ഉത്സാഹം അവരുടെ ഭാഗത്ത് കണ്ടില്ല. മികച്ചയിനങ്ങള്‍ കിലോ 2870 രൂപയിലും ശരാശരി ഇനങ്ങള്‍ 1584 രൂപയിലും കൈമാറ്റം നടന്നു, കയറ്റുമതിക്കാര്‍ ലേല കേന്ദ്രങ്ങളില്‍ സജീവമാണ്.
രാജ്യാന്തര സ്വര്‍ണ മാര്‍ക്കറ്റിന് ഈ വാരം 2000 ഡോളറിലെ പ്രതിരോധം മറികടക്കാനുള്ള ശ്രമങ്ങള്‍ക്ക് നിക്ഷേപകരുടെ വേണ്ടത്ര പിന്തുണ ഇനിയും ഉറപ്പ് വരുത്താനായില്ല. ന്യൂയോര്‍ക്ക് എക്‌സ്‌ചേഞ്ചില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1994 ഡോളറില്‍ നിന്നും കൂടുതല്‍ മികവിന് അവസരം നല്‍കാതെ ഇടപാടുകാര്‍ ലാഭമെടുപ്പിലേയ്ക്ക് ചുവടു മാറ്റിയത് മൂലം 1971 ഡോളറിലേയ്ക്ക് താഴ്ന്നു. ഇതിനിടയില്‍ പുതിയ നിക്ഷേപകരുടെ വരവ് സ്വര്‍ണത്തെ വീണ്ടും 1984 ഡോളറിലേയ്ക്ക് ഉയര്‍ത്തി. കേരളത്തില്‍ സ്വര്‍ണ വില പവന് 45,440 രൂപ. ഒരു ഗ്രാം സ്വര്‍ണ വില 5665 രൂപ.