പച്ച തേങ്ങക്ക് പുറകേ ദക്ഷിണേന്ത്യക്കാര്‍; വരവ് കുറഞ്ഞ് കുരുമുളക്
- ഉത്തരേന്ത്യന്‍ സുഗന്ധവ്യഞ്ജന വിപണികള്‍ നവരാത്രിക്ക് ശേഷം സജീവമാകും
നവരാത്രി വില്‍പ്പനയുടെ മികവിലാണ് ദക്ഷിണേന്ത്യന്‍ നാളികേര വിപണികള്‍. കേരളം, തമിഴ്നാട്, ആന്ധ്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ പച്ചതേങ്ങയ്ക്ക് പതിവിലും ഡിമാന്റ് അനുഭവപ്പെട്ടത് വിലക്കയറ്റ സാധ്യതകള്‍ക്ക് ശക്തിപകരുമെന്ന കണക്ക് കൂട്ടലിലാണ് വന്‍കിട തോട്ടങ്ങള്‍. തമിഴ്നാട്ടിലെ നാളികേര ഉല്‍പാദകര്‍ കൈവശമുള്ള തേങ്ങയും കൊപ്രയും പിന്നിട്ട ഏതാനും ദിവസങ്ങളായി കരുതലോടെയാണ് വിപണിയില്‍ ഇറക്കുന്നത്. ഇതിനിടയില്‍ കാങ്കയം മാര്‍ക്കറ്റില്‍ കൊപ്ര പ്രവാഹം ചുരുങ്ങിയ കണ്ട് വന്‍കിട മില്ലുകാര്‍ വില ഉയര്‍ത്തി ചരക്ക് സംഭരിക്കാന്‍ ഉത്സാഹിച്ചു. ഉത്സവ ദിനങ്ങളായതിനാല്‍ വെളിച്ചെണ്ണയ്ക്ക് ആവശ്യം വര്‍ധിച്ചതും കൊപ്രയുടെ മുന്നേറ്റത്തിന് അവസരം നല്‍കി. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ഉയര്‍ന്ന അളവില്‍ എണ്ണ കേരളത്തില്‍ എത്തുന്നുണ്ട്. പിന്നിട്ട ഒരാഴ്ച്ചയായി സംസ്ഥാനത്തെ ചെറുകിട മില്ലുകളില്‍ നിന്നും ഉയര്‍ന്ന അളവില്‍ വെളിച്ചെണ്ണ വില്‍പ്പനയ്ക്ക് ഇറക്കി. തമിഴ്നാട് എണ്ണയെ അപേക്ഷിച്ച് ചെറുകിട മില്ലുകളില്‍ നിന്നുള്ള വെളിച്ചെണ്ണ വില കിലോ 200 രൂപയ്ക്ക് മുകളിലാണ്, ചില ബഹുരാഷ്ട്ര കമ്പനികള്‍ ലിറ്ററിന് 120 രൂപയ്ക്കും വെളിച്ചെണ്ണ സ്റ്റോക്ക് വിറ്റുമാറുകയാണ്.
സജീവമാകാതെ ഉത്തരേന്ത്യന്‍ വിപണി
ഹൈറേഞ്ചില്‍ നിന്നും മറ്റ് ഭാഗങ്ങളില്‍ നിന്നുമുള്ള കുരുമുളക് വരവ് ടെര്‍മിനല്‍ മാര്‍ക്കറ്റില്‍ ചുരുങ്ങിയത് വാങ്ങലുകാരെ അസ്വസ്ഥരാക്കുന്നു. അന്തര്‍സംസ്ഥാന ഇടപാടുകാരില്‍ വലിയപങ്ക് നവരാത്രി ആഘോഷങ്ങള്‍ക്കായി രംഗം വിട്ട സാഹചര്യത്തില്‍ ഇനി അടുത്ത വാരം മദ്ധ്യതോടെ പുതിയ ഓര്‍ഡറുകള്‍ക്ക് സാധ്യത കാണുന്നുള്ളു. താല്‍ക്കാലികമായി മുളക് വിലയില്‍ കാര്യമായ ചാഞ്ചാട്ടങ്ങള്‍ക്ക് ഇടയില്ലാത്തതിനാല്‍ സ്റ്റോക്കിസ്റ്റുകളും പിന്‍വലിയാന്‍ സാധ്യതയുണ്ട്. ഉത്തരേന്ത്യന്‍ സുഗന്ധവ്യഞ്ജന വിപണികള്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ശേഷമേ വീണ്ടും സജീവമാകു.
വിലക്കയറ്റം ഉന്നമിട്ട് ഏലം ഉല്‍പാദകര്‍
ഏലക്കയുടെ വിലക്കയറ്റത്തിന് ശക്തി പകരാന്‍ ഉല്‍പാദകര്‍ സംഘടിതരായി ചരക്ക് നീക്കം നിയന്ത്രിച്ചു. ശാന്തന്‍പാറയില്‍ നടന്ന ഏലക്ക ലേലത്തില്‍ ആകെ 33,520 കിലോ ചരക്ക് വില്‍പ്പനയ്ക്ക് വന്നതില്‍ 31,685 കിലോയും ഇടപാടുകാര്‍ കൊത്തി പെറുക്കി. ശരാശരി ഇനങ്ങള്‍ കിലോ 1544 രൂപയിലും മികച്ചയിനങ്ങള്‍ 2390 രൂപയിലും കൈമാറി.