വില ഉയരാതെ റബര്‍; ഏലം കരുതല്‍ ശേഖരത്തിന് ഇടനിലക്കാര്‍

  • താപനില ഉയര്‍ന്നത് റബര്‍ കര്‍ഷകര്‍ക്ക്് തിരിച്ചടിയായി
  • മാര്‍ച്ചിനുശേഷം ഏലംവരവ് കുറയും

Update: 2024-01-04 12:04 GMT

പകലും രാത്രിയും താപനില പതിവിലും ഉയര്‍ന്നത് റബര്‍ കര്‍ഷകരുടെ കണക്ക് കൂട്ടലുകള്‍ തെറ്റിക്കുന്നു. കേരളത്തില്‍ താപനില ഏറ്റവും കുറയുന്ന പുതു വര്‍ഷ വേളയില്‍ പോലും ചൂടിന് കാഠിനമേറിയത് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിയതിനിടയില്‍ പല എസ്റ്റേറ്റുകളിലും റബര്‍ മരങ്ങളില്‍ ഇല പൊഴിച്ചിലും ആരംഭിച്ചു.ഫെബ്രുവരി വരെ ടാപ്പിങിന് അവസരം ലഭിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റതിനിടില്‍ മരങ്ങള്‍ പാല്‍ ചുരത്തുന്നതും കുറച്ചു. ഇലപൊഴിച്ചില്‍ തുടര്‍ന്നാല്‍ മാസത്തിന്റെ രണ്ടാം പകുതിയില്‍ കര്‍ഷകര്‍ റബര്‍ വെട്ടില്‍ നിന്നും പിന്‍തിരിയാം. റബര്‍ ഉല്‍പാദന മേഖല സ്തംഭനത്തിലേയ്ക്ക് നീങ്ങിയെങ്കിലും വ്യവസായികള്‍ നാലാം ഗ്രേഡിന് കിലോ 155 രൂപയില്‍ കൂടിയ വില നല്‍കാന്‍ തയ്യാറായില്ല.

തേക്കടിയില്‍ നടന്ന ഏലക്ക ലേലത്തില്‍ വിവിധയിനങ്ങളുടെ വിലയെ ഒരു നിശ്ചിത റേഞ്ചില്‍ പിടിച്ചു നിര്‍ത്തി വാങ്ങലുകാര്‍ ചരക്ക് സംഭരിക്കുകയാണ്. ആഭ്യന്തര വിദേശ വാങ്ങലുകാര്‍ ഡിസംബറിലെ പോലെ ആവേശത്തോടെയാണ് പുതു വര്‍ഷത്തിലും ലേല കേന്ദ്രങ്ങളെ സമീപിച്ചത്. വിളവെടുപ്പ് അവസാനിക്കും മുന്നേ പരമാവധി ഏലക്ക കരുതല്‍ ശേഖരത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ഇടനിലക്കാരും. മാര്‍ച്ചിന് ശേഷം ഉല്‍പാദന മേഖലയില്‍ നിന്നുള്ള ഏലക്ക് വരവ് ചുരുങ്ങിയാല്‍ വില പുതിയ ഉയരങ്ങളിലേയ്ക്ക് സഞ്ചരിക്കാം. തേക്കടി ലേലത്തില്‍ ശരാശരി ഇനങ്ങള്‍ കിലോ 1664 രൂപയിലും മികച്ചയിനങ്ങള്‍ 2337 രൂപയിലും കൈമാറി. മൊത്തം 76,509 കിലോ ഏലക്ക വില്‍പ്പനയ്ക്ക് വന്നതില്‍ 74,780 കിലോയും വിറ്റഴിഞ്ഞു.

തെക്കന്‍ കേരളത്തില്‍ മൂപ്പ് കുറഞ്ഞ കുരുമുളകിന്റെ ലഭ്യത കുറഞ്ഞു. അണ്‍ ഗാര്‍ബിള്‍ഡ് മുളക് വില ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ മൂപ്പ് കുറഞ്ഞ മുളക് മണികള്‍ വിളവെടുക്കുന്നത് ഒരു വിഭാഗം കര്‍ഷകര്‍ നിയന്ത്രിക്കുന്നതായി കാര്‍ഷിക മേഖല. തെക്കന്‍ കേരളത്തില്‍ വിളയുന്ന കുരുമുളകില്‍ എണ്ണയുടെ അംശം ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ മൂപ്പ് എത്തിയ ശേഷം വിളവെടുത്താലും മെച്ചപ്പെട്ട വില ഉറപ്പ് വരുത്താനാവും. അണ്‍ ഗാര്‍ബിള്‍ഡ് കുരുമുളക് വില 59,700 രൂപ.


Full View


Tags:    

Similar News