കുരുമുളക് വില താഴോട്ട്, കൂപ്പുകുത്തി റബർ

Update: 2024-12-23 12:59 GMT

കൊപ്രയുടെ താങ്ങ് വില ഉയർത്തി നിശ്ചയിച്ച നടപടി നാളികേര മേഖലയിൽ വൻ ആവേശം സൃഷ്ടിച്ചു. നടപ്പ് സീസണിലെ വിലയിലും കൊപ്രയ്ക്ക് ക്വിൻറ്റലിന് 422 രൂപ ഉയർത്തി 11,582 രൂപയാക്കിയ വിവരം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊപ്ര വെളിച്ചെണ്ണ വിലകൾ മുന്നേറാൻ അവസരം ഒരുക്കി. മുഖ്യ വിപണികളിൽ ഇന്ന് കൊപ്ര വില ക്വിൻറ്റലിന് 100 വർദ്ധിച്ചു. പുതിയ സാഹചര്യത്തിൽ അടുത്ത മാസം വിളവെടുപ്പ് തുടങ്ങുന്നതോടെ ഉയർന്ന വിലയ്ക്ക് ചരക്ക് വിറ്റുമാറാൻ അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാർഷിക മേഖല. ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതിനിടയിൽ പ്രദേശിക വിപണികളിൽ പച്ചതേങ്ങ കിലോ 75 രൂപയായി ഉയർന്നു. കൊച്ചിയിൽ വെളിച്ചെണ്ണയ്ക്ക് ക്വിൻറ്റലിന് 100 രൂപ വർദ്ധിച്ചു.

രാജ്യാന്തര മാർക്കറ്റിൽ റബർ വില ഇടിഞ്ഞ വിവരം ഏഷ്യൻ വിപണികളിൽ മ്ലാനത പരത്തി. ബാങ്കോക്കിൽ ഷീറ്റ് വിലക്വിൻറ്റലിന് 20,156 രൂപയിൽ നിന്നും 19,752ലേയ്ക്ക് ഇടിഞ്ഞത് അവസരമാക്കി ഇന്ത്യൻ ടയർ ഭീമൻമാർ സംസ്ഥാനത്തെ വിപണികളിൽ നാലാം ഗ്രേഡിന് 200 രൂപ കുറച്ച് 18,700 രൂപയ്ക്ക് ശേഖരിച്ചു. അനുകൂല കാലാവസ്ഥ തുടരുന്നതിനാൽ ഒട്ടുമിക്ക ഭാഗങ്ങളിലും കർഷകർ റബർ ടാപ്പിങ്ങിന് സജീവം. ലാറ്റക്സ് 11,700 രൂപയിൽ വ്യാപാരംനടന്നു.

അന്തർ സംസ്ഥാന വ്യാപാരികൾ കുരുമുളക് വില ക്വിൻറ്റലിന് 300 രൂപ ഇടിച്ച് 63,300 രൂപയ്ക്ക് ശേഖരിച്ചു. ഹൈറേഞ്ചിൽ നിന്നും മറ്റ് മേഖലകളിൽ നിന്നുമുള്ള നാടൻ ചരക്ക് വരവ് നാമമാത്രമാണ്. അതേസമയം ഇറക്കുമതി മുളക് കലർത്തി വിൽപ്പനയ്ക്ക് ഇറക്കുന്നവർ രംഗത്ത് സജീവമാണ്. വിദേശ കുരുമുളക് പ്രവാഹം മൂലം ആഭ്യന്തര വില തുടർച്ചയായ ആറാം ദിവസമാണ് ഇടിയുന്നത്.

വിദേശ വ്യാപാരികൾക്ക് ഒപ്പം ആഭ്യന്തര വാങ്ങലുകാരും ഏലക്ക സംഭരിക്കാൻ ഉത്സാഹിച്ചു. വാരാന്ത്യം ഇടുക്കിയിൽ നടന്ന ലേലത്തിന് വന്ന 40,720 കിലോഗ്രാം ചരക്ക് പൂർണമായിവിറ്റഴിഞ്ഞു. ശരാശരി ഇനങ്ങൾ കിലോ 2904 രൂപയിൽ കൈമാറ്റം നടന്നു. മികച്ചയിനങ്ങളുടെ വിലകിലോ 3192 രൂപ. അവധി ദിനങ്ങൾ മുന്നിൽ കണ്ടുള്ള ഏലക്ക സംഭരണം പുരോഗിക്കുന്നു.

Tags:    

Similar News