കുരുമുളക് വില തുടര്‍ച്ചയായ ദിവസങ്ങളില്‍ ഇടിഞ്ഞത് സ്റ്റോക്കിസ്റ്റുകളെ പരിഭ്രാന്തിലാക്കി. സീസണ്‍ അടുത്തതിനാല്‍ ഉത്തരേന്ത്യന്‍ ഡിമാന്റ് മങ്ങിയെന്ന് ഒരു വിഭാഗം വ്യാപാരികള്‍ അവകാശപ്പെടുമ്പോഴും വിപണിയില്‍ ഉല്‍പ്പന്ന വരവ് കുറഞ്ഞ അളവില്‍ മാത്രമാണ്. വില ഇടിച്ച് ചരക്ക് കൈക്കലാക്കാന്‍ അന്തര്‍സംസ്ഥാന വാങ്ങലുകാര്‍ നീക്കം നടത്തിയതിന്റെ ഭാഗമായി ചുരുങ്ങിയ ദിവസങ്ങളില്‍ മുളക് വില ക്വിന്റ്റലിന് 700 രൂപ ഇടിഞ്ഞങ്കിലും ചരക്ക് ഇറക്കാന്‍ കര്‍ഷകര്‍ ഉത്സാഹം കാണിച്ചില്ല. അതേ സമയം കൊച്ചി വിലയിലും താഴ്ന്ന നിരക്കില്‍ ഇറക്കുമതി മുളക് ഉത്തരേന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് എത്തിയ വിവരം സ്റ്റോക്കിസ്റ്റുകളുടെ ഉറക്കം കെടുത്തി. ഇടനിലക്കാര്‍ പലരും ഓഗസ്റ്റ് സെപ്റ്റംബര്‍ കാലയളവിലെ വിക്കയറ്റം കണ്ട് ചരക്ക് വാങ്ങി കൂട്ടിയവരാണ്. കൊച്ചിയില്‍ കുരുമുളക് വില 58,700 രൂപ. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ടണ്ണിന് 7450 ഡോളറായി താഴ്ന്നു.
തമിഴ്‌നാട്ടിലെ വന്‍കിട വ്യവസായികള്‍ വില ഉയര്‍ത്തി കൊപ്ര സംഭരിക്കാന്‍ രംഗത്ത് ഇറങ്ങി. ക്രിസ്തുമസ് വേളയില്‍ പ്രദേശിക തലത്തില്‍ വെളിച്ചെണ്ണ വില്‍പ്പന ഉയരുമെന്ന നിഗനമത്തിലാണ് മില്ലുകാര്‍ കൂടിയ വിലയ്ക്ക് കൊപ്ര ശേഖരിക്കാന്‍ ഇറങ്ങിയത്. കേരളത്തിലേയ്ക്ക് കനത്തതോതില്‍ എണ്ണ കയറ്റിവിടാനുള്ള അയല്‍ സംസ്ഥാനത്തെ വ്യവസായികളുടെ നീക്കത്തിനിടയിലും ഇവിടെ വില്‍പ്പനതോത് ഉയരുന്നില്ലെന്നാണ് വ്യാപാരികളുടെ പക്ഷം. കാങ്കയത്തെ എണ്ണ കമ്പനികള്‍ കൊപ്ര വില 8525 രൂപയായി അവിടെ ഉയര്‍ത്തി. അതേ സമയം കൊച്ചിയില്‍ നിരക്ക് 8800 ല്‍ നീങ്ങുന്ന സാഹചര്യത്തില്‍ വില വീണ്ടും വര്‍ധിച്ചാല്‍ പാം ഓയില്‍, സൂര്യകാന്തി എണ്ണകള്‍ക്ക് ഡിമാന്റ്് ഉയരും. ഇറക്കുമതി എണ്ണകളുടെ താഴ്ന്ന വിലയാണ് അവയുടെ വില്‍പ്പനതോത് ഉയര്‍ത്തുന്നത്.
രാജ്യാന്തര റബര്‍ വില രാവിലെ ഉയര്‍ന്നത് കണ്ട് ടയര്‍ കമ്പനികളും ചെറുകിട വ്യവസായികളും സംസ്ഥാനത്തെ വിപണികളിലേയ്ക്ക ശ്രദ്ധതിരിച്ചു. ഒട്ടുപാല്‍ ലഭ്യത ഉറപ്പ് വരുത്താന്‍ ഉത്തരേന്ത്യന്‍ ചെറുകിട വ്യവസായികള്‍ നടത്തിയ നീക്കത്തെ തുടര്‍ന്ന് നിരക്ക് 200 രൂപ വര്‍ധിച്ച് 9900 രൂപയായി. അതേ സമയം ലാറ്റക്‌സ്, റബര്‍ ഷീറ്റ് വിലകളില്‍ കാര്യമായ മാറ്റമില്ല. മഴ മാറിയതോടെ സംസ്ഥാനത്തിന്റെ ഒട്ടുമിക്ക ഭാഗങ്ങളിലും റബര്‍ ടാപ്പിങ് വീണ്ടും സജീവമായി.